Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right70-ലധികം സിനിമകൾ ചെയ്ത...

70-ലധികം സിനിമകൾ ചെയ്ത മലയാളി നടി, പക്ഷേ മകളുടെ മരണം അമ്മയെയും ആത്മഹത്യയിലെത്തിച്ചു!; സിനിമയെവെല്ലുന്ന രണ്ട് ജീവിതങ്ങൾ...

text_fields
bookmark_border
70-ലധികം സിനിമകൾ ചെയ്ത മലയാളി നടി, പക്ഷേ മകളുടെ മരണം അമ്മയെയും ആത്മഹത്യയിലെത്തിച്ചു!; സിനിമയെവെല്ലുന്ന രണ്ട് ജീവിതങ്ങൾ...
cancel
camera_alt

1. ശോഭ 2. പ്രേമ

മലയാള സിനിമയിൽ തന്റെ അഭിനയ മികവ് കൊണ്ട് മായാത്ത മുദ്ര പതിപ്പിച്ച നടിയാണ് ശോഭ. അവർ വിടപറഞ്ഞിട്ട് ഇപ്പോൾ 46 വർഷത്തിലേറെയായി. വെറും 17 വർഷം മാത്രമാണ് ശോഭ ഈ ഭൂമിയിൽ ജീവിച്ചിരുന്നത്. ആ ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരു അഭിനേത്രി എന്ന നിലയിൽ അവർ വലിയ ഉയരങ്ങൾ കീഴടക്കി. എന്നാൽ അതോടൊപ്പം തന്നെ, ഒടുവിൽ സ്വന്തം ജീവിതം തന്നെ അവസാനിപ്പിക്കാൻ അവരെ പ്രേരിപ്പിച്ച കടുത്ത മാനസിക സങ്കർഷങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും അവർക്ക് കടന്നുപോകേണ്ടി വന്നു. എന്നാൽ ശോഭയുടെ കഥ അവളുടെ മരണത്തോടെ അവസാനിച്ചില്ല. അത് അവരുടേത് മാത്രമായിരുന്നില്ല, മറിച്ച് അവരുടെ അമ്മ പ്രേമ മേനോന്റേതു കൂടിയായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ശോഭയുടെ കഥ അമ്മയുടെ ജീവിതത്തിന്റെ തുടർച്ചയായിരുന്നു. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം, തന്റെ പ്രിയപ്പെട്ട മകളില്ലാത്ത ഒരു ലോകത്ത് അധികനാൾ ജീവിക്കാൻ പ്രേമക്ക് സാധിക്കാതെ പോയതും.

സിനിമാലോകത്ത് 'ശോഭയുടെ അമ്മ' എന്ന പേരിലാണ് പ്രേമ അറിയപ്പെടുന്നതെങ്കിലും, എഴുപതിലധികം സിനിമകളിൽ അഭിനയിച്ച മികച്ചൊരു നടി കൂടിയായിരുന്നു അവർ. മകളെപ്പോലെ വലിയൊരു സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരാൻ പ്രേമക്ക് കഴിഞ്ഞില്ലെങ്കിലും, മലയാള സിനിമയിൽ അവരുടേതായ ഒരിടം കണ്ടെത്താൻ അവർക്ക് സാധിച്ചിരുന്നു. പ്രശസ്ത ചലച്ചിത്ര മാധ്യമപ്രവർത്തകനായിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ പുസ്തകത്തിൽ പറയുന്നതനുസരിച്ച്, പ്രശസ്ത എഴുത്തുകാരനും പ്രേമയുടെ അമ്മാവനുമായ എസ്.കെ. പൊറ്റക്കാടാണ് അവരെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത്. പ്രേമയുടെ പിതാവിന്റെ മരണത്തെത്തുടർന്ന് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സമയത്ത്, എസ്.കെ. പൊറ്റക്കാട് മുൻകൈയെടുത്ത് കവിയും സംവിധായകനുമായ പി. ഭാസ്കരനെയും നിർമാതാവ് ടി.കെ. പരീക്കുട്ടിയെയും അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പ്രേമയെ ഇഷ്ടപ്പെട്ട അവർ, തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ 'നീലക്കുയിൽ' (1954) എന്ന സിനിമയിലേക്ക് അവരെ തിരഞ്ഞെടുത്തു. ദേശീയ പുരസ്കാരം നേടിയ ആദ്യത്തെ മലയാള ചിത്രമായിരുന്നു നീലക്കുയിൽ.

സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുന്നതിനിടയിലാണ് പ്രേമക്കും ഭർത്താവ് കെ.പി. മേനോനും 1961 സെപ്റ്റംബർ 23-ന് മഹാലക്ഷ്മി എന്ന പെൺകുഞ്ഞ് ജനിക്കുന്നത്. നാലാം വയസ്സിൽ സാവിത്രി പ്രധാന വേഷത്തിൽ എത്തിയ 'തട്ടുങ്കൽ തിറക്കപ്പെടും' (1966) എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഈ കൊച്ചുമിടുക്കി സിനിമയിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് പി. വേണു സംവിധാനം ചെയ്ത 'ഉദ്യോഗസ്ഥ' (1967) എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചപ്പോഴാണ് ആദ്യമായി 'ബേബി ശോഭ' എന്ന് പേര് മാറ്റുന്നത്.

