ബംഗാളിന്റെ ധീരപുത്രർ ചണ്ഡിഗഢുകാരെന്ന്; അക്ഷയ് കുമാറിന്റെ കേസരി 2നെതിരെ കേസ്
text_fieldsബരീന്ദ്ര ഘോഷ്, കുദിറാം ബോസ്
അക്ഷയ് കുമാർ ചിത്രമായ ‘കേസരി ചാപ്റ്റർ രണ്ടി’ൽ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ബംഗാളിൽനിന്നുള്ള തിളങ്ങുന്ന സേനാനികളായ കുദിറാം ബോസിനെ കുദിറാം സിങ് എന്നാക്കിയും ബരീന്ദ്ര ഘോഷിനെ ചണ്ഡിഗഢുകാരനായ ബീരേന്ദ്ര കുമാറുമാക്കി മാറ്റിയത് ബംഗാളിനോടുള്ള മനഃപൂർവമായ അവഹേളനമാണെന്ന് തൃണമൂൽ കോൺഗ്രസ്.
സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും ഉജ്ജ്വല പോരാട്ടം കാഴ്ചവെച്ച മണ്ണുകളിലൊന്നായ ബംഗാളിന്റെ ചരിത്രം വികലമാക്കാനുള്ള ശ്രമമാണിതെന്ന് ആരോപിച്ച് ചിത്രത്തിനെതിരെ പാർട്ടി പരാതി നൽകിയിരിക്കുകയാണ്. ‘‘ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ ബംഗാളിന്റെ മക്കളുടെ പേരുകൾ വളച്ചൊടിക്കുകയാണ്. ഇതു വെറും അബദ്ധമല്ല, സ്വാതന്ത്ര്യ പോരാട്ടത്തിൽ ബംഗാളിന്റെ പങ്ക് മായ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഇത്തരമൊരു ചിത്രത്തിന് എങ്ങനെയാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് കിട്ടിയത്’’ -മുതിർന്ന ടി.എം.സി നേതാവ് കുനാൽ ഘോഷ് ചോദിക്കുന്നു.
ബംഗാളിന്റെ സമ്പന്ന ചരിത്രത്തെ ഇല്ലാതാക്കാൻ പല ശ്രമങ്ങളും നടക്കുന്നെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കഴിഞ്ഞ ദിവസം രംഗത്തു വന്നു. ‘‘ബംഗാളിനെയും നമ്മുടെ സംസ്കാരത്തെയും ബി.ജെ.പി ലക്ഷ്യമിടുകയാണ്’’ -മമത അഭിപ്രായപ്പെട്ടു.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ബ്രിട്ടീഷ് കോടതിയിൽ നിയമപോരാട്ടം നടത്തിയ മലയാളിയായ ബാരിസ്റ്റർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം പറയുന്ന കേസരി -രണ്ടിൽ, അക്ഷയ് കുമാറാണ് ശങ്കരൻ നായരായി വേഷമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

