ധുരന്ധറോ ഛാവയോ കാന്താരയോ അല്ല; ഈ വർഷം ഏറ്റവും ലാഭം കൊയ്തത് ഈ ചെറിയ സിനിമ...
text_fieldsഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച വർഷമാണ് 2025. ഇൻഡസ്‌ട്രികളിൽ ഉടനീളം, നിരവധി സിനിമകൾ വിജയം നേടുകയും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആകുകയും ചെയ്തു. സൈയാരാ, ഏക് ദീവാനേ കി ദീവാനിയത്, തേരേ ഇഷ്ക് മേ എന്നീ മൂന്ന് വ്യത്യസ്ത ചിത്രങ്ങളിലൂടെ ഹിന്ദി സിനിമ തീവ്രമായ പ്രണയത്തെ സ്ക്രീനിൽ കാണിച്ചു. ധുരന്ധറും ഛാവയും ആക്ഷൻ എന്‍റർടെയ്‌നറുകളായി ബോക്സ് ഓഫിസിൽ മുന്നേറി. കാന്താര ചാപ്റ്റർ ഒന്ന് ദക്ഷിണേന്ത്യയിൽ നിന്നുള്ള പാൻ ഇന്ത്യൻ ഹിറ്റായിരുന്നു. വെറും 50 ലക്ഷം രൂപ ബജറ്റിൽ നിർമിച്ച ഒരു ചെറിയ ഗുജറാത്തി സിനിമ, വലിയ താരങ്ങളോ പാട്ടോ നൃത്തമോ ആക്ഷനോ ഒന്നും ഇല്ലെങ്കിലും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളേക്കാൾ വലിയ ഹിറ്റായി ഉയർന്നതും നാം 2025ൽ കണ്ടു.
ലാലോ കൃഷ്ണ സദാ സഹായതേ എന്ന ഗുജറാത്തി സിനിമ വലിയ താരങ്ങളൊന്നുമില്ലാതെ തന്നെ എക്കാലത്തെയും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഗുജറാത്തി ചിത്രമായി മാറി. 100 കോടി കടക്കുന്ന ആദ്യ ഗുജറാത്തി ചിത്രവും ഇതുതന്നെയാണ്. ബോക്‌സ് ഓഫിസിൽ 120 കോടിയാണ് ചിത്രം നേടിയത്. ഏകദേശം 24000% മൊത്ത ലാഭം നേടി ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ലാഭകരമായ ചിത്രമായി ഇത് മാറി. കാന്താര ചാപ്റ്റർ വൺ 125 കോടി ബജറ്റിലാണ് നിർമിച്ചത്. 850 കോടി കലക്ഷൻ നേടിയപ്പോൾ ചിത്രം 680% ലാഭമാണ് സ്വന്തമാക്കിയത്. ധുരന്ധർ 760% ലാഭം നേടി. സൈയാര 1350% ലാഭം നൽകി മുന്നിട്ടു നിൽക്കുന്നുണ്ട്.
കൃഷൻഷ് വാജ, വിക്കി പൂർണിമ, അങ്കിത് സഖിയ എന്നിവർ ചേർന്ന് തിരക്കഥയെഴുതി അങ്കിത് സഖിയ സംവിധാനം ചെയ്‌ത ചിത്രമാണ് ലാലോ കൃഷ്ണ സദാ സഹായതേ. ഒരു ഫാം ഹൗസിൽ കുടുങ്ങിയ റിക്ഷ ഡ്രൈവറുടെ കഥയാണ് ചിത്രത്തിൽ. റീവ റാച്ച്, ശ്രുഹദ് ഗോസ്വാമി, കരൺ ജോഷി, മിഷ്തി കഡെച്ച എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. മാനസി പരേഖ്, പാർഥിവ് ഗോഹിൽ, മാനിഫെസ്റ്റ് ഫിലിംസ് & ജയ് വ്യാസ് പ്രൊഡക്ഷൻസ്, അജയ് ബൽവന്ത് പദാരിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

