'സീത'യാകാൻ കരീന വേണ്ടെന്ന് സംഘ്പരിവാർ; ട്വിറ്ററിൽ ട്രൻഡിങ് ആയി 'ബോയ്‌കോട്ട് കരീന കപൂർ ഖാൻ'
text_fieldsമുംബൈ: സീതയായി അഭിനയിക്കാൻ ഹിന്ദു നടി മതിയെന്ന സംഘ്പരിവാറിന്റെ ആവശ്യത്തെ തുടർന്ന് ബോളിവുഡ് നടി കരീന കപുറിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം ശക്തമായി. 'ബോയ്‌കോട്ട് കരീന കപുർ ഖാൻ' എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആണിപ്പോൾ.
രാമായാണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സീത-ദി ഇൻകാർനേഷനി'ൽ കരീന കപൂറിനെ നായികയാക്കാനുള്ള നീക്കത്തിനെതിരെയാണ് സംഘ് പരിവാർ രംഗത്തെത്തിയത്. സീതയായി അഭിനയിക്കാൻ ഹിന്ദുനടി മതിയെന്നും സീതയേക്കാൾ ശൂർപ്പണഖയുടെ വേഷമാണ് കരീനക്ക് ചേരുക എന്നൊക്കെയുമുള്ള പ്രചാരണമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.
സീതയായി കരീനയെ അഭിനയിപ്പിക്കരുതെന്ന് നിരവധി പേരാണ് ട്വിറ്ററിൽ ആവശ്യമുയർത്തിയിരിക്കുന്നത്. 'ബോയ്‌കോട്ട് കരീന കപൂർ ഖാൻ' എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ട്രൻഡിങ്ങാണ്. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവർത്തകർ കരീനയെ സമീപിച്ചപ്പോൾ വേഷം ചെയ്യാൻ അവർ 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഈ വാർത്ത പങ്കുവെച്ചാണ് സംഘ്പരിവാർ നടിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
'സീതയുടെ റോൾ അവർ അർഹിക്കുന്നില്ല, അതുകൊണ്ട് കരീനയെ ബഹിഷ്‌കരിക്കുന്നു', 'ഹൈന്ദവ ദൈവങ്ങളെ ആദരിക്കാത്ത ഒരു നടി ഈ വേഷം ചെയ്യരുത്', 'തൈമൂർ ഖാന്‍റെ അമ്മയായ കരീന എങ്ങനെയാണ് ഈ വേഷം ചെയ്യുക', 'സെയ്ഫ് അലി ഖാൻ താണ്ഡവിലൂടെ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തി, അത് ഇനി ആവർത്തിക്കാൻ അനുവദിക്കില്ല', 'ഹിന്ദുക്കൾക്കെതിരെ ബോളിവുഡ് മാഫിയ വിഷം പ്രചരിപ്പിക്കുന്നു' എന്നൊക്കെയുള്ള കമന്‍റുകളാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്.
ഫെബ്രുവരി അവസാന വാരമാണ് ചിത്രത്തെ കുറിച്ച് അണിയറ പ്രവർത്തകർ പ്രഖ്യാപനം നടത്തിയത്. രാമനായി മഹേഷ് ബാബുവും രാവണനായി ഹൃതിക് റോഷനും ഈ ത്രീഡി ചിത്ത്രിൽ എത്തുമെന്നാണ് റിപ്പോർട്ട്. മധു, അല്ലു അരവിന്ദ്, നമിത് മൽഹോത്ര എന്നിവരും സിനിമയിൽ അണിനിരക്കും. കെ.വി. വിജയേന്ദ്ര പ്രസാദ് ആണ് കഥയും തിരക്കഥയും. സിനിമയിൽ കരീനയെ അഭിനയിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും നടിക്കെതിരായ പ്രചാരണം അവസാനിച്ചിട്ടില്ല. എ ഹ്യൂമൻ ബീങ് സ്റ്റുഡിയോ ആണ് നിർമാണം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.