'ധീ'; സംസ്കൃതഭാഷയിലെ ആദ്യ സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമയുമായി പപ്പറ്റിക്ക മീഡിയ
text_fieldsപൂർണമായും സംസ്കൃത ഭാഷയിൽ, ഇന്ത്യയിൽ ആദ്യമായി നിർമിക്കുന്ന സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമയാണ് 'ധീ'. ആഗോളതലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത അനിമേഷൻ സിനിമയായ 'പുണ്യകോടി'ക്കു ശേഷം പപ്പറ്റിക്ക മീഡിയ നിർമിക്കുന്ന സിനിമയാണ് ധീ. ഏറ്റവും മികച്ച അനിമേഷൻ സിനിമകൾക്കു ലഭിക്കുന്ന എ.എൻ.എൻ അവാർഡുകൾ പുണ്യകോടി നേടിയിട്ടുണ്ട്.
2020ൽ നെറ്റ്ഫ്ളിക്സിൽ റിലീസായ പുണ്യകോടിയുടെ വിജയം നൽകിയ അംഗീകാരങ്ങളിലൂടെയും പ്രേക്ഷക പിന്തുണയിലൂടെയും ആഗോള പ്രശസ്തി നേടിയ രവിശങ്കർ വെങ്കിടേശ്വരനാണ് ധീ സംവിധാനം ചെയ്യുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത അണിയറയിൽ പ്രവർത്തിക്കുന്നവരെല്ലാം മലയാളികളാണന്നുള്ളതാണ്.
ദീർഘനാളത്തെ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം ആഗോള നിലവാരത്തിലുള്ള ഏറ്റവും നൂതനമായ അനിമേഷൻ സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷൻ ടീമും സിനിമക്ക് പിന്നിൽ അണിനിരക്കുന്നു. ഇൻഫോസിസിലെ മുൻ ഉദ്യേഗസ്ഥനായിരുന്ന രവിശങ്കർ, മീഡിയ, അനിമേഷൻ മേഖലകളിലെ തന്‍റെ മുപ്പത് വർഷത്തെ അനുഭവ സമ്പത്ത് ഈ സിനിമക്കായി ഉപയോഗിക്കുന്നു.
ലോകോത്തര നിലവാരത്തിലുള്ള വിദഗ്ദ്ധ ടെക്നീഷ്യന്മാരുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ തനതായ സംസ്കാരവും കലാരീതികളും അനിമേഷന്‍റെ സഹായത്തോടെ ആഗോള തലത്തിലെത്തിക്കുക എന്ന എക ലക്ഷ്യത്തോടെ വിജയകരമായി മുന്നോട്ടു പോകുന്ന ഇന്ത്യയിലെ മുൻനിര അനിമേഷൻ സ്റ്റുഡിയോകളിൽ ഒന്നാണ് പപ്പറ്റിക്ക മീഡിയ.
ചിത്രത്തിന്‍റെ പി.ആർ.ഒ - അജയ് തുണ്ടത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

