‘രണ്ട് -മൂന്ന് മാസം ഒന്നും കാണാൻ കഴിയില്ലായിരുന്നു’; സിങ്കം ഷൂട്ടിങ്ങിനിടെ കണ്ണിന് പരിക്കേറ്റെന്ന് അജയ് ദേവ്ഗൺ
text_fieldsബോളിവുഡ് താരമായ അജയ് ദേവ്ഗണിന്റെ പുതിയ സിനിമായ ‘സിങ്കം എഗെയ്ൻ’ റിലീസിനൊരുങ്ങുകയാണ്. മാസ് എന്റർടെയ്നിങ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വമ്പൻ ആക്ഷൻ സീക്വൻസുകളുള്ള സിങ്കത്തിന്റെ ഷൂട്ടിങ്ങിനിടെ കണ്ണിന് പരിക്കേറ്റ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അജയ് ദേവ്ഗൺ. സൽമാൻ ഖാൻ ഹോസ്റ്റ് ചെയ്യുന്ന ബിഗ് ബോസ് 18 വേദിയിൽ സിനിമയുടെ പ്രമോഷന് എത്തിയപ്പോഴാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.
കട്ടിയുള്ള കൂളിങ് ഗ്ലാസ് ധരിച്ചാണ് അജയ് ദേവ്ഗൺ ബിഗ് ബോസ് വേദിയിലെത്തിയത്. കണ്ണ് വീങ്ങിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സൽമാൻ, ഇക്കാര്യം താരത്തോട് ചോദിക്കുകയായിരുന്നു. ആക്ഷൻ സീക്വൻസിനിടെ കണ്ണിൽ അടിയേൽക്കുകയും തുടർന്ന് സാരമായ പരിക്കു പറ്റിയെന്നും അജയ് മറുപടി നൽകി. പിന്നാലെ ചെറിയ സർജറി നടത്തേണ്ടിവന്നു. രണ്ട് -മൂന്ന് മാസത്തേക്ക് ഒന്നും കാണാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ നല്ല ഭേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മറുപടിയായി സംഘട്ടന രംഗങ്ങൾ ചെയ്യുമ്പോൾ ഇതെല്ലാം സാധാരണമാണെന്ന് സൽമാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അതേസമയം ദിവാലി റിലീസായി നവംബർ ഒന്നിനാണ് ‘സിങ്കം എഗെയ്ൻ’ വെള്ളിത്തിരയിലെത്തുന്നത്. രോഹിത് ഷെട്ടിയുടെ ‘കോപ് യൂനിവേഴ്സി’ലെ ഏറ്റവും വലിയ ചിത്രമാണിത്. ചിത്രത്തിൽ അതിഥി വേഷത്തിൽ സൽമാൻ ഖാനും എത്തുന്നുണ്ട്.

