ധര്‍മ പ്രൊഡക്ഷന്‍സ്, മൈത്രി മൂവി മേക്കേഴ്‌സ്... 'ചത്താ പച്ച'ക്കായി അണിനിരക്കുന്നത് വമ്പന്‍ ബാനറുകള്‍
text_fieldsറീൽ വേൾഡ് എന്റർടൈൻമെന്റിന്റെ 'ചത്താ പച്ച: ദ റിംഗ് ഓഫ് റൗഡീസ്' ഡിസ്ട്രിബ്യൂഷനായി ധർമ പ്രൊഡക്ഷൻസ്, മൈത്രി മൂവി മക്കേഴ്‌സ്, വേഫെയറർ ഫിലിംസ്, പി.വി.ആർ ഐനോക്സ്, ടി-സീരീസ് എന്നിവർ കൈകോർക്കുന്നു. ഇന്ത്യയിലെ മുൻനിര ബാനറുകളും വിതരണ സ്ഥാപനങ്ങളും ചേർന്ന് പിന്തുണക്കുന്ന ഈ ചിത്രം മലയാള സിനിമക്ക് പുതിയ നാഴികക്കല്ലായിരിക്കും എന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ അന്താരാഷ്ട്ര റിലീസ് കൈകാര്യം ചെയ്യുന്നത് ദി പ്ലോട്ട് പിക്ചേഴ്സാണ്.
ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറും കൂടെയായ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ് & രമേശ് എസ് രാമകൃഷ്ണൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ അധ്വൈത് നായർ ആണ്. റെസ്ലിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചത്താ പച്ചയുടെ ടീസർ പുറത്ത് വന്നതോടുകൂടി ചിത്രം സോഷ്യൽ മീഡിയയിൽ വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ ഒരേസമയം പുറത്തിറങ്ങിയ ടീസർ മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഇപ്പോഴിതാ ഭാഷയുടെ അതിർ വരമ്പുകൾ മറികടന്ന് ഇന്ത്യൻ സിനിമാ ലോകത്തെ മുഴുവൻ ആവേശത്തിലാഴ്ത്തി മലയാള സിനിമയുടെ സ്കെയിലിനെതന്നെ പുനർനിർവചിക്കുന്ന ഒരു ദൃശ്യോത്സവമായി വളർന്നിരിക്കുകയാണ് ചത്താ പച്ച.
മലയാളത്തിലെ മികച്ച നിർമാണ കമ്പനികളിൽ ഒന്നായ ദുൽക്കർ സൽമാന്റെ വേഫെയറർ ഫിലിംസ് ആണ് കേരളത്തിൽ ചത്താ പച്ചയുടെ റിലീസിന് നേതൃത്വം വഹിക്കുന്നത്. തമിഴ്നാട്ടിലെയും കർണാടകയിലെയും തിയറ്ററുകളിൽ ചിത്രം എത്തിക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് ഡിസ്ട്രിബ്യൂട്ടർ ആയ പി.വി.ആർ ഐനോക്സ് പിക്ചേഴ്സ് ആണ്. ആന്ധ്രയിലും തെലുങ്കാനയിലും 'പുഷ്പ' സിനിമയുടെ പിന്നിലെ മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം ഡിസ്ട്രിബ്യൂട്ട് ചെയ്യാൻ ഒരുങ്ങുന്നത്. ഇതോടൊപ്പം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷനിലൊന്നായ കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ആണ് ചത്താ പച്ചയെ നോർത്ത് ഇന്ത്യയിലെ തിയറ്ററുകളിൽ എത്തിക്കുന്നത്. മലയാള സിനിമയുമായുള്ള ധർമ പ്രൊഡക്‌ഷൻസിന്റെ ആദ്യ പങ്കാളിത്തം കൂടിയാണ് ഇത്. പ്ലോട്ട് പിക്ചേഴ്സ് ചിത്രം ആഗോള തലത്തിൽ നൂറിലധികം രാജ്യങ്ങളിൽ എത്തിക്കുന്നതോടെ ചത്താ പച്ചയുടെ യാത്ര അതിർത്തികൾ കടന്നുള്ള പ്രേക്ഷകാസ്വാദനതിന് വഴിയൊരുക്കും.
മലയാള സിനിമയിൽ ആദ്യമായി ശങ്കർ - എഹ്സാൻ - ലോയ് രംഗപ്രവേശനം ചെയ്യുന്നതും പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു ഹൈലൈറ്റാണ്. വമ്പൻ ഡിസ്ട്രിബ്യൂട്ടോഴ്‌സിനോടൊപ്പം ചിത്രത്തിന്റെ സംഗീത അവകാശം നേടിയിരിക്കുന്നത് ഇന്ത്യയിലെ മ്യൂസിക്കൽ പവർഹൗസായ ടീ സീരീസ് ആണ്. ചിത്രം സംഗീത പരമായും ഒരുപാട് പ്രതീക്ഷകൾക്ക് വഴിയൊരുക്കുന്നുണ്ട്.
അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ആനന്ദ് സി ചന്ദ്രന്റെ സിനിമാറ്റോഗ്രാഫി, ജോമോൻ ടി. ജോണിന്റെയും സുധീപ് എളമോന്റെയും അഡിഷണൽ സിനിമാറ്റോഗ്രഫി, റോനെക്‌സ് സേവ്യറിന്റെ മേക്കപ്പ്, മെൽവി ജെയുടെ വേഷരൂപകല്പന, സനൂപ് തയ്ക്കൂടത്തിന്റെ സ്ക്രീൻപ്ലേ , കലൈ കിങ്സൺന്റെ ആക്ഷൻ കൊറിയോഗ്രാഫി, വിനായക് ശശികുമാറിന്റെ ഗാനരചന, മുജീബ് മജീദിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ, പ്രവീൺ പ്രഭാകറിന്റെ എഡിറ്റിങ് എന്നിങ്ങനെ മികച്ച ഒരു ടെക്നിക്കൽ ടീം തന്നെ ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുമ്പോൾ മികച്ച ദൃശ്യവിരുന്ന് തന്നെയായിരിക്കും ചത്താ പച്ച പ്രേക്ഷകർക്ക് സമ്മാനിക്കാൻ പോകുന്നത്.
ഇത്രയും ശക്തമായ കൂട്ടുകെട്ടുകളിലൂടെ എല്ലാ ഭാഷകളിലും ചർച്ച ചെയ്യപ്പെടുന്ന അനൗൺസ്മെന്റുകളുമായി മലയാള സിനിമയെ പാൻ ഇന്ത്യൻ അരങ്ങിലെ മുൻ നിരയിൽ തന്നെ കൊണ്ടുപോകാൻ കെല്പുള്ള ഒരു മലയാള ചിത്രം ആകുകയാണ് ചത്താ പച്ച. ഇനിയും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന അനൗൺസ്മെന്റുകളാണ് വരാനിരിക്കുന്നത്. 2026 ജനുവരിയിൽ റിലീസിനായി ചിത്രം തയ്യാറെടുക്കുമ്പോൾ മലയാള സിനിമക്ക് പുതിയ വർഷത്തെ ഏറ്റവും എനർജറ്റിക് ആയ തുടക്കം നൽകുന്ന സിനിമയാകും എന്നത് ഉറപ്പാണ്. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലൂടെ വേഗത്തിൽ മുന്നേറുന്ന ഈ ചിത്രം, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ തിയറ്ററുകളിലേക്ക് എത്തുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

