'റോജ' മുതൽ 'ഹൈവേ' വരെ; ബോളിവുഡിന് എന്നും പ്രിയപ്പെട്ട മലകളിലെ മഞ്ഞുമൂടിയ കുന്നുകളും ആഴമേറിയ താഴ്‌വരകളും
text_fieldsമലനിരകളിലെ പ്രകൃതി ഭംഗി ബോളിവുഡ് സിനിമകൾക്ക് എന്നും ഒരു പ്രധാന ഘടകമാണ്. കാലങ്ങളായി ബോളിവുഡ് സിനിമകളിൽ ഈ മനോഹരമായ പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്. പഴയ കാലങ്ങളിൽ കാശ്മീരിന്റെ മനോഹരമായ ഭൂപ്രകൃതിയാണ് ഇതിനായി കൂടുതലും ഉപയോഗിച്ചിരുന്നത്. ശശി കപൂർ, ഷമ്മി കപൂർ എന്നിവർ അഭിനയിച്ച സിനിമകളിൽ കാശ്മീരിലെ പർവതനിരകളും തടാകങ്ങളും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ 1980കളിലും 90കളിലും കാശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ചലച്ചിത്ര പ്രവർത്തകർക്ക് അവിടെ ചിത്രീകരണം നടത്താൻ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് സ്വിറ്റ്‌സർലൻഡ് പോലുള്ള യൂറോപ്യൻ രാജ്യങ്ങളിലെ മലനിരകളെ ഇന്ത്യയിലെ മലനിരകളായി ചിത്രീകരിച്ചു.
യാത്രയുടെ സാധ്യതകളും സാങ്കേതിക വിദ്യയുടെ വളർച്ചയും കാരണം ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, ലഡാക്ക്, ജമ്മു കശ്മീർ തുടങ്ങിയ സ്ഥലങ്ങളിലെ യഥാർത്ഥ മലനിരകളിൽ സിനിമകൾ ചിത്രീകരിക്കുന്നു. മലകളിലെ മഞ്ഞുമൂടിയ കുന്നുകളും, നദികളും, ആഴമേറിയ താഴ്‌വരകളും സിനിമകൾക്ക് കൂടുതൽ ദൃശ്യ ഭംഗി നൽകുന്നു. പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം നൽകുന്നതിനും അതുപോലെ സിനിമക്ക് ഒരു പുതിയ പശ്ചാത്തലം നൽകുന്നതിനും ഇന്നും ബോളിവുഡിൽ മലനിരകളെ ഉപയോഗിക്കാറുണ്ട്.
പല സിനിമകളുടെയും കഥകൾക്ക് അനുയോജ്യമായ പശ്ചാത്തലം ഒരുക്കാൻ മലനിരകൾക്ക് കഴിയും. ഉദാഹരണത്തിന്, ഒരു പ്രണയകഥ, ഒരു സാഹസിക സിനിമ, അല്ലെങ്കിൽ ഒരു ആക്ഷൻ സിനിമ എന്നിവ ചിത്രീകരിക്കാൻ മലനിരകൾ മികച്ചതാണ്. കൂടാതെ പ്രധാന കഥാപാത്രത്തിന്റെ യാത്രയും മാനസികാവസ്ഥയും കാണിക്കാനും ഇത് ഉപയോഗിക്കാം.ചില കഥകൾ യഥാർത്ഥത്തിൽ മലമ്പ്രദേശങ്ങളിൽ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകാം. അതുകൊണ്ട് കഥക്ക് കൂടുതൽ യാഥാർത്ഥ്യബോധം നൽകുന്നതിനായി യഥാർത്ഥ സ്ഥലങ്ങളിൽ തന്നെ ചിത്രീകരണം നടത്താറുണ്ട്. ഇത് സിനിമയെ കൂടുതൽ വിശ്വസനീയമാക്കാൻ സഹായിക്കുന്നു. ബോളിവുഡിലെ ഒരുപാട് ചിത്രങ്ങൾ മലനിരകളിൽ ചിത്രീകരിച്ചിട്ടുണ്ട്.
ഹൈവേ
ഇംതിയാസ് അലി എഴുതി സംവിധാനം ചെയ്ത് സാജിദ് നദിയാദ്‌വാല നിർമിച്ച് 2014ൽ ഇറങ്ങിയ ചിത്രമാണ് ഹൈവേ. ആലിയ ഭട്ട്, രൺദീപ് ഹൂഡ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. 2014 ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൻ്റെ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം 2014 ഫെബ്രുവരി 21 ന് ലോകമെമ്പാടും റിലീസ് ചെയ്തു.ആദിത്യ ശ്രീവാസ്തവയും കാർത്തിക റാണെയും അഭിനയിച്ച സീ ടി.വി ആന്തോളജി സീരീസായ റിഷ്‌തേയിലെ ഇതേ പേരിലുള്ള എപ്പിസോഡിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോയശേഷം സ്വാതന്ത്ര്യം കണ്ടെത്തുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.ഹിമാചൽ പ്രദേശ്, കാശ്മീർ എന്നിവിടങ്ങളിലെ മനോഹരമായ പർവതപ്രദേശങ്ങൾ ഈ സിനിമയുടെ പ്രധാന ഭാഗമാണ്.
