'ഒരു വാഴ്ത്തുപാട്ടിനും ആ പാതകം മായ്ക്കാനാവില്ല, ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാധ്യസ്ഥരാണ്'; വേടന്‍റെ പുരസ്കാരത്തിൽ ദീദി ദാമോദരൻ
text_fields55ാമത് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മികച്ച ഗാനരചയിതാവിനുള്ള അവാർഡ് റാപ്പർ വേടന് നൽകിയതിൽ വലിയ വിമർശനമാണ് ഉയരുന്നത്. വേടനെതിരെ ബലാത്സംഗ പീഡന പരാതി നിലനിൽക്കുമ്പോൾ ഇത്തരത്തിൽ അവാർഡ് നൽകിയത് കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നത് പോലെയാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ, വേടന് പുരസ്കാരം നൽകിയതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരൻ.
'വിയർപ്പ് തുന്നിയിട്ട കുപ്പായം....' എന്ന വരികൾ ഉദാത്തമാണ്. എന്നാൽ ഇരുളിന്‍റെ മറവിൽ ആ പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണ്. ഒരു വാഴ്ത്തുപാട്ടുകൾക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല. സ്ത്രീ പീഡകരെ സംരക്ഷിക്കില്ല എന്ന് ഫിലിം കോൺക്ലേവിൽ സർക്കാർ നടത്തിയ നയപ്രഖ്യാപനങ്ങളുടെ breach of trust ആണ് ജൂറി തീരുമാനം. കോടതി കയറിയാൽ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്തതിന് ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാധ്യസ്ഥരാണ് -ദീദി ദാമോദരൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സിനിമയിലെ കുതന്ത്രം എന്ന പാട്ടാണ് വേടനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇതുൾപ്പെടെ ഒമ്പത് അവാർഡുകളാണ് മഞ്ഞുമൽ ബോയ്സിന് ലഭിച്ചത്. വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നൽകിയതിനെതിരെ വിമർശനവുമായി നടൻ ജോയ് മാത്യുവും രംഗത്തെത്തിയിരുന്നു. നിയമത്തിന്റെ കണ്ണിൽ സ്ത്രീപീഡകനായ വ്യക്തിയെ അവാർഡ് നൽകി ആദരിക്കുക വഴി നിയമത്തെ പരിഹസിക്കുകയല്ലേ എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചത്. വേടന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.
'യുവതലമുറയുടെ ജീവിതവും അഭിലാഷങ്ങളും സ്വപ്‌നവുമാണ് വേടന്റെ വാക്കുകളില്‍ മുഴുങ്ങുന്നത്. സ്ഥിരം കാൽപനിക ഗാനങ്ങളിലെ ബിംബങ്ങളില്‍നിന്ന് വ്യത്യസ്തമായി ആ എഴുത്തിലെ അതിജീവനത്തിനുള്ള ത്വര ജൂറിക്ക് കാണാതിരിക്കാനായില്ല. ഉത്തരവാദിത്വം നിറഞ്ഞ എഴുത്ത്. കഥക്കും കഥാപാത്രങ്ങള്‍ക്കും ചേര്‍ന്ന ഗാനം. വേടന്റേത് റാപ് സംഗീതമാണ്'- എന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് പറഞ്ഞത്. കലാകാരൻ ഉയർത്തുന്ന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്നായിരുന്നു വേടന്റെ പ്രതികരണം. ഇനിയും ജീവിതം പഴയതുപോലെ തന്നെയാകും. പാട്ടുകാരനേക്കാൾ ഗാനരചയിതാവ് എന്ന പേരിൽ അംഗീകരിക്കപ്പെട്ടതിൽ സന്തോഷമെന്നും വേടൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

