Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഭീഷ്മ പർവ്വം ക്രൈസ്തവ...

ഭീഷ്മ പർവ്വം ക്രൈസ്തവ വിരുദ്ധ ചിത്രമെന്ന് കെ.സി.ബി.സി; മുസ്‍ലിംകളെ സദ്ഗുണ സമ്പന്നരായി കാണിക്കുന്നു

text_fields
bookmark_border
ഭീഷ്മ പർവ്വം ക്രൈസ്തവ വിരുദ്ധ ചിത്രമെന്ന് കെ.സി.ബി.സി; മുസ്‍ലിംകളെ സദ്ഗുണ സമ്പന്നരായി കാണിക്കുന്നു
cancel

അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ചിത്രം 'ഭീഷ്മപർവ'ത്തിനെതിരെ കടുത്ത വർഗീയ പരാമർശങ്ങൾ അടങ്ങിയ വിമർശനവുമായി കെ.സി.ബി.സി പ്രസിദ്ധീകരണം. എല്ലാ തരത്തിലുമുള്ള തിന്മകളുടെയും പ്രതിരൂപങ്ങളായാണ് ചിത്രത്തിൽ ക്രിസ്ത്യൻ വിശ്വാസികളെ അവതരിപ്പിച്ചിരിക്കുന്നതെന്നും എല്ലാ സദ്ഗുണങ്ങളുമായി മുസ്‌ലിം കഥാപാത്രങ്ങളെ കാണിക്കുന്നുവെന്നും കെ.സി.ബി.സിയുടെ ജാഗ്രതാ ന്യൂസിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചിരിക്കുന്നു. ക്രൈസ്തവവിരുദ്ധത സിനിമയുടെ പ്രധാന അജണ്ടയാണെന്ന് കാണാനാകുന്നുവെന്നും ജാഗ്രതാ ന്യൂസ് മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ ആരോപിക്കുന്നു. ലേഖനത്തിന്റെ പൂർണരൂപം കെ.സി.ബി.സി ജാഗ്രതാ കമ്മീഷൻ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഥാപാത്രങ്ങൾക്കും കഥാസന്ദർഭങ്ങൾക്കും പുറമെ, ക്രൈസ്തവ വിരുദ്ധത നിറഞ്ഞുനിൽക്കുന്നതും അവഹേളനപരവുമായ സംഭാഷണങ്ങളും സിനിമയിൽ ഉടനീളമുണ്ട്. ചില ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്‌ലാമിക നീക്കങ്ങൾക്കെതിരായി ഉയർന്നിട്ടുള്ള ശബ്ദങ്ങൾക്ക് മറുപടി എന്നവണ്ണം ചില ഡയലോഗുകൾ ഇടക്കുണ്ട്.


കഥാഗതിയും, അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സന്ദർഭങ്ങളും കഥാപാത്രങ്ങളും, എഴുതപ്പെട്ടിട്ടുള്ള ഡയലോഗുകളും അതിന്റെ ശൈലിയും നിരീക്ഷിച്ചാൽ ക്രൈസ്തവവിരുദ്ധത സിനിമയുടെ ഒരു പ്രധാന അജണ്ട തന്നെയാണെന്ന് കാണാവുന്നതാണെന്ന് ലേഖനത്തിൽ ആരോപിക്കുന്നു. 'മലയാള സിനിമയിലെ ട്രോജൻ കുതിരകൾ' എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിമർശനത്തിനെതിരെ സിനിമ പ്രേമികളും രംഗത്തെത്തിയിട്ടുണ്ട്. ''മുസ്‍ലിംകളെ തീവ്രവാദികളായി ചിത്രീകരിച്ച് 'അൻവർ' എന്ന സിനിമയെടുത്ത സംവിധായകൻ എന്ന നിലയിലെങ്കിലും അമൽ നീരദിനെ ക്രിസ്ത്യൻ തീവ്രവാദികൾ വെറുതെ വിടണം'' എന്നാണ് ഒരു സിനിമ പ്രേമി സമൂഹമാധ്യമം വഴി പ്രതികരിച്ചത്.

