'നിങ്ങൾ മുസ്‌ലിമാണ്, ഹേയ് റാം എന്ന് പറയാൻ പാടില്ല,' സെൻസർബോർഡന്‍റെ വിലക്ക്; ഒടുവിൽ ഇടപെട്ടത് ജവഹർലാൽ നെഹ്റു
text_fieldsഇന്ത്യൻ സിനിമാ ചരിത്രത്തിലെയും സെൻസർഷിപ്പിന്റെയും കൗതുകകരമായ ചില പഴയകാല അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് സംവിധായകൻ തിഗ്മാൻഷു ധൂലിയ വെളിപ്പെടുത്തിയ ഒരു സംഭവം ഏറെ ശ്രദ്ധേയമാകുന്നു. 'ദി വയർ' സംഘടിപ്പിച്ച ചടങ്ങിൽ മാധ്യമ-സിനിമാ വ്യവസായത്തിന്റെ അവസ്ഥയെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇന്ത്യൻ സിനിമയുടെ ആദ്യകാല യാഥാർത്ഥ്യങ്ങളെക്കുറിച്ച് വാചാലനായത്. സിനിമയും രാഷ്ട്രീയവും തമ്മിലുള്ള സങ്കീർണ്ണതകൾ വെള്ളിത്തിരയിൽ എങ്ങനെയെല്ലാം പ്രതിഫലിച്ചിരുന്നു എന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു അദ്ദേഹം പങ്കുവെച്ച ആ പഴയ അനുഭവം.
ഇതിഹാസ താരം ദിലീപ് കുമാർ അഭിനയിച്ച ക്ലാസിക് ചിത്രമായ 'ഗംഗാ ജമുന'യുടെ ചിത്രീകരണ വേളയിലായിരുന്നു ഈ അസാധാരണ സംഭവം നടന്നത്. ചിത്രത്തിൽ ഒരു പ്രത്യേക സന്ദർഭത്തിൽ 'ഹേ റാം' എന്ന് ഉച്ചരിക്കേണ്ട രംഗം ദിലീപ് കുമാറിനുണ്ടായിരുന്നു. എന്നാൽ താരം ഒരു മുസ്‌ലിമാണെന്ന കാരണം ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് ഇതിനെ ശക്തമായി എതിർത്തു. ഒരു മുസ്‌ലിം നടൻ ഈ വാക്കുകൾ സിനിമയിൽ ഉപയോഗിക്കുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അവർ. അന്ന് കലയെയും മതത്തെയും വേറിട്ട് കാണാൻ കഴിയാത്ത മാനസികാവസ്ഥയുള്ള ചിലർ സെൻസർ ബോർഡിൽ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവായിരുന്നു ഇത്.
ഈ വിവാദം വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോൾ ഒടുവിൽ വിഷയം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പക്കൽ എത്തിച്ചേരുകയായിരുന്നു. നെഹ്റു ഈ വിഷയത്തിൽ ഇടപെടുകയും സെൻസർ ബോർഡിന്‍റെ ഇത്തരം വിലക്കുകൾ അനാവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് ആ രംഗം ചിത്രത്തിൽ നിലനിർത്താൻ കഴിഞ്ഞത്. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബ്രിട്ടീഷുകാരുടെ കണ്ണുവെട്ടിച്ച് സിനിമകളിലൂടെ രാഷ്ട്രീയ സന്ദേശങ്ങൾ നൽകാൻ അന്നത്തെ ചലച്ചിത്ര പ്രവർത്തകർ കാണിച്ച സൂക്ഷ്മതയെക്കുറിച്ചും ധൂലിയ തന്റെ പ്രഭാഷണത്തിൽ ഓർത്തെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

