ധനുഷ് സാറുമായി വീണ്ടും, കർണനെ ആഘോഷിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാവർക്കും നന്ദി
text_fieldsഎഴുത്തിലും സംവിധാനത്തിലും മാരി സെൽവരാജ് സിനിമകൾ എന്നും സംസാരവിഷയമാകാറുണ്ട്. പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ തുടങ്ങിയവ മാരിയുടെ ഹിറ്റ് ചിത്രങ്ങളാണ്. ഇപ്പോഴിതാ ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ അപ്ഡേറ്റുകളാണ് ശ്രദ്ധ നേടുന്നത്. ഡി 56 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
കർണ്ണൻ എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം മാരി സെൽവരാജും ധനുഷും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. കർണ്ണന്റെ നാലാം വർഷത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം. 'ഈ വർഷങ്ങളിലുടനീളം കർണനെ ആഘോഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. കൂടാതെ, എന്‍റെ അടുത്ത പ്രോജക്റ്റ് ഒരിക്കൽ കൂടി എന്‍റെ പ്രിയപ്പെട്ടവരോടൊപ്പം ആണെന്ന് പറയുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഒരിക്കൽ കൂടി ധനുഷ് സാറുമായി കൈകോർക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്' എന്നാണ് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് മാരി സെൽവരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വേൽസ് ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ഇഷാരി കെ.ഗണേഷ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവന്നിട്ടില്ല. അതേസമയം, ധ്രുവ് വിക്രമിനെ നായകനാക്കി ഒരുങ്ങുന്ന ബൈസൺ ആണ് ഇനി പുറത്തിറങ്ങാനുള്ള മാരി സെൽവരാജ് ചിത്രം. സ്പോർട്സ് ഡ്രാമ ചിത്രമാണ് ബൈസൺ എന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

