ബോക്സ് ഓഫീസ് തൂക്കി ‘ഡീമൻ സ്ലേയർ’; തിയറ്ററിൽ ജെൻ സി പ്രവാഹം
text_fieldsകേരളത്തിൽ ഉൾപ്പെടെയുള്ള തിയറ്ററുകൾ ഇപ്പോൾ ഒരു ജാപ്പനീസ് അനിമേഷൻ ചിത്രത്തിന്‍റെ പിന്നാലെയാണ്. ‘ഡീമൻ സ്ലേയർ ഇൻഫിനിറ്റി കാസിൽ’ എന്ന ചിത്രം കാണാൻ ഇപ്പോൾ ജെൻസി യുടെ തിരക്കാണ്. ചിത്രത്തിന്റെ ജാപ്പനീസ് പതിപ്പും ഇംഗ്ലീഷ് പതിപ്പുമാണ് കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത്. ഇതിൽ ജാപ്പനീസ് പതിപ്പിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. കേരളത്തിൽ 110 തിയറ്ററുകളിലായി മുന്നൂറ് സ്ക്രീനുകളിലാണ് ‘ഡീമൻ സ്ലേയർ പ്രദർശിപ്പിക്കുന്നത്. ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമുകളിൽ ടിക്കറ്റ് കിട്ടാനില്ല. രാജ്യാന്തര അനിമേഷൻ സിനിമകൾക്ക് അപൂർവമായി ലഭിക്കുന്ന സ്വീകാര്യതയാണ് ഡീമൻ സ്ലേയർ നേടിയത്.
റിപ്പോർട്ടുകൾ പ്രകാരം ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് വാരിക്കൂട്ടിയത് 16 കോടിയാണ്. ഇന്ത്യയിൽ നിന്നുമാത്രം സിനിമ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടുമെന്നുമാണ് കണക്കുകൂട്ടൽ. ആദ്യത്തെ മൂന്ന് ദിവസം കഴിയുമ്പോൾ 48.25 കോടിയാണ് സിനിമയുടെ ഇന്ത്യൻ കളക്ഷൻ. റെക്കോർഡ് കളക്ഷൻ ആണിത്. 2.80 കോടിയാണ് കേരളത്തിൽ നിന്നും മൂന്ന് ദിവസം സിനിമ കൊണ്ട് വാരിക്കൂട്ടിയത്. ഇതോടെ മൂന്ന് ദിവസത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും വലിയ ഹോളിവുഡ് ഇതര വിദേശ കളക്ഷൻ നേടിയ ചിത്രമായി ഈ ജാപ്പനീസ് ചിത്രം മാറി.
2016 മുതൽ 2020വരെ കൊയോഹാരു ഗോട്ടൂഗിന്റെ ജാപ്പനീസ് കോമിക് മാംഗ സീരീസായിരുന്നു ഡീമൻ സ്ലേയർ. പിന്നീട് അനിമേ ടെലിവിഷൻ സീരീസായി. 2020ലാണ് ആദ്യ ഡീമൻ സ്ലേയർ ചിത്രം പുറത്തിറങ്ങിയത്. അന്ന് ചിത്രം വൻ വിജയം നേടിയിരുന്നു. 2025 ജൂലൈയിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ജപ്പാനിൽ റിലീസ് ചെയ്തു. 297 മില്യനാണ് ചിത്രം കലക്ട് ചെയ്തത്. ആഗോള റിലീസോടുകൂടി ഈ സിനിമ കളക്ഷനിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ജപ്പാനിൽനിന്ന് ഉത്ഭവിച്ച കോമിക്സ് അല്ലെങ്കിൽ ഗ്രാഫിക് നോവലുകളാണ് മാംഗ. ജപ്പാനിൽ കോമിക്സിനെയും കാർട്ടൂണിംഗിനെയും മാംഗ എന്ന പദമാണ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

