Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഎമ്പുരാനും ഗലീലിയോയും...

എമ്പുരാനും ഗലീലിയോയും തമ്മില്‍

text_fields
bookmark_border
empuran
cancel

'Eppur si muove' (And yet it moves)

'എന്നിട്ടും അത് ചലിക്കുന്നു'. ഗലീലിയോയുടേതായി കണക്കാക്കപ്പെടുന്ന വാചകം.

വിചാരണയുടെ ഭാരത്താല്‍ തളര്‍ന്ന്, തന്റെ സൂക്ഷ്മദര്‍ശിനിയില്‍ തെളിഞ്ഞിട്ടും ഭൂമി സൂര്യനെ വലം വെക്കുന്നു എന്ന സത്യത്തെ നിര്‍വാഹമില്ലാതെ തള്ളി പറയാന്‍ മുട്ടുകുത്തി നിന്ന ഗലീലിയോ. തന്റെ ജീവിതത്തിലെ എറ്റവും കയ്‌പ്പേറിയ വാക്കുകള്‍ ഉരുവിടുമ്പോള്‍ നാവിലും മനസിലും ഒരുപോലെ അദ്ദേഹത്തിന് ഭാരം തോന്നിയിരുന്നിരിക്കാം.

എന്നാല്‍ അവിടെ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍, ക്ഷീണിച്ച കണ്ണുകളില്‍ ധിക്കാരത്തിന്റെ മിന്നല്‍ തെളിയിച്ച്, ഉള്ളില്‍ കെടാത്ത കനലൊളിപ്പിച്ച്, ഭൂമി കേന്ദ്രീകൃത സിദ്ധാന്തത്തെ ഉദ്‌ഘോഷിക്കുന്ന സഭയുടെ ഗര്‍ജ്ജനങ്ങള്‍ക്ക് ഇടയിലും ഗലീലിയോ മന്ത്രിച്ചു 'എന്നിട്ടും അത് ചലിക്കുന്നു'

അതൊരു അലര്‍ച്ചയായിരുന്നില്ല. വീമ്പുപറച്ചിലുമല്ല. മറിച്ച് ശാന്തമായ, ആന്തരികബലമുള്ള ഒരു ബോധ്യമായിരുന്നു. ഒരുപക്ഷേ ഒരു നെടുവീര്‍പ്പ്. കാല്‍ക്കീഴിലുള്ള മണ്ണിലേക്ക് തൊടുത്തുവിട്ട ചിന്തയുടെ സൂക്ഷ്മകണം. പക്ഷേ ചരിത്രത്തിന്റെ താളുകളില്‍, അത് അനശ്വരമായ ഒരു വാചകമായി എന്നത്തേക്കുമായി നിലകൊള്ളുന്നു. 'എന്നിട്ടും അത് ചലിക്കുന്നു.' സത്യത്തിന്റെ അതിജീവനശേഷിയുടെ മനോഹരമായ സാക്ഷ്യം.

ശബ്ദങ്ങള്‍ നിശ്ശബ്ദമാക്കപ്പെടുകയും ചരിത്ര സത്യങ്ങള്‍ പരസ്യമായി നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ പോലും, യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ആന്തരിക ബോധ്യം നിലനില്‍ക്കും എന്ന എക്കാലത്തെയും ഓര്‍മപ്പെടുത്തലായിരുന്നു ആ വാചകം. അടിച്ചേല്‍പ്പിച്ച വിശ്വാസത്തിന്റെ മതിലുകള്‍ക്കെതിരായ യാഥാര്‍ത്ഥ്യത്തിന്റെ നിശ്ശബ്ദ രോദനം.

ഗലീലിയോയില്‍നിന്നും എമ്പുരാനിലേക്കുള്ള ദൂരം

ഗലീലിയോയുടെ ചരിത്രത്തിന്റെ കറ പതിഞ്ഞ ആ വാചകം ഇന്നോര്‍ക്കാന്‍ കാരണമായത് ഒരു മലയാള സിനിമയാണ്-എമ്പുരാന്‍. സ്വയം സെന്‍സര്‍ ചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ ഇരുണ്ട കാലത്തിരുന്ന്, മൂടിവെക്കപ്പെട്ട ചോര കൊണ്ട് സത്യമെഴുതാന്‍ ശ്രമിച്ചൊരു മുഖ്യധാരാ കൊമേഴ്‌സ്യല്‍ സിനിമ. നിങ്ങള്‍ ഏത് പക്ഷത്താണെന്ന ചോദ്യത്തിന് 'ഗുജറാത്തിനൊപ്പം' എന്ന് അധികം ദൂരെയല്ലാത്ത ഒരു കാലത്ത് ഒരേ സ്വരത്തില്‍ ഉറക്കെപ്പറഞ്ഞ കേരളത്തില്‍ സ്വയം വെട്ടിമാറ്റാന്‍ ചലച്ചിത്രശരീരം വിട്ടുകൊടുക്കേണ്ടിവന്ന ദുര്‍വിധി, എമ്പുരാനെ ഗലീലിയോ അടക്കമുള്ള എല്ലാ സത്യാന്വേഷികളുടെയും പാതയിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നു.

