Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗരവ് ഗാംഗുലിയുടെ വ്യക്തിത്വാവകാശ ലംഘന പരാതി: ‘ദൂസ്ര’ സിനിമക്ക് ഉപാധികളോടെ പ്രദർശനാനുമതി നൽകി ഡൽഹി ഹൈകോടതി

text_fields
bookmark_border
സൗരവ് ഗാംഗുലിയുടെ വ്യക്തിത്വാവകാശ ലംഘന പരാതി: ‘ദൂസ്ര’ സിനിമക്ക് ഉപാധികളോടെ പ്രദർശനാനുമതി നൽകി ഡൽഹി ഹൈകോടതി
cancel

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ വ്യക്തിത്വാവകാശ ലംഘന പരാതിയിൽ ‘ദൂസ്ര’ സിനിമയുടെ നിർമാതാക്കൾക്ക് നിർദേശങ്ങളുമായി ഡൽഹി ഹൈകോടതി. സിനിമയിൽ പ്രത്യേക വിശദീകരണക്കുറിപ്പ് ഉൾപ്പെടുത്തണമെന്നും രണ്ടു കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. അനുമതിയില്ലാതെ തന്റെ വ്യക്തിത്വവും ക്രിക്കറ്റ് കരിയറിലെ ശ്രദ്ധേയ മുഹൂർത്തങ്ങളും സിനിമയുടെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നാണ് ഗാംഗുലിയുടെ പരാതി.

‘ദൂസ്ര: ഇന്ത്യാസ് അദർ ഫ്രീഡം സ്ട്രഗിൾ’ എന്ന സിനിമ ഒക്ടോബർ 23ന് തിയറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ് വിവാദം തുടങ്ങിയത്. ഗാംഗുലിയും അദ്ദേഹത്തിന്റെ ഔദ്യോഗിക ബയോപിക് നിർമിക്കാനുള്ള അവകാശം നേടിയ ലവ് ഫിലിംസ് എൽ.എൽ.പിയും ചേർന്നാണ് നിർമാതാക്കൾക്കെതിരെ കോടതിയെ സമീപിച്ചത്. ‘ദാദ: ദ സൗരവ് ഗാംഗുലി സ്റ്റോറി’ എന്ന പേരിലുള്ള ബയോപിക്കിൽ രാജ്കുമാർ റാവുവാണ് ഗാംഗുലിയായി അഭിനയിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ 2002ലെ നാറ്റ്‌വെസ്റ്റ് പരമ്പര ഫൈനലാണ് പരാതിയിലെ പ്രധാന വിഷയം. ലോർഡ്‌സിൽ നടന്ന ഫൈനലിൽ ഇന്ത്യ വിജയിച്ചതിന് പിന്നാലെ ഗാംഗുലി ജഴ്‌സി ഊരി വീശി നടത്തിയ ആഘോഷം ക്രിക്കറ്റ് ചരിത്രത്തിലെ ശ്രദ്ധേയ മുഹൂർത്തങ്ങളിലൊന്നാണ്. സിനിമയുടെ രണ്ടാം പകുതിയിൽ ഈ മത്സരവും ഗാംഗുലിയുമായി ബന്ധപ്പെട്ട രംഗങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം.

എന്നാൽ, ഗാംഗുലിയുടെ ജീവചരിത്രമല്ല സിനിമയെന്നും രാജസ്ഥാനിൽ നിന്നുള്ള ഒരു സാധാരണ പെൺകുട്ടിയുടെ സാങ്കൽപ്പിക കഥയാണെന്നുമാണ് നിർമാതാക്കളുടെ വാദം. 2002ലെ നാറ്റ്‌വെസ്റ്റ് പരമ്പരയിലെ ദൃശ്യങ്ങൾ ഉപയോഗിക്കാൻ ബി.സി.സി.ഐയുടെയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെയും അനുമതി നേടിയിട്ടുണ്ടെന്നും അവർ കോടതിയെ അറിയിച്ചു. വ്യക്തിത്വാവകാശം എന്നത് ക്രിക്കറ്റ് മത്സരങ്ങളുടെ ദൃശ്യങ്ങളുടെ ഉടമസ്ഥാവകാശം നൽകുന്നില്ലെന്നും നിർമാതാക്കൾ വാദിച്ചു.

നേരത്തെ സിനിമയുടെ തിയറ്റർ റിലീസ് തടയണമെന്ന ഗാംഗുലിയുടെ ആവശ്യം ഹൈകോടതി തള്ളിയിരുന്നു. എന്നാൽ, സിനിമയുടെ പ്രദർശനം കോടതി ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 29ന് നടന്ന വാദത്തിനിടെ വ്യക്തിത്വാവകാശം ലംഘിച്ചെന്ന് ആരോപിക്കുന്ന രംഗങ്ങൾ ഏതൊക്കെയാണെന്നും അവയുടെ സമയവിവരങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകണമെന്നും കോടതി ഗാംഗുലിയോട് ആവശ്യപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi HC asks Doosra makers to add disclaimer, give ₹2 crore bank guarantee in Sourav Ganguly case
Next Story