72കാരനായി ബിജു മേനോൻ; 'ആർക്കറിയാ'മിൽ എത്തുന്നത് പാർവ്വതിയുടെ അച്ഛനായി
text_fieldsഛായാഗ്രാഹകൻ സനു ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന സിനിമയായ 'ആർക്കറിയാ'മിൽ 72കാരനായി നടൻ ബിജു മേനോൻ. നടി പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ബിജു മേനോൻ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. നടി പാർവതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ അച്ഛനായാണ് ബിജു എത്തുന്നതെന്ന് സിനിമയുടെ അണിയറക്കാർ പറഞ്ഞു.
നിരവധി മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കു വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള സനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആർക്കറിയാം. ഇലക്ട്ര, ടേക്ക്ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, മാലിക് എന്നിവയാണ് സനു ക്യാമറ ചലിപ്പിച്ചിട്ടുള്ള മലയാള ചിത്രങ്ങള്‍. ചിത്രം ഫെബ്രുവരി 26ന് തീയറ്ററുകളിലെത്തും. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സംവിധായകൻ സനു ജോൺ വർഗ്ഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് . സംവിധായകനായ മഹേഷ് നാരായണനാണ് എഡിറ്റിങ്. ജി ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. നേഹ അയ്യരും യക്ഷൻ ഗാരി പെരേയ്രായും ചേർന്നാണ് സംഗീതം ഒരുക്കുന്നത്.

