35 വർഷത്തിന് ശേഷം റീ റിലീസ്; ചിരഞ്ജീവിക്ക് ആശ്വാസമായി 'ജഗദേക വീരുഡു അതിലോക സുന്ദരി'
text_fieldsചിരഞ്ജീവി, ശ്രീദേവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ജഗദേക വീരുഡു അതിലോക സുന്ദരി'. ഫാന്റസി ഡ്രാമയായി എത്തിയ ചിത്രം 15 കോടിയായിരുന്നു അന്ന് സ്വന്തമാക്കിയത്. പുറത്തിറങ്ങി 35 വർഷത്തിന് ശേഷം ചിത്രം റീ റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ആരാധകർ വലിയ സ്‌ക്രീനിൽ നടിയെ വീണ്ടും കാണാൻ കഴിഞ്ഞ ആവേശത്തിലാണ്.
മെയ് 10നാണ് ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം 1.75 കോടി രൂപ ഗ്രോസ് നേടിയെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഒരു ചിത്രം റീറിലീസില്‍ നേടുന്ന ഏറ്റവും മികച്ച ഓപ്പണിങ്ങാണ് ഇത്. ചിത്രം 2D യിലും 3D യിലുമാണ് റീ റിലീസ് ചെയ്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിരഞ്ജീവി സിനിമകളെല്ലാം വലിയ പരാജയങ്ങളായിരുന്നു. 'ജഗദേക വീരുഡു അതിലോക സുന്ദരി'യുടെ വിജയം ചിരഞ്ജീവിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
രാജു എന്ന ഗൈഡും ദേവരാജാവായ ഇന്ദ്രന്‍ പുത്രിയായ ഇന്ദ്രജയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്‍റെ കഥ. രാഘവേന്ദ്ര റാവുവും ജന്ധ്യാലയും ചേർന്നാണ് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ചിരഞ്ജീവി, ശ്രീദേവി എന്നിവര്‍ക്ക് പുറമേ അമരീഷ് പുരി, പ്രഭാകർ, അല്ലു രാമലിംഗയ്യ, റാമി റെഡ്ഡി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ഇളയരാജയാണ് സംഗീതം ഒരുക്കിയത്. 1990 ലെ തെലുങ്കിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം കൂടിയാണ് ജഗദേക വീരുഡു അതിലോക സുന്ദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

