ബോൺസായി ചലച്ചിത്രമേള- ആവൃതി മികച്ച ചിത്രം, ശ്രാവണ, പ്രശാന്ത് മുരളി നടിയും നടനും
text_fieldsദുബായ്: ബോൺസായി ഓൺലൈൻ ഹ്രസ്വ ചലച്ചിത്രമേള- 2020 ന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ശ്രീഹരി ധർമൻ സംവിധാനം ചെയ്ത ആവൃതി എന്ന ചിത്രമാണ് മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച ചിത്രത്തിനുള്ള ഓഡിയൻസ് ചോയ്സ് പുരസ്കാരം രോഹൻ മുരളീധരൻ സംവിധാനം ചെയ്ത -ആരോടെങ്കിലും മിണ്ടണ്ടേ എന്ന ചിത്രത്തിനാണ്. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
ഹ്രസ്വചിത്രമായ ഇടം സംവിധാനം ചെയ്ത ജെഫിൻ തോമസാണ് മികച്ച സംവിധായകൻ. കഥ-വി.കെ ദീപ (ഒരിടത്തൊരു കള്ളൻ), തിരക്കഥ - അഭിലാഷ് വിജയൻ (ഒരിടത്തൊരു കള്ളൻ), എഡിറ്റർ- ഫൈസി (ഐസ്ബർഗ്), ഛായാഗ്രഹണം-ഹരികൃഷ്ണൻ (ഭ്രമണം), ശബ്ദലേഖനം- അമൃത് സുഷകുമാർ (ആവൃതി) എന്നിവർ നേടി. ശ്രാവണയും പ്രശാന്ത് മുരളിയുമാണ് മികച്ച നടിയും നടനും.
ഫിലിം ക്യുറേറ്റർ അർച്ചന പത്മിനി, യുവ സംവിധായകൻ സഞ്ജു സുരേന്ദ്രൻ, മാധ്യമപ്രവർത്തകനായ ജിനോയ് ജോസ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. സർവമംഗള പ്രൊഡക്ഷൻസിന്‍റെ നേതൃത്വത്തിലാണ് ബോൺസായി ചലച്ചിത്രമേള സംഘടിപ്പിച്ചത്. പുരസ്കാരം നേടിയ സിനിമകൾ ജിയോ ടിവിയിലും സർവ മംഗളയുടെ യൂട്യൂബ് പേജിലും പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