എമ്പുരാന്റെ ശില്‍പികള്‍ക്കെതിരെയും ഉണ്ടായി ആ്രകമണങ്ങള്‍, വിദേഷ്വ പ്രചാരണങ്ങള്‍, അറപ്പുളവാക്കുന്ന തെറിവിളികള്‍. തീര്‍ന്നില്ല, നിലനില്‍പ്പു തന്നെ അപകടപ്പെടുത്തുന്ന വിധത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു തന്നെവന്നു ഭീഷണി. ആ ഭീഷണി ഉയര്‍ത്തിയ കത്തിമുന അവരെ മാപ്പ് പറയിപ്പിക്കാന്‍ നടന്നു.

തിരശ്ശീലയില്‍ പച്ചയായി അടയാളപ്പെടുത്തിയ ബോധ്യങ്ങളെ മുറിച്ചുമാറ്റാന്‍ വിധിക്കപ്പെട്ട്, കത്രിക വെച്ചു കീഴടങ്ങിയെങ്കിലും എമ്പുരാന്‍ ടീം നിശ്ശബ്ദം മന്ത്രിക്കുന്നത് അതേ കാര്യമാണ്, ഞങ്ങള്‍ പറഞ്ഞത് മൂടി വെക്കാനാകാത്ത സത്യമാണെന്ന്. സത്യം അത് ഇപ്പോഴും ചലിക്കുന്നുണ്ടെന്ന്.

സംഘപരിവാരങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങി എന്ന് നാം അവഹേളിക്കുമ്പോഴും അവര്‍ക്ക് ഗൂഢമായി ആനന്ദിക്കാന്‍ വകയുണ്ട്. കത്രിക വെച്ചാലും ഇല്ലാതാക്കാനാവാത്ത വിധം, ചാരം മൂടിപ്പോയ സത്യത്തെ പുതിയ കാലത്തിന്റെ തെരുവില്‍ നിര്‍ഭയം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു.

'ഈ സംഘികള്‍ ഇത്രയും പ്രശ്‌നമുണ്ടാക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ കരുതിയത്, ആ ചിത്രം പൂര്‍ണമായും ഗുജറാത്ത് വംശഹത്യയെക്കുറിച്ചാണെന്നാണ്. ഇതിപ്പോള്‍ അത്രയൊന്നും ഇല്ലല്ലോ. എന്നിട്ടും അവരെന്തിനാണ് ഇങ്ങനെ പേടിക്കുന്നത്?'

'എമ്പുരാന്‍' കണ്ടിറങ്ങുമ്പോള്‍ മകളുടെ ആദ്യ കമന്റ്.

ചോരയുടെ ഓര്‍മ്മക്കുറിപ്പ്

ഒരുപാട് കാലം വെറുപ്പിന്റെ വിത്തുവിതച്ച്, വിദ്വേഷ മന്ത്രങ്ങള്‍ ഉരുക്കഴിച്ച്, സത്യത്തിനും ചരിത്രത്തിനും മേല്‍ മണ്ണിട്ട് പാകപ്പെടുത്തിയ നിലം ഒരു നിമിഷം കൊണ്ട് വിണ്ടു നീങ്ങി അടിത്തട്ടിലെ നുണയുടെ അസ്ഥികൂടങ്ങള്‍ വെളിപ്പടുമ്പോള്‍ ഉണ്ടാകുന്ന പകപ്പ് ആണ് സത്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടതെന്ന് എനിക്ക് മകളോട് പറയേണ്ടിവന്നില്ല. സത്യത്തിന്റെ ചെറിയ ഓര്‍മ പോലും ഉന്മൂലന പ്രത്യയ ശാസ്ത്രത്തെ വിറളി പിടിപ്പിക്കും എന്നും ഞാന്‍ അവളോട് എടുത്ത് പറഞ്ഞില്ല.

