സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനശ്രമം; അസോസിയേറ്റ് ഡയറക്ടർക്കെതിരെ പരാതി നൽകി ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ്
text_fieldsകൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണം നേരിടുന്ന ചീഫ് അസോസിയേറ്റ് ഡയറക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ്. കാസ്റ്റിങ് കൗച്ചിലൂടെ കമ്പനിയെ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെയാണ് പരാതി. സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫെഫ്കക്കും പരാതി നൽകിയിട്ടുണ്ട്. വേഫെറർ ഫിലിംസിന്‍റെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് പനമ്പിള്ളി നഗറിലെ വേഫെറർ ഫിലിംസിന്‍റെ ഓഫിസിന് സമീപത്തെ കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തി ദിനിൽ ബാബു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. വേഫെറർ ഫിലിംസിന്‍റെ കാസ്റ്റിങ് കോളുകൾ കമ്പനിയുടെയോ ദുൽഖർ സൽമാന്റെയോ ഔദ്യോഗിക സമൂഹമാധ്യമ പേജുകൾ വഴി മാത്രമേ പുറത്തുവരൂ എന്നും ദിനിൽ ബാബുവുമായി വേഫെറർ കമ്പനിക്ക് ബന്ധമില്ലെന്നും അധികൃതർ അറിയിച്ചു
അതേസമയം, 2019ലാണ് ദുൽഖർ നിർമാണ കമ്പനി സ്ഥാപിക്കുന്നത്. 'വേഫെറർ' എന്നത് കൊണ്ട് അർഥമാക്കുന്നത് സഞ്ചാരി എന്നാണ്. അറിയപ്പെടാത്ത ഭൂപ്രദേശത്ത് കൂടി കാൽനടയായി പോകുന്നവർ. ഒരു സിനിമ നിർമിക്കുന്നതും അതിന്‍റെ ഭാഗമാകുന്നതും ഇങ്ങനെയാണെന്ന് വിശ്വസിക്കുന്നു. പുതിയ സംരംഭം തന്നെ പ്രചോദിപ്പിക്കുന്നു. എല്ലാവരും പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു നിർമാണ കമ്പനി പ്രഖ്യാപിച്ചുകൊണ്ട് ദുൽഖർ എഴുതിയത്.
2021ലാണ് വേഫെറർ ഫിലിംസ് വിതരണ രംഗത്തേക്ക് കടന്നത്. അരുൺ വൈഗ സംവിധാനം ചെയ്ത 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' വിതരണം ചെയ്തുകൊണ്ടാണ് വേഫെറർ ഫിലിംസ് വിതരണ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമാണ് ലോക ചാപ്റ്റർ 1 ചന്ദ്ര മലയാളത്തിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമയായി മാറിയിരിക്കുകയാണ്. ചലചിത്രമേളകളിൽ പ്രശംസ നേടിയ ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച 'ഫെമിനിച്ചി ഫാത്തിമ' വേഫെറർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

