‘അച്ഛൻ അയാളെ അടിച്ചു, ശേഷം വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണവും വസ്ത്രവും നൽകി’, ധർമേന്ദ്ര ആരാധകനെ തല്ലിയ കഥ പറഞ്ഞ് ബോബി ഡിയോൾ
text_fieldsധർമേന്ദ്രയും മകൻ ബോബി ഡിയോൾ ധർമേന്ദ്രയും
ബോളിവുഡിൽ തന്റേതായ ഇടമുറപ്പിച്ച അഭിനയപ്രതിഭകളിൽ മുൻനിരയിലാണ് ധരം സിങ് ഡിയോൾ എന്ന ധർമേന്ദ്രയുടെ സ്ഥാനം. ആരാധകരുടെ വലിയ വൃന്ദം എക്കാലവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഈ 89-ാം വയസ്സിലും സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തെ പിന്തുടരുന്നവർ ഏറെയാണ്.
ഹിന്ദി ചലച്ചിത്ര ലോകത്ത് കത്തിനിന്ന കാലത്ത് പല തരം ആരാധകരെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. വളരെ വൈകാരികമായി പെരുമാറുന്നവരും എങ്ങനെ പെരുമാറണമെന്ന് അറിയാത്തവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ചില സന്ദർഭങ്ങളിൽ ആരാധകരോട് സംയമനം കൈവിട്ട് പെരുമാറേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ധർമേന്ദ്രയുടെ ഇളയ മകനും പ്രമുഖ നടനുമായ ബോബി ഡിയോൾ, യൂട്യൂബർ രാജ് ശമാനിക്ക് നൽകിയ അഭിമുഖത്തിൽ പിതാവിനെ കുറിച്ച് വിശദമായി സംസാരിച്ചു. തന്‍റെ ചെറുപ്പത്തിൽ അച്ഛൻ ഒരു ആരാധകനെ തല്ലിയ ഓർമയാണ് അദ്ദേഹം പങ്കുവച്ചത്. ‘ആരെയും അദ്ദേഹം മാറ്റിനിർത്താറില്ല. താൻ കണ്ടുമുട്ടുന്ന എല്ലാവരെയും പിതാവ് വളരെ പ്രാധാന്യത്തോടുകൂടി ട്രീറ്റ് ചെയ്യുമായിരുന്നു. എല്ലാവർക്കും വളരെയധികം സ്നേഹവും ബഹുമാനവും നൽകാറുണ്ട്. അത് അപൂർവമായ ഒരു ഗുണമാണ്. എന്നാൽ, ഒരു ആരാധകൻ എന്തോ മണ്ടത്തരം ചെയ്തപ്പോൾ അദ്ദേഹം അയാളെ മർദിച്ച സന്ദർഭം ഉണ്ടായിട്ടുണ്ട്’ -ബോബി വെളിപ്പെടുത്തി.
‘ചില ആരാധകർക്ക് എങ്ങനെ പെരുമാറണമെന്ന് അറിയില്ല. അവർ വളരെ ആവേശഭരിതരാകും. എന്തെങ്കിലും മണ്ടത്തരം പറയുകയോ മോശമായി പെരുമാറുകയോ ചെയ്തേക്കാം. ഞാൻ അന്നത് നോക്കിനിൽക്കുകയായിരുന്നു. അച്ഛൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് ഞാൻ ചിന്തിച്ചു. ഒടുവിൽ ആ ആരാധകൻ അദ്ദേഹത്തിന്‍റെ കാൽക്കൽ വീണു പറഞ്ഞു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു സർ, എന്നോട് ക്ഷമിക്കണം എന്ന്. അച്ഛൻ അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, ആരാധകൻ അത്രയും വേദനിപ്പിക്കുന്ന എന്തെങ്കിലും പറഞ്ഞിരിക്കണം’- ബോബി ഡിയോൾ വിശദമാക്കി.
‘അതിനുശേഷം അച്ഛൻ ആരാധകനെ വീട്ടിലേക്കു ക്ഷണിച്ചു. അയാൾക്കു കഴിക്കാൻ പാലും ഭക്ഷണവും നൽകി. കൊണ്ടുപോവാനായി വസ്ത്രങ്ങളും സമ്മാനിച്ചു. അതായിരുന്നു അദ്ദേഹത്തിന്‍റെ മനസ്സ്. അദ്ദേഹം തന്‍റെ വാക്കുകളിലൂടെയല്ല പ്രവർത്തികളിലൂടെ സ്നേഹിക്കുന്ന വ്യക്തിയാണ്. പക്ഷേ ആരെങ്കിലും അദ്ദേഹത്തിനെ കുപിതനാക്കിയാൽ അവിടെ കാര്യം കഴിഞ്ഞു. ആളുകൾ എപ്പോഴും എന്‍റെ സഹോദരന്‍റേത് രണ്ടു കിലോ കൈയാണെന്ന് പറയാറുണ്ട്? പക്ഷേ, അവർ ഞങ്ങളുടെ അച്ഛന്‍റേത് കാണാത്തതിനാലാണ്, അത് ഇരുപത് കിലോ വീതമുണ്ട്’-ഡിയോൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
തന്‍റെ കർക്കശവും സംരക്ഷിതവുമായ കുട്ടിക്കാലത്തെകുറിച്ചും ബോബി അഭിമുഖത്തിൽ സംസാരിച്ചു. മക്കളുടെ സംരക്ഷണത്തെകുറിച്ച് ധർമേന്ദ്ര ഭയപ്പെട്ടിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കുപ്രസിദ്ധ കുറ്റവാളികളായ രംഗയെയും ബാലയെയും കുറിച്ച് അച്ഛന് വിവരം ലഭിച്ചിരുന്നു. അതിനാൽ, തന്‍റെ ബാല്യം ഒരു സംരക്ഷണ വലയത്തിലായിരുന്നുവെന്ന് ബോബി പറഞ്ഞു.
‘അച്ഛൻ എന്നെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പോലും അനുവദിച്ചിരുന്നില്ല. സ്കൂളിൽ പോകും തിരിച്ചെത്തും അത്രമാത്രം. വീടിനുള്ളിലാണ് സൈക്ലിങ് പോലും ഞാൻ പഠിച്ചത്. കോളജിൽ സുഹൃത്തുക്കൾ ഹൗസ് പാർട്ടികൾക്ക് പോകുമ്പോൾ, എനിക്ക് പോകാൻ അനുവാദമില്ലായിരുന്നു. രാത്രി ഒമ്പതു മണിക്ക് ശേഷം കർഫ്യൂ പോലെയായിരുന്നു. ഞാൻ സുഹൃത്തുക്കളുടെ വീടുകളിൽ പോകുകയും പാർട്ടികൾക്കായി സാധനങ്ങൾ ഒരുക്കാൻ സഹായിക്കുകയും ശേഷം തിരിച്ചുപോവുകയുമായിരുന്നു പതിവ്‘ -അദ്ദേഹം പറഞ്ഞു.
ആര്യൻ ഖാന്‍റെ ദി ബാഡ്സ് ഓഫ് ബോളിവുഡ് ആണ് ബോബി ഡിയോളിന്‍റെ ഏറ്റവും പുതിയ വിജയ പരമ്പര. ശ്രീറാം രാഘവന്റെ ‘എക്കിസ്’ എന്ന യുദ്ധ നാടകമാണ് ധർമേന്ദ്ര അടുത്തതായി അഭിനയിക്കാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

