കാത്തിരിപ്പിന് അവസാനം; ‘ധ്രുവനച്ചത്തിരം’ റിലീസ് തീയതി പുറത്ത്
text_fieldsപ്രഖ്യാപനം മുതൽ സിനിമ ലോകത്ത് ഏറെ ചർച്ചയായ ചിത്രമാണ് ഗൗതം മേനോൻ-വിക്രം കൂട്ടുകെട്ടിന്റെ ധ്രുവനച്ചത്തിരം. വർഷങ്ങൾക്ക് മുമ്പ് ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം ഇതുവരെ തിയറ്ററുകളിലെത്തിയിട്ടില്ല. 2023ൽ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെച്ചു. ഇപ്പോൾ പുതിയ റിലീസ് തീയതി പുറത്തുവന്നതിനെ കുറിച്ചുള്ള ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്.
ചിത്രം മെയ് ഒന്നിന് പുറത്തിറങ്ങുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉടൻ തന്നെ അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ. ധ്രുവനച്ചത്തിരം സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെന്നാണ് വിവരം. 11 പേര് അടങ്ങുന്ന അണ്ടര്‍ കവര്‍ ഏജന്‍റ് സംഘത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
സൂര്യയെ നായകനാക്കി ആദ്യം 2013 ല്‍ ആലോചിച്ച ധ്രുവനച്ചത്തിരം പിന്നാലെ ഉപേക്ഷിക്കപ്പെട്ടു. 2015ല്‍ പല താരങ്ങളെയും നോക്കിയ ശേഷം അവസാനം വിക്രമിനെ ഉറപ്പിച്ചു. ഗൗതം മേനോന്‍ തന്നെ നിർമിക്കുന്ന ചിത്രം2016ല്‍ ചിത്രീകരണം തുടങ്ങിയിട്ടും സാമ്പത്തിക പ്രതിസന്ധികള്‍ മൂലം പലതവണ മുടങ്ങുകയായിരുന്നു.
യുദ്ധ കാണ്ഡം എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഭാഗം ആണ് തിയറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുന്നത്. റിതു വർമ, രാധാകൃഷ്ണന്‍ പാര്‍ഥിപന്‍, ആര്‍. രാധിക ശരത്‍കുമാര്‍, സിമ്രാന്‍, വിനായകന്‍, ദിവ്യ ദര്‍ശിനി, മുന്ന സൈമണ്‍, വംശി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണന്‍, മായ എസ്. കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

