'ലൂസിഫർ' ആയി ചിരഞ്ജീവി, നായികയായി നയൻതാര, കൂട്ടിന് സൽമാൻ ഖാനും; ആകാംക്ഷ നിറച്ച് 'ഗോഡ്ഫാദർ' ടീസറെത്തി
text_fieldsമോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ സൂപ്പർഹിറ്റ് മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് 'ഗോഡ്‍ഫാദറി'ന്റെ ടീസർ പുറത്ത്. മെഗാസ്റ്റാർ ചിരഞ്ജീവിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി നയന്‍താരയും പൃഥ്വിരാജിന്‍റെ ഗെസ്റ്റ് റോളില്‍ സല്‍മാന്‍ ഖാനുമാണ് എത്തുന്നത്. മുഖ്യമന്ത്രിയായി സത്യദേവും പൊലീസ് ഓഫിസറായി സമുദ്രക്കനിയും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിരഞ്ജീവിയുടെ കരിയറിലെ 153ാം ചിത്രമാണിത്. താരത്തിന്റെ 67ാം പിറന്നാളിന് തലേന്നാണ് ടീസര്‍ പുറത്തെത്തിയത്. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിർവഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. എസ്. തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിർവഹിച്ചിരിക്കുന്നു.
തെലുങ്ക് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ തിരക്കഥയില്‍ മാറ്റം വരുത്തിയാണ് റീമേക്ക് എത്തുന്നതെന്നാണ് റിപ്പോർട്ട്. ചിത്രം ഒക്ടോബർ അഞ്ചിന് ദസറയോടനുബന്ധിച്ചാവും തിയറ്ററിലെത്തുക. ഗോഡ്ഫാദറിന്റെ ഹിന്ദി പതിപ്പിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾക്കായി 45 കോടി രൂപയുടെ ഓഫർ ഗോഡ്ഫാദറിന്റെ നിർമാതാക്കൾക്ക് ലഭിച്ചതായി അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

