രൺവീറിന് നൽകുന്ന അതേ പ്രതിഫലമാവശ്യപ്പെട്ടു; ബൻസാലി ചിത്രത്തിൽ നിന്ന് ദീപിക പുറത്ത്
text_fieldsപ്രമുഖ ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബന്‍സാലി രൺവീർ സിങ്ങിനെ നായകനാക്കിയൊരുക്കുന്ന ബൈജു ബാവ്ര എന്ന ചിത്രത്തിൽ നിന്നും ദീപിക പദുകോൺ പുറത്ത്. സിനിമയിൽ ദീപികയുടെ ഭർത്താവ് കൂടിയായ രൺവീറിന് നൽകുന്ന അതേ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിർമാതാക്കൾ ചിത്രത്തിൽ നിന്നും നടിയെ പുറത്താക്കിയതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.
രൺവീറിനേക്കാൾ ഒരു പൈസ കൂടുതലോ കുറവോ വേണ്ടെന്ന് ദീപിക പറഞ്ഞതായും റിപ്പോർട്ടുണ്ട്. നിലവിൽ രാജ്യത്തെ ഏറ്റവും പ്രതിഫലം പറ്റുന്ന നടിയാണ് ദീപിക. മുമ്പും നടിമാർക്ക് തുല്യവേതനം നൽകാത്തതുമായി ബന്ധപ്പെട്ട് ദീപിക പ്രതികരിച്ചിട്ടുണ്ട്.
ഭാരത് ഭൂഷനും മീന കുമാരിയും പ്രധാനവേഷങ്ങളിലെത്തി 1952ൽ ഇറങ്ങിയ ബൈജു ബാവ്രയുടെ റീമേക്കിലായിരുന്നു സഞ്ജയ് ലീല ബൻസാലി ദീപികയെയും രൺവീറിനെയും പ്രധാന കഥാപാത്രങ്ങളായി നിശ്ചയിച്ചത്. നേരത്തെ, രാംലീല, ബാജിറാവു മസ്താനി, പദ്മാവത് തുടങ്ങിയ ചിത്രങ്ങളിൽ മൂവരും ഒരുമിച്ചിരുന്നു. വലിയ വിജയങ്ങളായ മൂന്ന് ചിത്രങ്ങളിൽ രണ്ടെണ്ണത്തിലും പ്രധാന കഥാപാത്രം ദീപികയായിരുന്നു.

