ലുക്ക് കണ്ട് ഞെട്ടി! 'തങ്കലാൻ' പോസ്റ്ററും റിലീസിങ് തീയതിയും പുറത്ത്
text_fieldsവിക്രമിനെ കേന്ദ്രകഥാപാത്രമാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. തമിഴിമ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 2024 ജനുവരി 26നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കൂടാതെ ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.തങ്കലാന്റെ പോസ്റ്റർ ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ചിത്രത്തിന്റെ ടീസർ നവംബർ ഒന്നിന് റിലീസ് ചെയ്യും.
ഇതുവരെ കാണാത്ത ലുക്കിലാണ് തങ്കലാൻ ചിത്രത്തിൽ വിക്രം എത്തുക. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ആക്ഷന്‍ ചിത്രമാണിത്. നേരത്തെ തങ്കലാനും വേണ്ടിയുള്ള വിക്രമിന്റെ മോക്കോവർ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഥാപാത്രത്തിനായുള്ള നടന്റെ തയാറെടുപ്പുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ വിഡിയോ ഒരുക്കിയത്.
പാര്‍വതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാര്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍.
സംവിധായകൻ പാ രഞ്ജിത്തും തമിഴ് പ്രഭും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. മൂര്‍ത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