സിനിമയിൽ ശോഭയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. 1971-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ശോഭ നേടി. പിന്നീട് കാമറക്ക് മുന്നിൽ വളർന്ന അവർ ബാലതാരത്തിൽ നിന്ന് നായിക പദവിയിലേക്ക് പതുക്കെ ചുവടുവെച്ചു. 15-ാം വയസ്സിൽ രാമു കാര്യാട്ടിന്റെ 'ദ്വീപ്' (1977) എന്ന ചിത്രത്തിലൂടെയാണ് ശോഭ ആദ്യമായി നായികയാകുന്നത്. അതേ വർഷം തന്നെ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'ഓർമ്മകൾ മരിക്കുമോ' എന്ന ചിത്രത്തിൽ കമൽ ഹാസന്റെ നായികയായി അഭിനയിച്ചു. ഇതോടൊപ്പം തമിഴ് സിനിമയിലും അവർ സജീവമായിരുന്നു.

സിനിമയിൽ വലിയ വിജയങ്ങൾ നേടുമ്പോഴും ശോഭ ഉള്ളിൽ കടുത്ത വൈകാരിക അരക്ഷിതാവസ്ഥ നേരിടുന്നുണ്ടായിരുന്നു. ഈ സമയത്താണ് അവർ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്രയുമായി അടുപ്പത്തിലാകുന്നത്. അദ്ദേഹം നേരത്തെ വിവാഹിതനും അവരേക്കാൾ 23 വയസ്സ് പ്രായക്കൂടുതലുള്ള ആളുമായിരുന്നിട്ടും, വ്യക്തിജീവിതത്തിലെയും സിനിമാജീവിതത്തിലെയും സമ്മർദ്ദങ്ങൾക്കിടയിൽ ബാലു മഹേന്ദ്ര നൽകിയ സ്നേഹവും കരുതലും ശോഭക്ക് വലിയൊരു ആശ്വാസമായി തോന്നി. അവർ പിന്നീട് രഹസ്യമായി വിവാഹിതരായി. എന്നാൽ ഈ ബന്ധത്തെ അമ്മ പ്രേമ ശക്തമായി എതിർത്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഒരാളുമായുള്ള ബന്ധം ശോഭയുടെ ജീവിതവും ഭാവിയും തകർക്കുമെന്ന് അവർ വിശ്വസിച്ചു. അമ്മക്കും ഭർത്താവിനും ഇടയിൽ ശോഭ മാനസികമായി വീർപ്പുമുട്ടി. ബാലു മഹേന്ദ്ര തന്റെ ആദ്യ ഭാര്യയെയും മകനെയും ഉപേക്ഷിച്ച് തനിക്കൊപ്പം വരുമെന്ന് ശോഭ വിശ്വസിച്ചിരുന്നു. എന്നാൽ അതുണ്ടാകാത്തത് അവരെ മാനസികമായി തകർത്തു. ദേശീയ അവാർഡ് വാങ്ങി ആഴ്ചകൾക്കകം, 1980 മെയ് 1-ന് ശോഭ തൂങ്ങിമരിച്ചു.

എന്നാൽ മകളുടേത് ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ പ്രേമ തയാറായില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അവർ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കത്തയച്ചു. ബാലു മഹേന്ദ്ര മകളിൽ നിന്ന് വൻതോതിൽ പണം ആവശ്യപ്പെട്ടിരുന്നതായി അവർ ആരോപിച്ചു. അന്നത്തെ തമിഴ്‌നാട് ഗവർണർ പ്രഭുദാസ് പട്വാരി പൊലീസിനോട് സമഗ്രമായ അന്വേഷണം നടത്താൻ ഉത്തരവിട്ടെങ്കിലും, അന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല.

ഈ സംഭവങ്ങൾക്ക് പിന്നാലെ, പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ്ജ് 'ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്' (1983) എന്ന സിനിമ സംവിധാനം ചെയ്തു. ശോഭയുടെ ജീവിതവും മരണവും ബാലു മഹേന്ദ്രയുമായുള്ള ബന്ധവും പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലെ ഇരുണ്ട വശങ്ങളും സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും സിനിമ ചർച്ച ചെയ്തു. ശോഭയുടെ ആത്മഹത്യയാണ് തന്നെ ഈ സിനിമ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കെ.ജി. ജോർജ്ജ് തന്റെ ആത്മകഥയിൽ സമ്മതിച്ചിട്ടുണ്ടെങ്കിലും, ഇത് ശോഭയുടെ മാത്രം കഥയല്ലെന്നും സിനിമാ രംഗത്ത് പണ്ടുമുതലേ നിലനിൽക്കുന്ന 'ആത്മഹത്യാ പ്രവണതയുടെ' പ്രതിഫലനമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മകൾക്ക് നീതി ഉറപ്പാക്കാനുള്ള പ്രേമയുടെ പോരാട്ടം അധികനാൾ നീണ്ടുനിന്നില്ല. ശോഭയുടെ വിയോഗം അവരെ പൂർണ്ണമായും തകർത്തിരുന്നു. വീട്ടിൽ ശോഭയുടെ വലിയൊരു ചിത്രത്തിന് മുന്നിൽ ചോറ് വിളമ്പി വെച്ച്, മകൾക്ക് കൊടുക്കുന്നത് പോലെ അവർ സംസാരിക്കുമായിരുന്നുവെന്ന് അക്കാലത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശോഭ തങ്ങളെ വിട്ടുപോയി എന്ന് വിശ്വസിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഒടുവിൽ മകൾ മരിച്ച് നാല് വർഷത്തിന് ശേഷം, 1984 ഏപ്രിൽ 5-ന് പ്രേമ മേനോനും ജീവനൊടുക്കി. സിനിമാലോകത്തെ തിളക്കങ്ങൾക്കിടയിലും കണ്ണീരണിഞ്ഞ രണ്ട് ജീവിതങ്ങളുടെ കരളലിയിക്കുന്ന കഥയായി ഇന്നും ഇവരുടെ ഓർമ്മകൾ അവശേഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tragedyMOLLYWOODCelebritieslife`malayalam Film actress
News Summary - Debut in landmark Malayalam film but daughter’s suicide devastated Prema
Next Story