'ഫൂലെ'യിലെ ചരിത്ര വസ്തുതകൾ സെൻസർ ചെയ്തത് എന്തുകൊണ്ട്?
text_fieldsജ്യോതിറാവു ഫൂലെയുടെയും സാവിത്രിഭായ് ഫൂലെയുടെയും വിപ്ലവകരമായ ജീവിതത്തെ ചിത്രീകരിക്കുന്ന ആനന്ദ് മഹാദേവന്‍ ചിത്രം 'ഫൂലെ'യുടെ റിലീസ് നീട്ടി. മഹാരാഷ്ട്രയിലെ ബ്രാഹ്‌മണ്‍ സമുദായ സംഘടനകളുടെ എതിര്‍പ്പിന് പിന്നാലെയാണ് റിലീസ് നീട്ടിയത്. ചിത്രം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് ആരോപണം. ഏപ്രിൽ 11 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഏപ്രിൽ 25ലേക്കാണ് മാറ്റിയത്.
ബ്രാഹ്മണ മേധാവിത്വം, വിധവ പുനർവിവാഹം അടക്കം ഫൂലെ പോരാടിയ ചരിത്രപരമായ കാര്യങ്ങൾക്ക് നേരെയാണ് സെൻസർ ബോർഡ് വെട്ടിചുരുക്കലുകൾ നടത്തിയത്. റിലീസിന് മുമ്പ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചിത്രത്തിന് 12ഓളം മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ജാതി വ്യവസ്ഥ സംബന്ധിച്ച വോയ്‌സ് ഓവര്‍ അടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ചില സംഭഷണങ്ങൾ മാറ്റാനും നിർദേശമുണ്ട്. സിനിമക്ക് പ്രത്യേക അജന്‍ഡയില്ലെന്നും വസ്തുതകള്‍ മാത്രമാണ് അവതരിപ്പിച്ചതെന്നും സംവിധായകൻ ആനന്ദ് മഹാദേവന്‍ വ്യക്തമാക്കി.
ഫൂലെയിൽ നിന്ന് ജാതി അടിസ്ഥാനമാക്കിയുള്ള പരാമർശങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനം ചില ചരിത്രകാരന്മാരിൽ നിന്നും ആക്ടിവിസ്റ്റുകളിൽ നിന്നും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് ചരിത്രത്തെ വെള്ളപൂശുന്നതിനും അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ജീവിതാനുഭവങ്ങളെ കുറച്ചുകാണുന്നതിനും കാരണമാകുമെന്ന് അവർ പറയുന്നു. ഇന്ത്യയിലെ വനിതാ അവകാശ പ്രസ്ഥാനത്തിലെ പ്രധാന വ്യക്തിയാണ് സാവിത്രിബായി ഫൂലെ. 1848ൽ ഭർത്താവ് ജ്യോതിറാവു ഫൂലെയോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ പെൺകുട്ടികൾക്കുള്ള സ്കൂൾ ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.