കെ.സി.ബി.സിയുടെ ലേഖനത്തിലെ ഭീഷ്മ പർവ്വം സംബന്ധിച്ച പ്രധാന വിമർശനം ഇവിടെ വായിക്കാം:

വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനുള്ള എളുപ്പവഴി എന്ന നിലയിൽ ക്രൈസ്തവ ബിംബങ്ങളെ അവഹേളിക്കുന്ന ശൈലിയിൽനിന്ന് വ്യത്യസ്തമായി, കഥയുടെ ഭാഗമായിത്തന്നെ അത്തരം ആശയങ്ങളെ കൊണ്ടുവരികയും നിഷേധാത്മകമായ പരിവേഷം നൽകി ക്രൈസ്ത വിശ്വാസത്തിനും ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനത്തിനും വലിയ ക്ഷതം വരുത്തുകയും ചെയ്യുന്ന ചലച്ചിത്രങ്ങളും അപൂർവമല്ല. അതിന് കാരണമാകുന്ന വിധത്തിലുള്ള നീക്കങ്ങളെ ഒരിക്കലും നിഷ്‌കളങ്കമോ യാദൃശ്ചികമോ ആയി കാണാൻ കഴിയുകയുമില്ല. അത്തരം അവതരണങ്ങൾക്ക് മികച്ചൊരു ഉദാഹരണമാണ് സമീപകാലത്ത് റിലീസ് ചെയ്ത 'ഭീഷ്മപർവം' എന്ന സിനിമ. വളരെ വ്യാപ്തിയുള്ള ഒരു ക്രൈസ്തവ പ്രാതിനിധ്യം ആദ്യന്തം അവതരിപ്പിക്കപ്പെടുന്ന ഈ ചലച്ചിത്രത്തിൽ എല്ലാത്തരത്തിലുള്ള തിന്മകളുടെയും പ്രതിരൂപങ്ങളും അവർ തന്നെയാണ്. കേവലം ചില കഥാപാത്രങ്ങൾ മാത്രമല്ല, സന്ദർഭങ്ങളും ആശയങ്ങളും ചരിത്രാംശങ്ങളുമെല്ലാം വിരൽചൂണ്ടുന്നത് ക്രൈസ്തവ സമൂഹത്തിന്റെയും ബന്ധപ്പെട്ട ആനുകാലിക സംഭവവികാസങ്ങളുടെയും വിവിധ തലങ്ങളിലേക്കാണ്. ഈ ചലച്ചിത്രത്തിൽ ലത്തീൻ കത്തോലിക്കാ പശ്ചാത്തലമുള്ള അഞ്ഞൂറ്റി കുടുംബത്തിലെ കാരണവർ സ്ഥാനത്തുള്ള മൈക്കിൾ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്.



ചരിത്രാംശം അടങ്ങിയിരിക്കുന്ന ഒരു വംശം കഥയുടെ ഭാഗമായുണ്ട്. ഒരു പരമ്പരാഗത ക്രൈസ്തവ കുടുംബത്തിന്റെ തികഞ്ഞ പശ്ചാത്തലമുണ്ട്; കുടുംബത്തിൽ അംഗമായ വൈദികനുണ്ട്, ദേവാലയമുണ്ട്, ആരാധനാ മുഹൂർത്തങ്ങളുണ്ട്. ഷെവലിയാർ പദവിയുമായി ബന്ധപ്പെട്ട ചർച്ചകളും, ഘടനാപരമായി കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട പലതിനെക്കുറിച്ചുമുള്ള പരാമർശങ്ങളുണ്ട്. അവതരിപ്പിക്കപ്പെടുന്ന ക്രൈസ്തവരായ കഥാപാത്രങ്ങൾ ഭൂരിപക്ഷവും തെറ്റുകാരും ക്രിമിനലുകളും തികഞ്ഞ അധാർമ്മികരുമായിരിക്കുകയും. ഏറെക്കുറെ തികഞ്ഞ ഒരു ക്രൈസ്തവ പശ്ചാത്തലം എല്ലാവിധ കുറ്റകൃത്യങ്ങൾക്കും നൽകുകയും, അതോടൊപ്പം മറ്റൊരു സമുദായത്തെ തികഞ്ഞ നന്മയുടെ പ്രതീകമായി ആദ്യന്തം നിലനിർത്തുകയും ചെയ്തിരിക്കുന്നത് യാതൊരു ലക്ഷ്യവും കൂടാതെയാവാൻ തരമില്ല.

നീനു-കെവിൻ കേസും കൊട്ടിയൂർ പീഡന കേസും തുടങ്ങി ചിലവയെ സാന്ദർഭികമായി കഥയുടെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗം, അതിരുവിട്ട മദ്യപാനവും പുകവലിയും സ്വവർഗ്ഗ പ്രണയം, പരസ്ത്രീബന്ധം, കുടുംബാംഗങ്ങൾ തമ്മിലുള്ള പകയും മറ്റ് കുടുംബപ്രശ്‌നങ്ങളും തുടങ്ങിയവ ക്രൈസ്തവ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളാണെങ്കിൽ, ദൈവവിശ്വാസം മുതൽ മാതൃകാപരമായ ജീവിതരീതിയും സഹായസന്നദ്ധതയും പരസ്പരസ്‌നേഹവും മതേതരത്വ നിലപാടുകളും വരെയുള്ള എല്ലാവിധ സത്ഗുണങ്ങളുമാണ് മുസ്‌ലിം കഥാപാത്രങ്ങളുടെ സവിശേഷതകളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ക്രൈസ്തവ യുവതിയുടെയും മുസ്‌ലിം യുവാവിന്റെയും പ്രണയം കുടുംബത്തിൽ ചർച്ചാവിഷയമാവുമ്പോൾ പൂർണസമ്മതത്തോടെ അതിന് തയ്യാറാവുന്ന പെൺകുട്ടിയുടെ അമ്മയും, അമ്മയുടെ സഹോദരനും കുടുംബത്തിലെ കാരണവരുമായ നായകനും ഈ കാലഘട്ടത്തിലെ മറ്റൊരു വിവാദവിഷയത്തിനുള്ള പരോക്ഷ പ്രതികരണമായിരിക്കാം.

