വീണ്ടും 'ജാനകി'യെ വെട്ടാൻ സെൻസർ ബോർഡ്; നോട്ടീസയച്ച് ബോംബെ ഹൈകോടതി
text_fieldsവീണ്ടും സിനിമാപ്പേരിൽ നിന്ന് 'ജാനകി' വെട്ടാൻ സെൻസർബോർഡ്. ഛത്തീസ്ഗഢ് ആസ്ഥാനമായുള്ള 'ജാനകി'യെന്ന ചിത്രത്തിന്‍റെ പേരിലും അതിലെ പ്രധാന കഥാപാത്രങ്ങളുടെ പേരിലും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. നിർമാതാക്കൾ സമർപ്പിച്ച ഹരജിയിൽ മറുപടി നൽകാൻ ആവശ്യപ്പെട്ട് ബോംബെ ഹൈകോടതി സി.ബി.എഫ്.സിക്ക് നോട്ടീസ് അയച്ചു.
സീതാദേവിയെ പരാമർശിക്കുന്നതിനാലാണ് ജാനകി എന്ന പേരിനെ സി.ബി.എഫ്.സി എതിർത്തതെന്ന് ചലച്ചിത്ര നിർമാതാക്കൾ പറഞ്ഞു. പുരുഷ കഥാപാത്രമായ രഘുറാമിന്റെയും പേരും ബോർഡ് പരാമർശിച്ചിട്ടുണ്ട്. ജാനകിയുടെയും രഘുറാമിന്റെയും അവരുടെ ബന്ധത്തിന്റെയും കഥയാണ് ആക്ഷൻ പശ്ചാത്തലത്തിലുള്ള ചിത്രം പറയുന്നത്. ഒക്ടോബർ ആറിനകം ഹരജിയിൽ മറുപടി നൽകാൻ ജസ്റ്റിസുമാരായ രേവതി മോഹിതെ-ദേരെ, സന്ദേശ് പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ച് സി.ബി.എഫ്.സിയോട് നിർദ്ദേശിച്ചു.
ദിലേഷ് സാഹുവും അനുകൃതി ചൗഹാനും അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് കൗശൽ ഉപാധ്യായയാണ്. ചിത്രം ആദ്യം ഛത്തീസ്ഗഢി ഭാഷയിലാണ് നിർമിച്ചത്. പിന്നീട് ഹിന്ദിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു. ചിത്രത്തിന്‍റെ ട്രെയിലർ 2025 മേയ് 16ന് സി.ബി.എഫ്.സിയുടെ അംഗീകാരത്തോടെ പുറത്തിറങ്ങി. തുടർന്ന് ചിത്രത്തിന്റെ സർട്ടിഫിക്കേഷനായി നിർമാതാക്കൾ അപേക്ഷ നൽകി.
2025 ജൂൺ 10ന് സി.ബി.എഫ്.സി പരിശോധന സമിതി ചില പരിഷ്കാരങ്ങളും ഇല്ലാതാക്കലുകളും ഉൾപ്പെടെ യുഎ 16+ സർട്ടിഫിക്കറ്റ് ശുപാർശ ചെയ്തതായി നിർമാതാക്കളെ അറിയിച്ചു. നിർദ്ദേശിച്ച മാറ്റങ്ങളിൽ സിനിമയുടെ പേരും രണ്ട് പ്രധാന കഥാപാത്രങ്ങളുടെ പേരുകളും മാറ്റാൻ സി.ബി.എഫ്.സി നിർമാതാക്കളോട് ആവശ്യപ്പെട്ടു. മതപരമോ സാമൂഹികമോ ആയ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാർഗനിർദ്ദേശങ്ങളാണെന്ന് ബോർഡ് അവകാശപ്പെടുന്നത്.
എന്നാൽ ഈ നിർദ്ദേശങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാരത്തിനുമുള്ള അവരുടെ അവകാശത്തെ ലംഘിക്കുന്നുവെന്ന് ചലച്ചിത്ര നിർമാതാക്കൾ വാദിച്ചു. സി.ബി.എഫ്.സി ഉന്നയിച്ച എതിർപ്പുകൾ ഏകപക്ഷീയവും, യുക്തിരഹിതവും, നിയമപ്രകാരം നിലനിൽക്കാത്തതുമാണെന്ന് നിർമാതാക്കൾ ഹരജിയിൽ പറഞ്ഞു.
സുരേഷ് ഗോപി നായകനായ ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ) എന്ന ചിത്രത്തിനും സെൻസർ ബോർഡ് കത്രിക വെച്ചിരുന്നു. ആദ്യം സിനിമയുടെ പേര് ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്നായിരുന്നു. എന്നാൽ ഈ പേരിൽ ചിത്രത്തിന് അനുമതി നൽകില്ലെന്നായിരുന്നു സെൻസർ ബോർഡ് പറഞ്ഞത്. പിന്നീട് ജാനകി എന്ന പേരിനൊപ്പം വി എന്നുകൂടി ചേർത്തതിന് ശേഷമാണ് സിനിമക്ക് പ്രദർശനത്തിന് അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

