മഞ്ഞ പൂക്കളാൽ അലങ്കരിച്ച വള്ളം, വെള്ള വസ്ത്രത്തിൽ ചിരഞ്ജീവിയും നയൻതാരയും; ഗാനരംഗത്തിന്‍റെ ഷൂട്ട് ആലപ്പുഴയിൽ
text_fieldsകോമഡി സിനിമകൾക്ക് പേരുകേട്ട അനിൽ രവിപുടി, ചിരഞ്ജീവിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തന്‍റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ്. ചിത്രത്തിന്‍റെ അപ്ഡേറ്റുകൾ ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി ചിരഞ്ജീവിയും നയൻതാരയും കേരളത്തിൽ എത്തി എന്നതാണ് ഏറ്റവും പുതിയ വിവരം. ആലപ്പുഴയിലാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്.
വിവാഹ രംഗം പോലെ തോന്നിക്കുന്ന രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഞ്ഞ പൂക്കളാൽ അലങ്കരിച്ച രണ്ട് വള്ളങ്ങളിലാണ് ഷൂട്ട് നടക്കുന്നത്. വെള്ള വസ്ത്രമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. വിവാഹ രംഗമായിരിക്കാം ഷൂട്ട് ചെയ്യുന്നതെന്ന് വിഡിയോ പങ്കുവെച്ച യൂട്യൂബർ പറഞ്ഞു. ചിരഞ്ജീവിയും നയൻതാരയും ഒരു വള്ളത്തിലും ക്രൂ മറ്റൊരു വള്ളത്തിലുമാണുള്ളത്. നാട്ടുകാർ ഷൂട്ടിങ് കാണാൻ നിൽക്കുന്നതും വിഡിയോയിൽ ഉണ്ട്.
'മെഗാ157' എന്ന താൽക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങാണ് നടക്കുന്നത്. 'സൈ റാ നരസിംഹ റെഡ്ഡി', 'ഗോഡ്ഫാദർ' എന്നീ ചിത്രങ്ങളിൽ നയൻതാര ചിരഞ്ജീവിക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും പെയറായി എത്തുന്നത് ആദ്യമായാണ്. ചിത്രത്തിൽ ഒരു റൊമാന്റിക് ഗാനമുണ്ടെന്നും അതിന്‍റെ ഷൂട്ടിങ് കേരളത്തിലാണെന്നും തെലുങ്ക്360 റിപ്പോർട്ട് ചെയ്തിരുന്നു. ഭാനു മാസ്റ്ററാണ് നൃത്തസംവിധാനം എന്നാണ് റിപ്പോർട്ട്.
കേരളത്തിലെ ഷെഡ്യൂൾ ജൂലൈ 23ന് അവസാനിക്കുമെന്നാണ് റിപ്പോർട്ട്. കേരള ഷെഡ്യൂൾ പൂർത്തിയായിക്കഴിഞ്ഞാൽ ഒരു ചെറിയ ഇടവേളക്ക് ശേഷം ആഗസ്റ്റിൽ ഹൈദരാബാദിൽ രണ്ടാം ഷെഡ്യൂളിനായി ടീം വീണ്ടും ഒന്നിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒക്ടോബറോടെ ഷൂട്ട് പൂർത്തിയാകും.
2023ലെ വാൾട്ടെയർ വീരയ്യ, ഭോലാ ശങ്കർ എന്നീ ചിത്രങ്ങളാണ് ചിരഞ്ജീവിയുടോതായി അവസാനം പുറത്തിറങ്ങിയത്. രവി തേജ, ശ്രുതി ഹാസൻ എന്നിവർ അഭിനയിച്ച ആദ്യ ചിത്രം ഹിറ്റായിരുന്നു. അതേസമയം കീർത്തി സുരേഷ്, തമന്ന ഭാട്ടിയ എന്നിവർ അഭിനയിച്ച രണ്ടാമത്തെ ചിത്രത്തിന് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

