ടീസറോ ട്രെയിലറോ പിൻവലിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് കേരള സ്റ്റോറി 2 നിർമാതാക്കൾ
text_fieldsകേരള സ്റ്റോറി 2ന്‍റെ ടീസറോ ട്രെയിലറോ പിൻവലിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിത്രത്തിന്‍റെ നിർമാതാക്കൾ. ടീസർ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് സൺഷൈൻ പിക്‌ചേഴ്‌സ് അറിയിച്ചു. ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന ഉത്തരവ് ലഭിച്ചിട്ടില്ലെന്നും കേരള സ്റ്റോറി 2ന്‍റെ ടീസറും ട്രെയിലറും തങ്ങളുടെ എല്ലാ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണെന്നും അവർ അറിയിച്ചു.
'ദി കേരള സ്റ്റോറി 2 -ഗോസ് ബിയോണ്ട് ടീസർ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതും ആണെന്ന് സൺഷൈൻ പിക്‌ചേഴ്‌സ് വ്യക്തമാക്കുന്നു. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഏതെങ്കിലും ഉള്ളടക്കം നീക്കം ചെയ്യാൻ നിർദ്ദേശിച്ച് ഒരു കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ഞങ്ങൾ ഒരു മെറ്റീരിയലും ഇല്ലാതാക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല' -നിർമാതാക്കൾ എക്സ് പോസ്റ്റിൽ അറിയിച്ചു.
'ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടിന്റെ ടീസറും ട്രെയിലറും ഞങ്ങളുടെ എല്ലാ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹ റിപ്പോർട്ടുകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോടും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോടും വ്യക്തികളോടും അഭ്യർഥിക്കുന്നു. അത്തരം തെറ്റായ വിവരങ്ങൾ അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുക മാത്രമേ ചെയ്യുന്നുള്ളൂ' -സൺഷൈൻ പിക്ചേഴ്സ് കൂട്ടിച്ചേർത്തു.
അതേസമയം, ‘ദ കേരള സ്റ്റോറി 2’ സിനിമക്ക് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേരളം വർഗീയതയുടെ നാടായി ചിത്രീകരിക്കാനാണ് സിനിമയിൽ ശ്രമിക്കുന്നതെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹരജിക്കാരൻ. ഇന്നലെ ഹരജി പരിഗണിക്കവേ, സിനിമയെക്കുറിച്ച് ആശങ്കയുള്ള ജനങ്ങളുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

