മുംബൈയിൽ ലഭ്യമായിരുന്ന എല്ലാ ജനറേറ്ററുകളും അന്ന് ‘ദേവദാസി’ലെ ഒരു രംഗം ചിത്രീകരിക്കാൻ ഉപയോഗിച്ചു; സഞ്ചയ് ലീല ബൻസാലിയുടെ ചിത്രീകരണത്തെകുറിച്ച് ഛായാഗ്രാഹകൻ
text_fields2002ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമാണ് സഞ്ചയ് ലീല ബൻസാലിയുടെ ദേവദാസ്. ഷാരൂഖ് ഖാൻ, മാധുരി ധീക്ഷിത്, ഐശ്വര്യ റായ് തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫിസ് ഹിറ്റായിരുന്നു. അതിമനോഹരമായി തയാറാക്കിയ സിനിമയുടെ സെറ്റുകൾ പ്രേക്ഷക ശ്രദ്ധ നേടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. ദൃശ്യ സൗന്ദര്യം കൊണ്ടും ലൈറ്റിങ് ഡിസൈനിങ് കൊണ്ടും മറ്റു ചിത്രങ്ങളിൽ നിന്നും ദേവദാസ് വേറിട്ടുനിന്നു.
മുംബൈയിൽ ലഭ്യമായിരുന്ന എല്ലാ ജനറേറ്ററുകളും അന്ന് ദേവദാസിലെ ഒരു രംഗം ചിത്രീകരിക്കാൻ ഉപയോഗിച്ചുവെന്ന് പ്രശസ്ത ഛായാഗ്രാഹകൻ ബിനോദ് പ്രധാൻ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്‍റെ ടീമിന്‍റെ കൂടെ സഞ്ചയ് ലീല ബൻസാലി സെറ്റ് സന്ദർശിച്ചതിന്‍റെ ഓർമകളും അദ്ദേഹം പങ്കുവച്ചു. ആ സെറ്റ് നിർമിച്ചതിനുശേഷമാണ് ഞാൻ എന്റെ സഹായികളോടൊപ്പം അവിടെ എത്തുന്നത്. സെറ്റ് കാണുന്നതിനായി അവിടെയുള്ള തടാകത്തിന് ചുറ്റും എനിക്ക് പോകേണ്ടിവന്നു. കാരണം ഒരു സ്ഥലത്ത് മാത്രമായിരുന്നില്ല സെറ്റിട്ടിരുന്നത്. അത് അത്ര വലുതായിരുന്നു. ഞാൻ ഇവിടെ ഇരിക്കുകയാണെങ്കിൽ എനിക്ക് എതിർവശത്തുള്ള സെറ്റ് കാണാൻ കഴിയും. അങ്ങനെ ഞാനും എന്റെ സഹായിയും ഒരു റൗണ്ട് കഴിഞ്ഞ് തിരിച്ചുവരും. എവിടെനിന്നും തുടങ്ങണമെന്ന് എനിക്കറിയില്ലായിരുന്നു.
അതുകൊണ്ട് നമുക്ക് ഒരു 100 വാട്ടിന്‍റെ ബൽബ് ടവറിന്‍റെ ഉള്ളിൽ സ്ഥാപിക്കാമെന്ന് ഞാൻ പറഞ്ഞു. ആ ഒരു ബൾബിൽ നിന്നും തുടങ്ങി പിന്നീട് അതിന്‍റെ എണ്ണം കൂടി അവസാനം മുബൈയിൽ ലഭ്യമായ എല്ലാ ജനറേറ്ററുകളും ഞാൻ ഉപയോഗിച്ചു. അത് ഒരു കല്ല്യാണ സീസൺ ആയിരുന്നോ എന്ന് ഞാനിപ്പോൾ ഓർക്കുന്നില്ല. അന്തരിച്ച കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ നിതിൻ ചന്ദ്രകാന്ത് ദേശായിക്ക് ജനറേറ്ററുകൾ സ്ഥാപിക്കാൻവേണ്ടി മാത്രം കൂടുതൽ സ്ഥലം തയാറാക്കേണ്ടിവന്നിരുന്നു. എനിക്ക് ജനറേറ്ററുകളുടെ എണ്ണം ഓർമയില്ല. ഒരുപക്ഷേ 120 എണ്ണമെങ്കിലുമുണ്ടാകും.
പ്രശ്നം ജനറേറ്ററുകൾ ലഭിക്കുന്നത് മാത്രമായിരുന്നില്ല. അവ എവിടെ സ്ഥാപിക്കും എന്നതുകൂടി ആയിരുന്നു. അവ സ്ക്രീനിൽ ഒരിക്കലും പ്രത്യക്ഷപ്പെടാനും പാടില്ല. അതിനാൽ തന്നെ അത്തരത്തിലൊരു സ്ഥലം ആവശ്യമായിരുന്നെന്നും ബിനോദ് പ്രധാൻ പറഞ്ഞു. മറ്റു സ്ഥലങ്ങളിൽ നിതിന് വേറെയും സ്ഥലം ഏറ്റെടുക്കേണ്ടി വന്നിരുന്നു. എക്‌സ്‌കവേറ്ററുകൾ ഉപയോഗിച്ച് എല്ലാ ജനറേറ്ററുകളും പാർക്ക് ചെയ്യാൻ കഴിയുന്ന തരത്തിൽ ആ സ്ഥലങ്ങൾ നിരപ്പാക്കേണ്ടി വന്നു. ജനറേറ്ററുകൾ ലഭിക്കുന്നത് മാത്രമല്ല അവ സ്ഥാപിക്കുന്നതും ഒരു ലോജിസ്റ്റിക് പ്രശ്‌നമായിരുന്നു ബിനോദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

