ഈ സിനിമ ഒറ്റക്ക് ഇരുന്ന് കാണുന്നവർക്ക് 10,000 രൂപ സമ്മാനം; തിയറ്ററിന് പുറത്ത് ആംബുലൻസ് വരെ സജ്ജീകരിച്ച ഒരു പ്രേത കഥ...
text_fieldsഹൊറർ സിനിമ പ്രേമികൾക്കെല്ലാം റാംസേ ബ്രദേഴ്സിന്‍റെ ചരിത്രം സുപരിചിതമായിരിക്കും. 1949ലെ മഹൽ, 1960കളിലെ ബീസ് സാൽ ബാദ് (1962), ഗുംനാം, ഭൂത് ബംഗ്ല(1965) തുടങ്ങിയ ക്ലാസിക്കുകൾക്ക് ശേഷം ഏകദേശം രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ഹൊറർ സിനിമാ ലോകം ഭരിച്ചത് റാംസേ സഹോദരന്മാരായിരുന്നു. കുറഞ്ഞ ബജറ്റിൽ നിർമിച്ച പുരാന മന്ദിർ (1984), വീരന (1988) തുടങ്ങിയ ചിത്രങ്ങൾ വലിയ ബോക്സ് ഓഫീസ് വിജയങ്ങൾ നേടിയെങ്കിലും ഈ തരംഗത്തിന് തുടക്കമിട്ടത് 1978ൽ പുറത്തിറങ്ങിയ ദർവാസ എന്ന ചിത്രമായിരുന്നു.
ഭാരതീയ സിനിമയിൽ ഹൊറർ എന്ന വിഭാഗത്തെ ജനപ്രിയമാക്കിയതും ഒരു ബ്രാൻഡായി മാറ്റിയതും റാംസേ സഹോദരന്മാരാണ്. ഫത്തേചന്ദ് യു. റാംസേയുടെ ഏഴ് ആൺമക്കളാണ് ഈ പേരിൽ അറിയപ്പെടുന്നത്. റാംസേ ചിത്രങ്ങൾക്ക് കൃത്യമായ ഒരു ശൈലിയുണ്ടായിരുന്നു. വിജനമായ വലിയ ബംഗ്ലാവുകൾ, ശവക്കല്ലറകൾ, മന്ത്രവാദം, പഴയ ക്ഷേത്രങ്ങൾ, വിചിത്രമായ രൂപമുള്ള പിശാചുക്കൾ എന്നിവയായിരുന്നു ഇവരുടെ സിനിമകളിലെ പ്രധാന ഘടകങ്ങൾ. ദർവാസ (1978) മുതൽ ഇവർ പരീക്ഷിച്ച പ്രത്യേക മേക്കപ്പ് രീതികൾ അക്കാലത്ത് പ്രേക്ഷകരെ ഭയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. 90കളിൽ ഇവർ നിർമിച്ച 'സീ ഹൊറർ ഷോ' ഇന്ത്യയിലുടനീളം തരംഗമായിരുന്നു. ടെലിവിഷൻ സ്ക്രീനുകളിൽ ആദ്യമായി ഇത്രയും പേടിപ്പെടുത്തുന്ന കഥകൾ എത്തിയത് റാംസേ സഹോദരന്മാരിലൂടെയാണ്.
ദർവാസ എന്ന ചിത്രത്തിനായി തുളസി റാംസേയും ശ്യാം റാംസേയും അന്താരാഷ്ട്ര പ്രശസ്തനായ മേക്കപ്പ് ആർട്ടിസ്റ്റ് ക്രിസ്റ്റഫർ ടക്കറെയാണ് സമീപിച്ചത്. റാംസേ കുടുംബത്തിലെ മൂന്നാം തലമുറക്കാരായ ദീപക് റാംസേയും അമിത് റാംസേയും ആ കാലഘട്ടത്തെക്കുറിച്ച് ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ‘ഇന്ന് മേക്കപ്പിന് ഒരുപാട് ഓപ്ഷനുകളുണ്ട്. എന്നാൽ അന്ന് ഭയപ്പെടുത്തുന്ന രൂപങ്ങൾ സൃഷ്ടിക്കാൻ അറിയാവുന്നവർ വളരെ കുറവായിരുന്നു. മുഖത്ത് ഒരു മുറിവുണ്ടായാൽ പോലും സുന്ദരനായിരിക്കാൻ താരങ്ങൾ ആഗ്രഹിച്ച കാലത്ത്, ആളുകളെ പേടിപ്പിക്കാൻ ഭയാനകമായ രൂപങ്ങൾ വേണമെന്ന് റാംസേ സഹോദരന്മാർക്ക് നിർബന്ധമുണ്ടായിരുന്നു’.
ബജറ്റ് കുറവാണെങ്കിലും ക്രിസ്റ്റഫർ ടക്കർ സഹകരിക്കാൻ തയാറാവുകയും ലണ്ടനിൽ നിന്ന് മേക്കപ്പ് സാമഗ്രികൾ എത്തിക്കുകയും ചെയ്തു. ഇതിനായി പൗണ്ട് രൂപയിലാണ് പ്രതിഫലം നൽകിയത്. ബജറ്റ് അല്പം കൂടിയെങ്കിലും സിനിമ റിലീസായതോടെ ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. ദർവാസയുടെ ജനപ്രീതി വർധിപ്പിക്കാൻ വിതരണക്കാർ ഒരു പരസ്യതന്ത്രം പ്രയോഗിച്ചു. തിയറ്ററിൽ ഒറ്റക്ക് ഇരുന്ന് സിനിമ കാണുന്നവർക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ചു. സിനിമ അത്രത്തോളം ഭീകരമാണെന്ന് കാണിക്കാൻ തിയറ്ററിന് പുറത്ത് ഒരു ആംബുലൻസ് വരെ സജ്ജീകരിച്ചിരുന്നു. എന്നാൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ ആരും ധൈര്യപ്പെട്ടില്ല എന്നതാണ് വാസ്തവം. ദർവാസയിലെ മേക്കപ്പ് പിൽക്കാലത്ത് വന്ന ഒട്ടനവധി ഹൊറർ സിനിമകൾക്ക് പ്രചോദനമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

