ധീരനിൽ മാർക്കറ്റ് വാല്യൂ ഉള്ള താരങ്ങളില്ലെന്ന വാദത്തിന് മറുപടിയുമായി ദേവദത്ത് ഷാജി
text_fieldsഭീഷ്മപർവം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ധീരൻ. ദേവദത്ത് ഷാജി തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിക്കുന്നത്. രാജേഷ് മാധവന്‍ നായകനാകുന്ന ധീരനില്‍ ജഗദീഷ്, മനോജ് കെ. ജയന്‍, ശബരീഷ് വർമ, അശോകന്‍, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂലൈ നാലിനാണ് ചിത്രം തിയറ്ററിൽ എത്തുന്നത്.
ഒരു കളങ്കവുമില്ലാതെ ആത്മാർഥമായി ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരേയൊരു കാര്യം സിനിമയാണ് എന്ന് പറയുകയാണ് ദേവദത്ത് ഷാജി. 'ധീരനിൽ മാർക്കറ്റ് വാല്യൂ ഉള്ള താരങ്ങളില്ല എന്ന അഭിപ്രായം നാലു ദിക്കിൽ നിന്നും കേൾക്കാറുണ്ട്. അപ്പോഴെല്ലാം എന്റെയും, ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെയും കോൺഫിഡൻസ് ഒരേയൊരു കാര്യത്തിലായിരുന്നു. പല തലമുറകളുടെ നായകന്മാർ!! മനോജ് കെ. ജയൻ, വിനീത്, ജഗദീഷ്, അശോകൻ, സുധീഷ്!! ഇവരുടെ റീ യൂണിയൻ കാണാൻ പ്രേക്ഷകരുണ്ടാവും എന്ന വിശ്വാസം' -ദേവദത്ത് സമൂഹമാധ്യമത്തിൽ കുറിച്ചു.
പോസ്റ്റിന്‍റെ പൂർണരൂപം
'പന്ത്രണ്ട് വർഷങ്ങളാണ് സ്ക്രീനിലെന്ന പോലെ മുന്നിൽ തെളിയുന്നത്. 2013-ൽ ആദ്യത്തെ ഷോർട്ട് ഫിലിം ചെയ്യുമ്പോൾ ആഗ്രഹിച്ചത് എന്തായിരുന്നോ, അത് റിയാലിറ്റിയാവാൻ ഇനി മണിക്കൂറുകളേ ഉള്ളൂ. ഒരു കളങ്കവുമില്ലാതെ ആത്മാർഥമായി ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരേയൊരു കാര്യം സിനിമയാണ്. ക്രിഞ്ചെന്നോ, ക്ലീഷെയെന്നോ വിളിക്കാവുന്ന ഈ പോസ്റ്റിടുന്നത് പോലും ഇത്രയും കാലമെടുത്ത എഫർട്ട് ആളുകളിലേക്ക് എത്താൻ മാത്രമാണ്. 'ധീരനിൽ' മാർക്കറ്റ് വാല്യൂ ഉള്ള താരങ്ങളില്ല എന്ന അഭിപ്രായം നാലു ദിക്കിൽ നിന്നും കേൾക്കാറുണ്ട്.
അപ്പോഴെല്ലാം എന്റെയും, ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെയും കോൺഫിഡൻസ് ഒരേയൊരു കാര്യത്തിലായിരുന്നു. പല തലമുറകളുടെ നായകന്മാർ!! മനോജ് കെ. ജയൻ, വിനീത്, ജഗദീഷ്, അശോകൻ, സുധീഷ്!! ഇവരുടെ റീ യൂനിയൻ കാണാൻ പ്രേക്ഷകരുണ്ടാവും എന്ന വിശ്വാസം. രാജേഷ് മാധവനും ശബരീഷ് വർമ്മയും സിദ്ധാർഥ് ഭരതനും, അഭിറാമും, അരുൺ ചെറുകാവിലും അശ്വതിയുമെല്ലാം ഇവരുടെയൊപ്പം മത്സരിച്ച് അഭിനയിച്ചപ്പോൾ, മുന്നേ പറഞ്ഞ റിയാലിറ്റിക്കിപ്പോൾ ഇരട്ടി മധുരമാണ്...!
'ധീരൻ' ഞങ്ങളുടെ പരിശ്രമമാണ്, സന്തോഷമാണ്, സ്വപ്നമാണ്, വിയർപ്പാണ്. നല്ലതെങ്കിൽ നല്ലതെന്നും, മോശമെങ്കിൽ മോശമെന്നും പറയണം. പക്ഷെ ഇത് രണ്ടിനാണെങ്കിലും തീയറ്ററിൽ വന്ന് പടം കാണണമെന്ന് സ്നേഹത്തോടെ അഭ്യർഥിക്കുന്നു. ജൂലൈ നാലിന് ധീരനെത്തും'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

