സെൻസർ ബോർഡ് വെട്ടിയ ഭാഗങ്ങൾ തിയറ്ററിൽ; നസ്ലെൻ ചിത്രം 'മോളിവുഡ് ടൈംസി'നെതിരെ കേസ്
text_fieldsകൊച്ചി: നസ്ലെൻ നായകനായെത്തിയ പുതിയ ചിത്രം 'മോളിവുഡ് ടൈംസി'നെതിരെ സെൻസർ ബോർഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന സെൻസർ ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് സെൻസർ ബോർഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ ചിത്രത്തിലെ ചില അശ്ലീല സംഭാഷണങ്ങളും അസഭ്യപ്രയോഗങ്ങളും നീക്കം ചെയ്യാൻ കർശനമായ നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് സെൻസർ ബോർഡ് വെട്ടിമാറ്റിയ അതേ ഭാഗങ്ങൾ തിയറ്ററുകളിൽ അതേപടി പ്രദർശിപ്പിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
ചിത്രത്തിലെ അശ്ലീല ഭാഗങ്ങൾ തിയറ്ററുകളിൽ പ്രദർശിപ്പിച്ചതിലൂടെ സെൻസർ ബോർഡിന്റെ നിയമങ്ങളെയും നിർദേശങ്ങളെയും അട്ടിമറിക്കാൻ അണിയറപ്രവർത്തകർ ശ്രമിച്ചുവെന്നാണ് സെൻസർ ബോർഡ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഈ സംഭവത്തിൽ സിനിമയുടെ സംവിധായകൻ, നിർമാതാവ്, വിതരണക്കാർ, ചിത്രത്തിന്റെ ഡിജിറ്റൽ ക്രിയേറ്റർ എന്നിവർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
സെൻസർ ബോർഡ് അധികൃതർ സമർപ്പിച്ച ഔദ്യോഗിക പരാതിയും അതുമായി ബന്ധപ്പെട്ട തെളിവുകളും പരിശോധിച്ച ശേഷമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഉൾപ്പെട്ടവരുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. സെൻസർ ചെയ്ത ഭാഗങ്ങൾ തിയറ്ററിൽ പ്രദർശിപ്പിച്ചത് സിനിമാ നിയമങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തുന്നതിനാൽ, വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണം വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