മധ്യകേരളത്തിലെ ഒരു പുരാതന ലത്തീൻ കത്തോലിക്കാ കുടുംബത്തെയാണ് ചലച്ചിത്രം അവതരിപ്പിക്കുന്നതെന്നുള്ളതിന് പല സൂചനകളുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ പ്രാദേശിക പശ്ചാത്തലങ്ങളാണ് പ്രധാനം. ലത്തീൻ കത്തോലിക്കർക്കിടയിൽ നിലനിന്നിരുന്ന എഴുനൂറ്റിക്കാർ, അഞ്ഞൂറ്റിക്കാർ, ഇരുനൂറ്റിക്കാർ എന്നിങ്ങനെയുള്ള വംശപ്പേരുകൾ ഓർമ്മിപ്പിക്കും വിധത്തിലുള്ള അഞ്ഞൂറ്റി കുടുംബത്തിന്റെ കഥയാണ് ഭീഷ്മപർവ്വം. വലിയ പാരമ്പര്യത്തിൽനിന്ന് വിവിധ വഴിത്തിരിവുകളിലൂടെ കടന്നുവന്ന് അന്തഃഛിദ്രം മൂലം പലരും മരിച്ചൊടുങ്ങി ഒടുവിൽ, മുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്തതും വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടതുമായ ഒരു കുടുംബാംഗത്തിന്റെ, മുസ്‌ലിമായി ജീവിക്കുന്ന മകൻ അഞ്ഞൂറ്റി കുടുംബത്തിലെ കാരണവരുടെ പിന്തുടർച്ചാവകാശവും കുടുംബത്തിന്റെ പ്രതാപവും ഏറ്റെടുക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.



കഥാപാത്രങ്ങൾക്കും കഥാസന്ദർഭങ്ങൾക്കും പുറമെ, ക്രൈസ്തവ വിരുദ്ധത നിറഞ്ഞുനിൽക്കുന്നതും അവഹേളനപരവുമായ സംഭാഷണങ്ങളും സിനിമയിൽ ഉടനീളമുണ്ട്. ചില ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്‌ലാമിക നീക്കങ്ങൾക്കെതിരായി ഉയർന്നിട്ടുള്ള ശബ്ദങ്ങൾക്ക് മറുപടി എന്നവണ്ണം ചില ഡയലോഗുകൾ ഇടയ്ക്കുണ്ട്. കഥാഗതിയും, അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സന്ദർഭങ്ങളും കഥാപാത്രങ്ങളും, എഴുതപ്പെട്ടിട്ടുള്ള ഡയലോഗുകളും അതിന്റെ ശൈലിയും നിരീക്ഷിച്ചാൽ ക്രൈസ്തവവിരുദ്ധത സിനിമയുടെ ഒരു പ്രധാന അജണ്ട തന്നെയാണെന്ന് കാണാവുന്നതാണ്. സമഗ്രമായ രീതിയിൽ വിലയിരുത്തിയാൽ, ഇസ്‌ലാമിക-ക്രൈസ്തവ വിവാദ വിഷയങ്ങളെ തുടർന്ന് ഈ സമൂഹത്തിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക ധ്രുവീകരണത്തിന്റെ ഉപോല്പന്നമാണ് ഈ സിനിമ എന്ന് കരുതുന്നതിൽ തെറ്റില്ല. സമീപകാലങ്ങളിൽ പലപ്പോഴായി ഉയർത്തിക്കാണിക്കപ്പെട്ടിട്ടുള്ള വിവിധ ആശങ്കകളുമായി ബന്ധപ്പെട്ട് വിപരീത ആശയം ഒളിച്ചുകടത്തുന്ന ട്രോജൻ കുതിരയാണ് ഈ ചലച്ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCBC newsbheeshma parvam movieanti-Christian film
News Summary - Bheeshma Parvam is an anti-Christian film; KCBC's Jagratha News
Next Story