സിനിമയിൽ വെട്ടിച്ചേർക്കുന്നത് അവരുടെ അജണ്ട, അത്ര നിഷ്കളങ്കമല്ല ഇപ്പോഴത്തെ സെൻസറിങ്
text_fieldsഎന്താണ് സെൻസർ ബോർഡിന്‍റെ പണി? ഇന്ത്യയിൽ പുറത്തിറങ്ങുന്ന സിനിമകൾക്കും മറ്റും ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയ്യുമാണ് അവർ ചെയ്യേണ്ടത്. എന്നാൽ, സംഘപരിവാറിന് 'ആവശ്യമായ' നിയന്ത്രണങ്ങൾ വരുത്തുന്ന സ്ഥാപനമായി ചുരുങ്ങുന്നു എന്ന സംശയമുളവാക്കുന്ന തരത്തിലാണ് ഇന്ന് സെൻസർ ബോർഡ് പ്രവർത്തിക്കുന്നത്.
ഈയിടെ പുറത്തിറങ്ങിയ ചില മലയാള സിനിമകളോടുള്ള സെൻസർ ബോർഡിന്‍റെ സമീപനം ശ്രദ്ധിച്ചാൽ കാര്യം വ്യക്തമാണ്. വെട്ടുന്നതത്രയും സംഘപരിവാറുമായി ബന്ധപ്പെട്ട വാക്കുകളും വസ്തുതകളുമാണ്. മൂന്ന് മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള ഒരു സിനിമയിൽ നിന്ന് ഒഴിവാക്കിയാൽ ചരിത്ര വസ്തുതകൾ ഇല്ലാതെയാകില്ല.
എമ്പുരാനിൽ തുടങ്ങാം...24 ഇടത്താണ് മാറ്റം വരുത്തിയത്. സംഘപരിവാർ സംഘടനകൾ വിമർശനമുന്നയിച്ച ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സീനുകളിലാണ് മാറ്റങ്ങൾ ഏറെയും. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതുമായ രംഗങ്ങളൊക്കെ ഒഴിവാക്കി. ഇവയൊന്നും നമ്മുടെ നാട്ടിൽ സംഭവിച്ചിട്ടേയില്ലെന്ന് വരുത്തിത്തീർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. അതിന് കുടപിടിക്കുകയാണ് സെൻസർബോർഡ്.
പിന്നെ, 'കേന്ദ്രമന്ത്രി' സുരേഷ് ഗോപിയുടെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയിലെ ജാനകി എന്ന പേരാണ് സെൻസർ ബോർഡിന് പ്രശ്നമായത്. ജാനകിക്കൊപ്പം ‘വി’ എന്നുകൂടി ചേർത്താൽ പ്രദർശനാനുമതി നൽകാമെന്നാണ് സെൻസർ ബോർഡ് നിർദേശിച്ചത്. ‘മതപരമായി പ്രാധാന്യമുള്ള ജാനകിയെന്ന പേരുമായി കഥാപാത്രത്തിന് ബന്ധമില്ല’ എന്ന് എഴുതിക്കാണിച്ചാൽ മതിയാകുമോയെന്ന് കോടതി വരെ ചോദിച്ചിട്ടും പരിഹാരമായില്ല. ജാനകിയെ വെട്ടി വി.ജാനകിയാക്കിയിട്ടേ ബോർഡ് അടങ്ങിയുള്ളൂ.
ഷെയ്ന്‍ നിഗം നായകനായ ‘ഹാല്‍’ എന്ന ചിത്രത്തിലെ ബീഫിലും സെൻസർ ബോർഡ് കത്രിക വെച്ചു. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. മാത്രമല്ല, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പോലുള്ള പരാമർശങ്ങളും ഒഴിവാക്കാൻ നിർദേശമുണ്ട്. 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്നാണ് സെൻസർ ബോർഡിന്‍റെ കടുംപിടുത്തം.
പൗരത്വ ബിൽ, ഹിന്ദി സംസാരിക്കുന്നവർ, ബിഹാർ, രാമരാജ്യം തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കിയപ്പോഴാണ് പ്രൈവറ്റ് എന്ന സിനിമക്ക് പ്രദർശനാനുമതി നൽകിയത്. രാജ്യത്ത് അടുത്തിടെ കൊല്ലപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങൾ എന്‍ഡ് കാര്‍ഡിൽ നിന്ന് ഒഴിവാക്കാനും സെൻസർ ബോർഡ് നിർദേശിച്ചു. ഏറ്റവും ഒടുവിലായി, അവിഹിതമെന്ന സിനിമയിൽ നിന്ന് സീത എന്ന പേര് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സീതയെന്നും ജാനകിയെന്നും ബീഫെന്നുമൊക്കെ കേട്ടാൽ പൊള്ളുന്നത് ആർക്കാണെന്ന് ഊഹിക്കാവുന്നതേയുള്ളു. കേരളത്തിലും അത്ര നിശബ്ദമായല്ലാതെ തന്നെ അവർ തങ്ങളുടെ അജണ്ട അടിച്ചേൽപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

