'അഴിമതി അംഗീകരിക്കില്ല, കർശന നടപടിയെടുക്കും'; വിശാലിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
text_fieldsവിശാൽ
വിശാൽ ചിത്രമായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന്റെ റിലീസുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിന് കൈകൂലി നൽകിയെന്നുള്ള നടന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. സർക്കാർ അഴിമതി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കേന്ദ്ര വാർത്താ വിനിമയ പ്രേക്ഷേപണ മന്ത്രാലയം ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
'കേന്ദ്ര സെൻസർ ബോർഡിലെ അഴിമതിയെക്കുറിച്ച് നടൻ വിശാൽ ഉന്നയിച്ച ആരോപണങ്ങൾ അത്യന്തം നിർഭാഗ്യകരമാണ്. സർക്കാർ അഴിമതിയെ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. നടൻ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കും. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്. മന്ത്രാലയവുമായി സഹകരിക്കണം- എന്നായിരുന്നു ട്വീറ്റ്
വെള്ളിയാഴ്ചയാണ് കേന്ദ്ര സെൻസർ ബോർഡിനെതിരെ വിശാൽ രംഗത്ത് എത്തിയത്. 'സിനിമയിൽ അഴിമതി കാണിക്കുന്നത് കുഴപ്പമില്ല. എന്നാൽ യഥാർഥ ജീവിതത്തിൽ ശരിയല്ല. അതു അംഗീകരിക്കാനാകില്ല, പ്രത്യേകിച്ച് സർക്കാർ ഓഫീസുകളിൽ.
എന്റെ ചിത്രം മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് 6.5 ലക്ഷം രൂപ നൽകേണ്ടിവന്നു. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്ന് ലക്ഷവും സർട്ടിഫിക്കറ്റിനായി 3.5 ലക്ഷവും നൽകി. എന്റെ കരിയറിൽ ആദ്യത്തെ സംഭവമാണിത്. പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു എന്നാണ് വിശാൽ പറഞ്ഞത്.
പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങളും നടൻ പുറത്തുവിട്ടിട്ടുണ്ട്.