റോജ
1992ൽ മണിരത്നം സംവിധാനം ചെയ്ത രാഷ്ട്രീയ-പ്രണയ തമിഴ് ചലച്ചിത്രമാണ് റോജ. ഈ ചലച്ചിത്രം ഹിന്ദി, മറാഠി, മലയാളം, കന്നട, തെലുഗു എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എ.ആർ. റഹ്‌മാൻ ഈ ചിത്രത്തിലൂടെയാണ് സംഗീതംസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മണിരത്നത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്ത ചിത്രങ്ങളിലൊന്ന് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്കാരമടക്കം മൂന്ന് ദേശീയ അവാർഡ് ഈ ചിത്രത്തിന് ലഭിച്ചു. കാശ്മീരിലെയും ഹിമാചൽ പ്രദേശിലെയും പർവതങ്ങൾ ഈ സിനിമയുടെ പശ്ചാത്തലമായി വർത്തിക്കുന്നു.
ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ
1995 ൽ ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. യാഷ് ചോപ്ര ആണ് നിർമാതാവ്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും, കാജോളുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച സിനിമകളിൽ ഒന്നാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. മുംബൈയിലെ മറാത്താ മന്ദിർ തിയറ്ററിൽ 2014 ഡിസംബർ 12 ന് ചിത്രം ആയിരം ആഴ്ചകൾ പിന്നിട്ട് ചരിത്രം കുറിച്ചു. ഇപ്പോഴും പ്രദർശനം തുടരുന്നു. പ്രധാനമായും മനോഹരമായ സ്വിസ് ആൽപ്‌സിലാണ് ചിത്രീകരിച്ചത്.
യേ ജവാനി ഹേ ദീവാനി
യേ ജവാനി ഹേ ദീവാനി 2013ൽ പുറത്തിറങ്ങിയ ഹിന്ദി ഭാഷാ റൊമാന്റിക് കോമഡി ചിത്രമാണ്. അയാൻ മുഖർജി സംവിധാനം ചെയ്ത ഈ ചിത്രത്തിന് മുഖർജിയും ഹുസൈൻ ദലാലുമാണ് തിരക്കഥയെഴുതിയത്. ധർമ്മ പ്രൊഡക്ഷൻസിന് കീഴിൽ കരൺ ജോഹർ നിർമിച്ച ചിത്രത്തിൽ കൽക്കി കൊച്ച്ലിൻ, ആദിത്യ റോയ് കപൂർ എന്നിവർക്കൊപ്പം രൺബീർ കപൂറും ദീപിക പദുക്കോണും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. കൽക്കി കൊച്ച്ലിൻ, ആദിത്യ റോയ് കപൂർ എന്നീ നാല് പ്രധാന കഥാപാത്രങ്ങളെ ട്രെക്കിങ്ങിനും ക്യാമ്പിങ്ങിനുമായി മണാലിയിലെയും കശ്മീരിലെയും മനോഹരമായ കുന്നുകളാണ് സംവിധായകൻ തെരഞ്ഞെടുത്തത്.
ഹൈദർ
വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് സിദ്ധാർത്ഥ് റോയ് കപൂറിനൊപ്പം ചേർന്ന് നിർമിച്ച ഹൈദർ 2014ൽ പുറത്തിറങ്ങിയ ഹിന്ദി ഭാഷാ പൊളിറ്റിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ്. ഭരദ്വാജും ബഷാരത് പീറും ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഷാഹിദ് കപൂർ, തബു, കേ കേ മേനോൻ, ശ്രദ്ധ കപൂർ, ഇർഫാൻ ഖാൻ എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്.1995ലെ കലാപബാധിതമായ കശ്മീർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വില്യം ഷേക്സ്പിയറിന്റെ ദുരന്തനാടകമായ ഹാംലെറ്റിന്റെ ആധുനിക കാലത്തെ ഒരു ചലച്ചിത്രാവിഷ്കാരമാണ് ഹൈദർ.മഞ്ഞുമൂടിയ പർവതനിരകൾ സിനിമയുടെ ആഖ്യാനത്തിൻ്റെ പ്രധാന ഘടകമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

