പാകിസ്താനിലും നൈജീരിയയിലും ഹിറ്റായി ബോളിവുഡ് ചിത്രം 'ഹഖ്'; ആഗോള തലത്തിൽ ചിത്രം നേടിയത് മികച്ച പ്രതികരണം
text_fieldsഹക്ക് സിനിമയിൽ നിന്നും
യാമി ഗൗതമും ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രമാണ് ഹഖ്. ഇന്ത്യയിൽ നിന്നും മികച്ച നിരൂപക പ്രശംസ നേടിയ ചിത്രത്തിന് രാജ്യത്തിനു പുറത്തുനിന്നും വലിയ അംഗീകാരമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല, പാകിസ്താനിലും നൈജീരിയയിലും ചിത്രം വളരെ പെട്ടന്നുതന്നെ ഹിറ്റായിമാറി. 1985 ലെ ഷാ ബാനു കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 2026 ജനുവരി 2 ന് ഒ.ടി.ടിയിൽ റിലീസ് ചെയ്ത ചിത്രം പല രാജ്യങ്ങളിൽ നിന്നും മികച്ച സ്ട്രീമിങ് നേടി.
കുടുംബവും വിവാഹമോചനവും സ്ത്രീകളുടെ അവകാശങ്ങളും ഏറെ ചർച്ച ചെയ്യപെടുന്ന ഈ കാലഘട്ടത്തിൽ, സാമൂഹിക പ്രാധാന്യമുള്ള കഥാതന്തുവും സിനിമയുടെ ആകർഷകമായ ആവിഷ്കാരവും ചിത്രത്തെ രാജ്യത്തിന്‍റെ അതിർത്തിക്കപ്പുറം പ്രശസ്തമാക്കിമാറ്റി. സുപർൺ.എസ്.വർമ്മ സംവിധാനം ചെയ്ത ഹഖ്, ഭർത്താവിനെതിരെ ജീവനാംശത്തിനായി നിയമപോരാട്ടം നടത്തുന്ന ഷാസിയ എന്ന യുവതിയുടെ കഥയാണ്. സ്ത്രീകളുടെ അവകാശങ്ങളെ പലപ്പോഴും തള്ളികളയുന്ന പുരുഷാധിപത്യ വ്യവസ്ഥയിൽ നീതിക്കുവേണ്ടിയുള്ള ഷാസിയയുടെ പോരാട്ടമാണ് സിനിമയിൽ ചിത്രീകരിക്കുന്നത്.
നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രം ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും, ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയിൽ ലോകമെമ്പാടും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. രണ്ടാം ആഴ്ചയിൽ 4.5 ദശലക്ഷം കാഴ്ചക്കാരെ നേടിയ ഹഖ് പാകിസ്താനിലും ഒന്നാമതെത്തി. വിവാഹമോചനത്തെയും സ്ത്രീകളുടെ സാമ്പത്തിക അവകാശങ്ങളെയും കുറിച്ചുള്ള ചിത്രീകരണം പാകിസ്താനിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചു. പ്രേക്ഷക പ്രശംസ നേടിയ ചിത്രം റിലീസ് ചെയ്ത ഉടൻ ട്രെൻഡിങ്ങായി മാറി.
'ഈ സിനിമയുടെ വൈകാരിക ആഴം എന്നെ വളരെയധികം സ്വാധീനിച്ചു. ഈ സിനിമ എന്നെ കണ്ണീരിലാഴ്ത്തുന്നു. യാമി ഗൗതം, നിങ്ങൾ എന്നെ അതിശയപെടുത്തി!' പാകിസ്താൻ നടിയും എഴുത്തുകാരിയും നിർമാതാവുമായ ഫസില ഖാസി ചിത്രത്തെകുറിച്ച് തന്‍റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്നും പലരും പറയാൻ മടിക്കുന്നതും എന്നാൽ നാണമില്ലാതെ പിന്തുടരുന്നതുമായ യാഥാർത്ഥ്യമാണ് ഈ സിനിമയെന്നാണ് മറ്റൊരു പ്രേക്ഷക കുറിച്ചത്. ഈ സിനിമയുടെ വൈകാരികത അതു അനുഭവിച്ചവർക്ക് സ്വന്തം കഥയാണെന്നും കാണികൾ പറയുന്നു.
ജംഗ്ലി പിക്ചേഴ്സ്, ഇൻസോമ്നിയ ഫിലിംസ്, ബവേജ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളിൽ വിനീത് ജെയിൻ, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത, ഹർമൻ ബവേജ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മുഹമ്മദ് അഹമ്മദ് ഖാൻ, ഷാ ബാനോ ബീഗം എന്നിവരുടെ കേസിലെ സുപ്രീം കോടതി വിധിയെ അടിസ്ഥാനമാക്കി പത്രപ്രവർത്തകയായ ജിഗ്ന വോറ എഴുതിയ 'ബാനോ: ഭാരത് കി ബേട്ടി' എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് രേഷു നാഥാണ്. സംഗീതം വിശാൽ മിശ്ര, ഛായാഗ്രഹണം പ്രതം മേത്ത, എഡിറ്റിങ് നിനാദ് ഖാനോൽക്കർ എന്നിവർ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

