ബോളിവുഡ് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു
text_fields
ഹൈദരാബാദ്: ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് (50) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ബോളിവുഡ് താരം റിതേഷ് ദേശ്മുഖാണ് മരണവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്.
മോഹൻലാൽ ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്തത് നിഷികാന്താണ്. ഇർഫാൻ ഖാൻ നായകനായ മദാരി, ജോൺ എബ്രഹാം നായകനായ ഫോഴ്സ്, മുംബൈ മേരി ജാൻ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. മറാത്തി ഭാഷയിലും സിനിമകൾ ചെയ്തിട്ടുണ്ട്. 2005ൽ ഡോംബിവാലി ഫാസ്റ്റ് എന്ന മറാത്തി ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തെത്തുന്നത്. ഈ ചിത്രം ദേശീയ പുരസ്കാരം നേടിയിരുന്നു.
ഡാഡി, ജൂലി 2, റോക്കി ഹാൻഡ്സം, ഭവേശ് ജോഷി തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന സിനിമകൾ. ദി ഫൈനൽ കോൾ, റംഗ്ബാസ് ഫിർസ്, എന്നീ വെബ് സീരീസുകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായിരുന്നു. മോഹൻലാൽ-ജീതു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യം അജയ് ദേവ്ഗൺ, തബു തുടങ്ങിയവരെ അണിനിരത്തി 2015ലാണ് ഹിന്ദിയിൽ ദൃശ്യം എന്ന പേരിൽ തന്നെ പുറത്തിറക്കിയത്. ചിത്രം ഹിന്ദിയിലും സൂപ്പർ ഹിറ്റായി മാറി.

