ഐ.എഫ്.എഫ്.കെയിൽ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം; കൂടുതലും ഫലസ്തീൻ പ്രമേയമായ സിനിമകൾ
text_fieldsതിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഫലസ്തീൻ പ്രമേയമായ സിനിമകൾക്ക് അനുമതി നൽകാതെ കേന്ദ്ര സർക്കാർ. 19 സിനിമകൾക്കാണ് പ്രദർശനാനുമതി നിഷേധിച്ചത്. സെൻസർ ചെയ്യാതെ എത്തുന്ന സിനിമകൾക്ക് സാധാരണ നൽകുന്ന സർട്ടിഫിക്കറ്റാണ് കേന്ദ്രം നിഷേധിച്ചത്. ആൾ ദാസ്റ്റ്സ് ലെഫ്റ്റ് ഓഫ് യൂ, വൺസ് അപ്പ് ഓൺ എ ടൈം ഇൻ ഗസ്സ, ബാറ്റിൽഷിപ്പ് പൊട്ടെംകിൻ എന്നിവയുൾപ്പെടെ 19ഓളം സിനിമകൾ പ്രദർശിപ്പിക്കുന്നതിനാണ് അനുമതി നൽകാത്തത്.
ഐ.എഫ്.എഫ്.കെയിൽ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി നേടുന്നതിനായി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി ചർച്ചകൾ നടത്തിവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. ഡിസംബർ 15ന് വൈകിട്ട് 6.30ന് ശ്രീ തിയറ്ററിൽ പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ബാറ്റിൽഷിപ്പ് പൊട്ടെംകിനിന്‍റെ പ്രദർശനം റദ്ദാക്കിയിട്ടുണ്ട്. സിനിമകൾക്ക് പ്രദർശന അനുമതി നൽകാത്ത സമീപനത്തെ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി വിമർശിച്ചിട്ടുണ്ട്.
'കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാമത് പതിപ്പിൽ 19 സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകാൻ വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം വിസമ്മതിച്ചു. ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ സെർജി ഐസൻസ്റ്റീന്റെ 100 വർഷം പഴക്കമുള്ള ക്ലാസിക് ബാറ്റിൽഷിപ്പ് പൊട്ടെംകിൻ, ഗാസയിലെ ഫലസ്തീനികളുടെ ദുരവസ്ഥയെക്കുറിച്ചുള്ള പ്രശംസ നേടിയ ചിത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഭക്ഷണ തെരഞ്ഞെടുപ്പുകളുമായി യാതൊരു ബന്ധവുമില്ലെങ്കിലും, 'ബീഫ്' എന്ന സിനിമക്കും അതിന്റെ പേര് കാരണം അനുമതി നിഷേധിച്ചിട്ടുണ്ട്' -അദ്ദേഹം എക്സിൽ കുറിച്ചു.
'കേരള സർക്കാർ സംഘടിപ്പിക്കുന്ന ഐ.എഫ്.എഫ.കെയെ തടസ്സപ്പെടുത്താനുള്ള ഈ അസംബന്ധവും ഭ്രാന്തവുമായ ശ്രമം, മോദി, ഷാ, മോഹൻ ഭാഗവത് എന്നിവരുടെ കീഴിലുള്ള തീവ്ര സ്വേച്ഛാധിപത്യ ഭരണത്തിന്റെ നവ-ഫാസിസ്റ്റ് പ്രവണതകളുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. കലാകാരന്മാർ, ചലച്ചിത്ര പ്രവർത്തകർ, ജനാധിപത്യ ചിന്താഗതിക്കാരായ എല്ലാ പൗരന്മാരും ഈ അപമാനകരമായ നീക്കത്തിനെതിരെ ശബ്ദമുയർത്തണം' -എം.എ ബേബി കൂട്ടിച്ചേർത്തു.
30ാമത് ഐ.എഫ്.എഫ്.കെ തലസ്ഥാനത്ത് പുരോഗമിക്കുകയാണ്. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽനിന്നുള്ള 206 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഫലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെയും ചരിത്രത്തിന്റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘ഫലസ്തീൻ 36’ ആയിരുന്നു മേളയുടെ ഉദ്ഘാടന ചിത്രം. മേളയുടെ അഞ്ചാം ദിനമായ നാളെ (ചൊവ്വാഴ്ച്ച) 72 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ലോക ക്ലാസിക്കുകളും പുതിയ സിനിമകളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന കാഴ്ചകളാണ് പ്രധാന ആകർഷണം. ഇന്തോനേഷ്യൻ റിവഞ്ച് ത്രില്ലറായ 'ദി ബുക്ക് ഓഫ് സിജിൻ & ഇല്ലിയിൻ' പാതിരാപ്പടമായി നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

