ഷാറൂഖും ഗൗരിയും വാടക വീട്ടിലായിരുന്നു; അവനെക്കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനം
text_fieldsകരിയർ പടുത്തുയർത്താൻ ഷാറൂഖ് ഖാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടൻ ചങ്കി പാണ്ഡെ. മുംബൈയിലെത്തിയതിന് ശേഷം ഷാറൂഖ് നേരിട്ട വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഷാറൂഖ് ബോളിവുഡിൽ തിളങ്ങുമെന്ന് ആദ്യമേ അറിയാമeയിരുന്നെന്നും സുഹൃത്തിൽ അഭിമാനം തോന്നുന്നെന്നും കൂട്ടിച്ചേർത്തു. ഷാറൂഖ് ഖാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നടൻ ചങ്കി പാണ്ഡെ.
'വിവാഹ ശേഷം മുംബൈയിലെത്തിയ ഷാറൂഖും ഗൗരിയും വാടക വീട്ടിലാണ് താമസിച്ചത്. ആ സമയത്ത് എന്റെ ഇളയ സഹോദരനായിരുന്നു ഷാറൂഖിന്റെ അടുത്ത സുഹൃത്ത്. ഇപ്പോഴും അവർക്കിടയിൽ ആ സൗഹൃദമുണ്ട്. അന്ന് ഷാറൂഖും ഗൗരിയും എന്റെ സഹോദരനെ കാണാൻ വരുമായിരുന്നു. അവർ ഒരുമിച്ചിരുന്ന് സിനിമകൾ കാണുമായിരുന്നു. അന്ന് അവർ എപ്പോഴും ഞങ്ങളുടെ വീട്ടിലായിരുന്നു.
ഭാവിയിൽ ഷാറൂഖ് ഒരു സൂപ്പർ സ്റ്റാർ ആകുമെന്ന് എനിക്ക് അറിയാമായിരുന്നു. കാരണം അവന്റെ കണ്ണിൽ ഒരു ഫയർ ഉണ്ട്. അത് ഇപ്പോഴും ഉണ്ട്. വളരെ കഴിവുള്ള വ്യക്തിയാണ്. എങ്ങോട്ട് പോകണമെന്ന് കൃത്യമായി അറിയാം.വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അവൻ മാറിയിട്ടില്ല. അന്നുമുതൽ ഷാറൂഖിനെ അറിയാമെന്നതിൽ ഞാൻ അഭിമാനിക്കുന്നു'-ചങ്കി പാണ്ഡെ പറഞ്ഞു.
ഒരു ഇടവേളക്ക് ശേഷം ഷാറൂഖ് ഖാൻ ബോളിവുഡിൽ മടങ്ങി എത്തിയിട്ടുണ്ട്. പോയവർഷം (2023) ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ഷാറൂഖ് ചിത്രങ്ങളായിരുന്നു. പത്താൻ, ജവാൻ , ഡങ്കി എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് കിങ് ഖാന്റേതായി തിയറ്ററിലെത്തിയത്. 2,500 കോടിയാണ് മൂന്ന് ചിത്രങ്ങളുടെ ആഗോളബോക്സോഫീസ് കളക്ഷൻ. ഐ.പി. എല്ലിന്റെ തിരക്കിലാണ് കിങ് കാൻ ഇപ്പോൾ. 2024 ൽ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

