ഛോട്ട വിപിൻ സംവിധായകനായി ബഡാ ചിത്രം; 'പോർക്കളം' പ്രതീക്ഷ
text_fieldsപോർക്കളം എന്ന ചിത്രത്തിെൻറ ലൊക്കേഷനിൽ സംവിധായകൻ ഛോട്ടാ വിപിൻ നിർദേശം നൽകുന്നു
ചേർത്തല: അറേബ്യൻ റെേക്കാഡ് ഓഫ് വേൾഡ് റെേക്കാഡ്സിൽ ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ രണ്ടാമത്തെ സിനിമ സംവിധായകൻ എന്ന നിലയിൽ ഇടംപിടിച്ച മാക്കേക്കടവ് പടിഞ്ഞാറെവെളി ഛോട്ടാ വിപിൻ (36) മലയാളത്തിലെ 'വലിയ സംവിധായ'കരുടെ നിരയിൽ സ്ഥാനം പിടിക്കുന്നു. 2005ൽ 'അത്ഭുതദ്വീപ്' എന്ന സിനിമയിലൂടെ രംഗപ്രവേശനം നടത്തിയ വിപിൻ, മമ്മൂട്ടി നായകനായ പട്ടണത്തിലെ ഭൂതം, മായാപുരി, അറ്റ് വൺസ് തുടങ്ങി 25ൽഅധികം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു.
സൈക്കിൾ ബെൽ, വീട്ടിലെ ഊണ് എന്നീ ടെലിഫിലുമുകൾ സംവിധാനം ചെയ്തു. ജീവിതാനുഭവങ്ങൾ കോർത്തിണക്കി 'തോന്ന്യാക്ഷരങ്ങൾ' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.
ഇതിന് ശേഷമാണ് തന്നെപ്പോലെ ഉയരം കുറഞ്ഞ ആളുകളുടെ കഷ്ടതകൾ പറയുന്ന കഥയുടെ രചനയിലായിരിക്കെ നിർമാതാവ് വി.എൻ. ബാബുവിനെ കണ്ടുമുട്ടുന്നത്. കൈയിലിരിക്കുന്ന കഥ സിനിമയാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ബാബു അതിന് തയാറാവുകയായിരുന്നു. പേര് 'പോർക്കളം'. ഒരു കോടി മുടക്കുള്ള സിനിമക്ക് മറ്റൊരു നിർമാതാവായ പള്ളിപ്പുറം സ്വദേശി ഒ.സി വക്കച്ചനും പങ്കാളിയായി. മമ്മൂട്ടിയെ നായകനാക്കി 'ദ പ്രീസ്റ്റ്' എന്ന ചിത്രത്തിെൻറ വിജയത്തിന് ശേഷം വി.എൻ. ബാബു നിർമിക്കുന്നതാണ് പോർക്കളമെന്ന പ്രത്യേകതയുമുണ്ട്. 13ൽഅധികം കുറിയ മനുഷ്യരുടെ കഥ പറയുന്ന സിനിമയിൽ അറിയപ്പെടുന്ന മറ്റ് വലിയ താരനിരയുമുണ്ട്.
എറണാകുളം, ആലപ്പുഴ ജില്ലകളിലായി 26 ദിവസംകൊണ്ട് സിനിമ തീർത്തു. തിയറ്ററുകളിൽ ഉടൻ റിലീസ് ചെയ്യുന്ന പോർക്കളം വലിയ പ്രതീക്ഷ നൽകുന്നുണ്ടെന്ന് ഛോട്ടാ വിപിൻ പറഞ്ഞു.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള കൂട്ടായ്മകളായ സ്നേഹാർദ്രം , ഹാക്ക്കോക്ക് എന്നീ സംഘടനകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ് വിപിൻ. വിവാഹവും കുടുംബവുമൊക്കെ സ്വപ്നം കാണുന്ന വിപിൻ ഉയരം കൂടിയ പെൺകുട്ടി ജീവിതപങ്കാളിയായി എത്തുമെന്ന പ്രതീക്ഷയും പങ്കുവെക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.