ലുക്ക് മാത്രമല്ല, പ്രേക്ഷകരെ ഞെട്ടിച്ച് വിക്രം! തങ്കലാൻ ടീസർ- വിഡിയോ
text_fieldsമണിരത്നം ചിത്രമായ പൊന്നിയിൻ സെൽവന് ശേഷം ചിയാൻ വിക്രം പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് തങ്കലാൻ. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. യുദ്ധത്തിന്റെ പശ്ചാത്തലമാണ് ടീസറിലുള്ളത്. കൂടാതെ ജി.വി പ്രകാശിന്റെ പശ്ചാത്തല സംഗീതവും വിക്രമിന്റെ ലുക്കും ചർച്ചയായിട്ടുണ്ട്. കോലാർ സ്വർണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ് തങ്കലാൻ
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം 2024 ജനുവരി 26 നാണ് ലോകമെമ്പാടും തിയറ്ററുകളിലെത്തുന്നത്. തമിഴിനെ കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്. ഇതാദ്യമായിട്ടാണ് പാ. രഞ്ജിത്തും ചിയാനും ഒന്നിക്കുന്നത്.
വിക്രമിനൊപ്പം പാർവതി തിരുവോത്ത്, മാളവിക മോഹനൻ, പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. സംവിധായകൻ പാ രഞ്ജിത്തും തമിഴ് പ്രഭും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
അഴകിയ പെരിയവൻ സംഭാഷണവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. എസ്.എസ്. മൂർത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനൻ യാത്രിഗൻ എന്നിവരുടേതാണ് വരികൾ. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

