അസുരനിലൂടെ ധനുഷിന് വീണ്ടും നേട്ടം; ബ്രിക്സ് ചലച്ചിത്രമേളയിൽ മികച്ച നടൻ
text_fieldsപനാജി: 52ാമത് രാജ്യാന്തര ചലച്ചിത്രമേളയോട് (ഐ.എഫ്.എഫ്.ഐ) അനുബന്ധിച്ച് നടത്തിയ ബ്രിക്സ് ചലച്ചിത്രമേളയിൽ മികച്ച നടനായി ധനുഷ് തെരഞ്ഞെടുക്കപ്പെട്ടു. വെട്രിമാരന്റെ 'അസുരൻ' എന്ന തമിഴ് ചിത്രത്തിലെ മിന്നുന്ന പ്രകടനമാണ് ധനുഷിന് പുരസ്കാരം നേടിക്കൊടുത്തത്.
അസുരനിലൂടെ ധനുഷ് മികച്ച നടനുള്ള 67ാമത് ദേശീയ ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഓൺ വീൽസ് (ബ്രസീൽ) എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ലാറ ബോൾഡോറിനി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ചിത്രത്തിനുള്ള പുരസ്കാരം ബറാകതും (ദക്ഷിണാഫ്രിക്ക) ദ സൺ അബവ് മി നെവർ സെറ്റ്സും (റഷ്യ) സ്വന്തമാക്കി. 'എ ലിറ്റിൽ റെഡ് ഫ്ലവർ' എന്ന ചൈനീസ് ചിത്രം സംവിധാനം ചെയ്ത യാൻ ഹാൻ പ്രത്യേക പരാമർശം നേടി.
ഇതാദ്യമായാണ് രാജ്യാന്തര ചലച്ചിത്രമേളയോടൊപ്പം ബ്രിക്സ് ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ചിത്രങ്ങളാണ് മേളയിലുണ്ടാവുക.

