മലയാളത്തിന്‍റെ അമ്മ മുഖം മാഞ്ഞിട്ട് ഒരു വർഷം
text_fieldsകവിയൂർ പൊന്നമ്മ
അമ്മ വേഷങ്ങൾ അവിസ്മരണീയമാക്കി മലയാളി മനസുകളിൽ അമ്മയായി മാറിയ പ്രിയ നടി കവിയൂർ പൊന്നമ്മ ഓർമയായിട്ട് ഒരു വർഷം. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് 2024 സെപ്റ്റംബർ 20ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നടിയെ അനുസ്മരിച്ച് സമൂഹമാധ്യമ പോസ്റ്റ് പങ്കിട്ടിരിക്കുകയാണ് മോഹൻലാൽ. കവിയൂർ പൊന്നമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് 'ഓർമപൂക്കൾ' എന്ന് അദ്ദേഹം കുറിച്ചു.
മലയാളത്തിലെ ഒട്ടേറെ സൂപ്പർ താരങ്ങളുടെ അമ്മയായും അമ്മൂമ്മയായും കവിയൂർ പൊന്നമ്മ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. എങ്കിലും മോഹൻലാലിന്റെ അമ്മയായെത്തിയ വേഷങ്ങളാണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. അവർ യഥാർഥത്തിൽ അമ്മയും മകനുമാണെന്നുവരെ പലരും വിചാരിച്ചിരുന്നു. തന്‍റെ സ്വന്തം അമ്മയാണ് കവിയൂര്‍ പൊന്നമ്മയെന്ന് മോഹന്‍ലാല്‍ തന്നെ പല വേദികളില്‍ പറഞ്ഞിട്ടുണ്ട്. 50 ഓളം ചിത്രങ്ങളിൽ ഇവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
തന്‍റെ ചെറുപ്പകാലത്തിൽ തന്നെ പൊന്നമ്മ അഭിനയരംഗത്തേക്ക് എത്തിച്ചേർന്നിരുന്നു. ആറു പതിറ്റാണ്ട് കലാരംഗത്ത് സജീവമായിരുന്ന കവിയൂർ പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയലോകത്ത് എത്തിയത്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു തവണ (1971, 1972, 1973, 1974) ലഭിച്ചിട്ടുണ്ട്. മേഘതീർഥം എന്ന സിനിമ നിർമിച്ചു. എട്ട് സിനിമകളിൽ പാടിയ പൊന്നമ്മ 25ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.
പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്‍റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6നാണ് പൊന്നമ്മയുടെ ജനനം. കവിയൂർ പൊന്നമ്മക്ക് ഒരു വയസ്സുള്ളപ്പോൾ സ്വദേശമായ കവിയൂരിൽ നിന്ന് കോട്ടയം ജില്ലയിലെ പൊൻകുന്നത്തേക്ക് താമസം മാറി. അച്ഛനിൽ നിന്ന് പകർന്നുകിട്ടിയ സംഗീത താൽപര്യത്താൽ കുട്ടിക്കാലം മുതൽ സംഗീതം അഭ്യസിച്ചു. എം.എസ്. സുബ്ബലക്ഷ്മിയെ പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു പൊന്നമ്മയുടെ ആഗ്രഹം. 12 വയസുള്ളപ്പോൾ സംഗീത സംവിധായകൻ ജി. ദേവരാജൻ നാടകത്തിൽ പാടാനായി ക്ഷണിച്ചു. തോപ്പിൽ ഭാസിയുടെ ‘മൂലധന’ത്തിലാണ് ആദ്യം പാടിയത്. ‘മൂലധന’ത്തിൽ നായികയെ കിട്ടാതെ വന്നപ്പോൾ ഭാസിയുടെ നിർബന്ധത്തെ തുടർന്ന് നാടകത്തിലെ നായികയായി.
പിന്നീട് കെ.പി.എ.സിയിലെ പ്രധാന നടിയായി മാറി. പ്രതിഭ ആർട്സ് ക്ലബ്, കാളിദാസ കലാകേന്ദ്രം എന്നീ നാടകസമിതികളിലും പ്രവർത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അൾത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലൂടെല പ്രേക്ഷക ശ്രദ്ധനേടി. 14ാം വയസിൽ കാളിദാസ കലാകേന്ദ്രത്തിലെ നൃത്താധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തെ തുടർന്നാണ് സിനിമയിൽ അഭിനയിച്ചത്. മെറിലാൻഡിന്‍റെ ‘ശ്രീരാമപപട്ടാഭിഷേകം’ എന്ന സിനിമയിൽ മണ്ഡോദരിയുടെ വേഷമായിരുന്നു അത്.
അമ്മയായും നെഗറ്റീവ് കഥാപാത്രമായും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ വ്യത്യസ്സമായ വേഷങ്ങളിൽ ആയിരത്തോളം വേഷങ്ങളിൽ അഭിനയിച്ചു. തൊമ്മന്‍റെ മക്കൾ എന്ന ചിത്രത്തിൽ സത്യൻ, മധു എന്നിവരുടെ അമ്മയായി. തീർഥയാത്ര, നിർമാല്യം, നെല്ല്, അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, അവളുടെ രാവുകൾ, കൊടിയേറ്റം, കരിമ്പന, നിഴലാട്ടം, തനിയാവർത്തനം, ഹിസൈനസ് അബ്ദുള്ള, കിരീടം, ചെങ്കോൽ, ഭരതം, ബാബാ കല്യാണി, വടക്കുനാഥൻ അടക്കമുള്ള സിനിമകളിൽ അഭിനയിച്ചു. ആണും പെണ്ണുമായിരുന്നു അവസാനം അഭിനയിച്ച സിനിമ.
അന്തരിച്ച നടി കവിയൂർ രേണുക അടക്കം ആറു സഹോദരങ്ങളുണ്ട്. സിനിമ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു. മരുമകൻ വെങ്കട്ടറാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

