‘ബൊഗേൻ വില്ല’ എൻട്രി: ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് പരിഗണിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പോർട്ടൽ തകരാർമൂലം ‘ബൊഗേൻ വില്ല’ സിനിമക്ക് 2024ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അപേക്ഷിക്കാൻ കഴിഞ്ഞില്ലെന്ന പരാതിയിൽ പത്തു ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. പോർട്ടൽ തകരാർ ആയതിനാൽ തീയതി നീട്ടണമെന്നാവശ്യപ്പെട്ട് അന്നേ ദിവസം തന്നെ നിർമാതാക്കളായ അമൽ നീരദ് പ്രൊഡക്‌ഷൻസ് നൽകിയ നിവേദനം പരിഗണിച്ച് തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വി.ജി. അരുൺ വാർത്താവിതരണ മന്ത്രാലയത്തിന് നിർദേശം നൽകിയത്.
പുരസ്കാരത്തിന് അപേക്ഷിക്കാൻ ഒക്ടോബർ 31 വരെയായിരുന്നു അവസരം. എന്നാൽ, പോർട്ടൽ തകരാർമൂലം നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായില്ലെന്ന് നിർമാതാക്കൾ പരാതി നൽകി. നടപടിയില്ലാതിരുന്നതിനെ തുടർന്നാണ് ഹരജി നൽകിയത്. ഏറെ നിരൂപകശ്രദ്ധ നേടിയ ചിത്രം മത്സരത്തിൽ പ്രദർശിപ്പിക്കാൻ കഴിയാതെവന്നാൽ അണിയറക്കാരെയും അഭിനേതാക്കളെയും ബാധിക്കുമെന്നാണ് ഹരജിക്കാരുടെ വാദം.
ഒക്ടോബർ 10നു തന്നെ പോർട്ടൽ തുറന്നതാണെന്നും വ്യാപക പ്രചാരണം നൽകിയിരുന്നുവെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. പോർട്ടലിൽ പ്രശ്നമുണ്ടെന്ന് നിർമാതാക്കൾ നേരത്തേ തന്നെ പരാതി നൽകിയിരുന്നതിനാൽ ഇക്കാര്യം പരിശോധിക്കാൻ കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

