ചെറിയൊരു നാക്കു പിഴ; ‘രാജാ സാബ്’ ചിത്രത്തിന്റെ ബഡ്ജറ്റ് പുറത്തുവിട്ട് സന്ദീപ് റെഡ്ഡി വംഗ
text_fieldsനാളെ റിലീസ് ചെയ്യാനിരിക്കുന്ന പ്രഭാസിന്റെ പുതിയ ചിത്രമായ 'രാജാസാബി'ന്റെ ബജറ്റ് അബദ്ധത്തിൽ പുറത്തുവിട്ട് ‘സ്പിരിറ്റ്’ സിനിമ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ. വലിയ ബജറ്റ് ചിത്രങ്ങളായ ആർ.ആർ.ആർ, പുഷ്പ എന്നീ ചിത്രങ്ങൾക്ക് സമാനമായ ബജറ്റിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനൽ അഭിമുഖത്തിനിടെയാണ് അബദ്ധവശാൽ ബജറ്റ് വെളിപ്പെടുത്തിയത്.
ഏകദേശം 400 കോടി രൂപക്കാണ് ചിത്രം നിർമിച്ചിരിക്കുന്നത് എന്നാണ് അഭിമുഖത്തിൽ പറയുന്നത്. സിനിമയുടെ ചിത്രീകരണം പെട്ടെന്ന് പൂർത്തിയാക്കി എന്ന പ്രഭാസിന്റെ പ്രസ്താവനക്ക് പ്രതികരണമായിട്ടാണ് അതൊരു വലിയ സെറ്റാണെന്നും മൂന്ന് നായികമാരും പാട്ടുകളും മുത്തശ്ശിയുമുള്ള 400 കോടി രൂപ ബജറ്റുള്ള ചിത്രം 40 ദിവസം കൊണ്ട് തീർക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു എന്ന് സംവിധായകൻ പറഞ്ഞത്.
തെലുങ്കിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, നിധി അഗർവാൾ, മാളവിക മോഹൻ, റിദ്ധി കുമാർ, സറീന വഹാബ് എന്നിവർ അഭിനയിക്കുന്നുണ്ട്. ഈയിടെ ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിന് ആന്ധ്രപ്രദേശ് സർക്കാർ അനുമതി നൽകിയിരുന്നു. സംസ്ഥാനത്തുടനീളം പെയ്ഡ് പ്രീമിയർ ഷോകൾക്കും സാധാരണ പ്രദർശനങ്ങൾക്കും വർധിച്ച നിരക്കുകൾ ഈടാക്കാനാണ് സർക്കാർ ഉത്തരവ്.
സർക്കാർ ഉത്തരവ് പ്രകാരം സിംഗ്ൾ സ്‌ക്രീൻ തിയറ്ററുകളിൽ ടിക്കറ്റിന് 150 രൂപ വർധിപ്പിച്ച് ഒരു സീറ്റിന് 297 രൂപ ഈടാക്കും. ഫാമിലി എന്‍റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാന്‍റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.
ഐതിഹ്യങ്ങളും മിത്തുകളും സമന്വയിപ്പിച്ച പാൻ-ഇന്ത്യൻ ഹൊറർ-ഫാന്റസി ത്രില്ലറാണ് രാജാസാബ്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ 'രാജാസാബ്' 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

