ധുരന്ധർ: ദി റിവഞ്ചിന്‍റെ ദൈർഘ്യം മൂന്ന് മണിക്കൂറിലധികം; ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായിരിക്കുമെന്ന് ആരാധകർ
text_fieldsരൺവീർ സിങ് ധുരന്ധറിൽ
ബോക്സ് ഓഫിസിൽ ചരിത്രം തീർത്ത് ആഗോള തലത്തിൽ ആരാധകരെ സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് ധുരന്ധർ. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ധുരന്ധർ രണ്ടാം ഭാഗം മാർച്ച് 19ന് തിയറ്ററുകളിൽ എത്തും. 2025 അവസാനത്തോടെ തിയറ്ററുകളിലെത്തിയ ധുരന്ധർ എല്ലാ റെക്കോഡുകളും മറികടന്നാണ് 2026ലേക്ക് എത്തിയത്. ധുരന്ധർ രണ്ടാം ഭാഗം ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സി.ബി.എഫ്.സി വെബ്‌സൈറ്റ് പ്രകാരം ആദിത്യ ധർ സംവിധാനം ചെയ്യുന്ന ധുരന്ധർ: ദി റിവഞ്ച് എന്ന രണ്ടാം ഭാഗത്തിന്റെ റൺടൈം മൂന്ന് മണിക്കൂറും 28 മിനിറ്റും ആണ്. ധുരന്ധർ ആദ്യ ഭാഗം മൂന്ന് മണിക്കൂറും 35 മിനിറ്റും നീണ്ടുനിൽക്കുന്നതായിരുന്നു. ഇതിനെക്കാൾ ഏഴ് മിനിറ്റ് കുറവാണ് രണ്ടാം ഭാഗം. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ നാല് മിനിറ്റ് ദൈർഘ്യമുള്ള പോസ്റ്റ്-ക്രെഡിറ്റ് രംഗവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ധുരന്ധർ 2025 ഡിസംബർ അഞ്ചിനാണ് തിയറ്ററുകളിൽ എത്തിയത്. 2025ലെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം ലോകമെമ്പാടുമായി 1300 കോടിയിലധികം രൂപയാണ് കലക്ട് ചെയ്തത്. പാകിസ്താൻ പശ്ചാത്തലമാക്കി ഒരുക്കിയ ഈ സ്പൈ ത്രില്ലറിൽ, ഭീകരവാദ ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യൻ ചാരനായാണ് രൺവീർ സിങ് എത്തിയത്. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രം അടുത്തിടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്തിരുന്നു. ധുരന്ധർ അവിടെയും തരംഗം സൃഷ്ടിച്ചു. പാകിസ്താനിലും ചിത്രം ട്രെൻഡിങ്ങിലാണ്.
തിയറ്റർ റിലീസിന് ശേഷം മേയ് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ്ങിനായി എത്തുമെന്നാണ് റിപ്പോർട്ട്. ഇത്തവണ സിനിമയുടെ സംഗീത അവകാശങ്ങളും മാറിയിട്ടുണ്ട്. ആദ്യ ഭാഗത്തിന്റെ സൗണ്ട് ട്രാക്ക് പുറത്തിറക്കിയത് സരിഗമയായിരുന്നു. എന്നാൽ ധുരന്ധർ 2ന്റെ സംഗീത അവകാശം ടി-സീരീസിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

