ആര്യൻ ഖാന്‍റെ പരമ്പരക്കെതിരായ മാനനഷ്ടക്കേസ്; സമീർ വാങ്കഡെയുടെ ഹരജി തള്ളി കോടതി
text_fieldsഷാറൂഖ് ഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിനും നെറ്റ്ഫ്ലിക്സിനും എതിരെ ഐ.ആർ.എസ് ഉദ്യോഗസ്ഥനും മുൻ എൻ.സി.ബി സോണൽ ഡയറക്ടറുമായ സമീർ വാങ്കഡെ നൽകിയ മാനനഷ്ടക്കേസ് ഡൽഹി ഹൈകോടതി തള്ളി. ആര്യൻ ഖാൻ സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ഷോയായ 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' തന്‍റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്നാണ് ഹരജിയിൽ സമീർ വാങ്കഡെ അവകാശപ്പെട്ടത്.
ഡൽഹിയിൽ ഹരജി എങ്ങനെ നിലനിൽക്കുമെന്ന് ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് വാങ്കഡെയുടെ അഭിഭാഷകനോട് ചോദിച്ചു. 'ഡൽഹിയിൽ നിങ്ങളുടെ ഹരജി നിലനിൽക്കില്ല. ഞാൻ ഹരജി തള്ളുകയാണ്. ഡൽഹി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിങ്ങൾക്ക് അപകീർത്തികരമായ പരാമർശം ഉണ്ടായെന്നതാണെങ്കിൽ ഡൽഹിയിൽ തന്നെ ഇക്കാര്യം പരിഗണിക്കുമായിരുന്നു' -എന്ന് കോടതി പറഞ്ഞു. പരമ്പര ഡൽഹി ഉൾപ്പെടെയുള്ള വലിയ നഗരങ്ങളിൽ സംപ്രേഷണം ചെയ്തിട്ടുണ്ടെന്നും ഇത് ഉദ്യോഗസ്ഥന്റെ പ്രതിച്ഛായയെ മങ്ങിച്ചിട്ടുണ്ടെന്നും വാങ്കഡെയെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ സന്ദീപ് സേത്തി പറഞ്ഞിരുന്നു.
തെറ്റായതും അപകീർത്തികരവുമായ വിഡിയോ ആണ് പ്രൊഡക്ഷൻ ഹൗസും നെറ്റ്ഫ്ലിക്സും അവരുടെ ടെലിവിഷൻ പരമ്പരയുടെ ഭാഗമായി സംപ്രേഷണം ചെയ്തതെന്ന് ആരോപിച്ചാണ് വാങ്കഡെ ഹരജി സമർപ്പിച്ചത്. നഷ്ടപരിഹാരമായി രണ്ട് കോടി രൂപ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അത് കാൻസർ രോഗികൾക്കായി ടാറ്റ മെമ്മോറിയൽ കാൻസർ ആശുപത്രിക്ക് സംഭാവന ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്.
ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി കേസ് ബോംബെ ഹൈകോടതിയിലും മുംബൈയിലെ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതിയിലും പരിഗണനയിലിരിക്കെ, വാങ്കഡെയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പരമ്പരയെന്ന് ഹരജിയിൽ പറഞ്ഞു. പരമ്പരയുടെ ഉള്ളടക്കം വിവരസാങ്കേതിക നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും (ബി.എൻ.എസ്) വിവിധ വ്യവസ്ഥകൾക്കും വിരുദ്ധമാണെന്നും അശ്ലീലവും നിന്ദ്യവുമായ കാര്യങ്ങൾ ഉപയോഗിച്ച് ദേശീയ വികാരത്തെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഹരജിയിൽ ആരോപിച്ചു.
അതേസമയം, കഭി ഖുഷി കഭി ഗം (2001) എന്ന ഹിന്ദി ചിത്രത്തിൽ ഷാരൂഖിന്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് താര പുത്രൻ ആദ്യമായ് ബോളിവുഡിൽ എത്തുന്നത്. ഇപ്പോൾ ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സീരിസിന്‍റെ സംവിധായകനായി വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 2021 ഒക്ടോബർ മൂന്നിനാണ് ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. ആര്യന്‍റെ സുഹൃത്തുക്കളായ അർബാസ് മർചന്‍റ്, മുൺമുൺ ധമേച്ച എന്നിവരും പിടിയിലായിരുന്നു. 24 ദിവസമാണ് ആര്യൻ ആർതർ റോഡ് ജയിലിൽ കഴിഞ്ഞത്. ആര്യന്‍ ഖാന് ജാമ്യം ലഭിക്കാനായി നടി ജൂഹി ചൗള ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ട് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