എങ്കിലും താന്‍ ജനിക്കുന്നതിനു മുന്‍പേ നടന്ന സമാനതകളില്ലാത്ത വംശഹത്യയുടെ വേരുതേടിപ്പോവാന്‍ അവളെപ്പോലുള്ള ഒരു പാട് കുട്ടികള്‍ക്കുള്ള കാരണമായിട്ടുണ്ട് സംഘപരിവാറിന്റെ വെറുപ്പേറുകള്‍. കേരള ബജ്‌റംഗിമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരാക്രമങ്ങള്‍ അവര്‍ കണ്ടുകൊണ്ടിരിക്കുകയുമാണല്ലോ. ഉറപ്പാണ്, വെട്ടിമാറ്റിയാലും, ആ ചിത്രം കണ്ടവരെല്ലാം മരണം വരെ ഗുജറാത്ത് വംശഹത്യയെ ഓര്‍മയിലേറ്റും. കത്തിക്കരിഞ്ഞ മൃതദ്ദേഹങ്ങള്‍ വെച്ചു നാടകമാടി, സ്വന്തം നാടിനെ രക്തപ്പുഴയാക്കി, അധികാര പടവുകള്‍ കേറാന്‍ അതികുടില ബുദ്ധി കാണിച്ച മുഖങ്ങള്‍ അവരുടെ ഓര്‍മ്മയില്‍ നിറയും. ഓര്‍ക്കും. സിംഹാസനസ്ഥനായ ഹിറ്റ്‌ലറുടെ പൊയ്മുഖത്തിന് പിന്നിലൊളിഞ്ഞിരിക്കുന്ന രക്തദാഹിയെ പിന്നെയും പിന്നെയും അവര്‍ തിരിച്ചറിയും.

ഓര്‍മയ്ക്കുള്ള വിലക്കാണ് എമ്പുരാന്‍ വിരോധികള്‍ ലക്ഷ്യം വെച്ചത്. സിനിമ എന്ന കലാരൂപം അതിന്റെ സഹജഭാവത്താല്‍ ആ ലക്ഷ്യം തകര്‍ത്തെറിഞ്ഞു. എത്ര കത്തി വെച്ചാലും ഇല്ലാതാക്കാനാവില്ല, ചോരയില്‍നിന്നും ഉയിര്‍ത്തുവന്ന സത്യങ്ങളെ.

മാറിമറിഞ്ഞ ജനിതബാധ്യതകള്‍

ഒരു അതിമാനുഷ നായകന്റെ വീരസ്യ പ്രകടന ചിത്രമായി മാറിപ്പോവേണ്ട ജനിതക ബാധ്യതകളെയാണ് എമ്പുരാനിലെ ഗുജറാത്ത് അധ്യായം മാറ്റിയെഴുതിയത്. ഒരു കമ്പോള സിനിമയെ അതൊരു ചരിത്ര സാക്ഷ്യമാക്കി മാറ്റി. ചരിത്രത്തിനു മേല്‍ ഫാഷിസ്റ്റുകള്‍ നടത്തുന്ന യുദ്ധ പ്രഖ്യാപനങ്ങള്‍ തുറന്നു കാണിച്ചു. സത്യങ്ങളെ കുഴിച്ചുമൂടാന്‍ ആഗ്രഹിക്കാത്തവരും മനുഷ്യരുടെ ഓര്‍മ്മകളെ മാനിപ്പുലേറ്റ് ചെയ്യാന്‍ നടക്കുന്നവരും തമ്മില്‍നടന്ന ഓര്‍മ്മയുടെ പോരാട്ടമായി ആ ചലച്ചി്രതശരീരം മാറി. വിസ്മൃതിക്കെതിരായ സ്മൃതിയുടെ പോര്‍മുഖം.

അധികാരത്തിന്റെ വിരല്‍ത്തുമ്പില്‍ വിരിയുന്ന ചരിത്രം അപ്പാടെ വിഴുങ്ങില്ല എന്ന ധീരപ്രഖ്യാപനം ആണ് ആ സിനിമ നടത്തുന്നത്. ചരിത്രത്തെ മറവിയിലാക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ, സത്യത്തെ നിശബ്ദമാക്കാന്‍ പ്രയത്‌നിച്ചപ്പോഴൊക്കെ ചരിത്രം ബോധപൂര്‍വം തന്നെ തിരിച്ചടിച്ചിട്ടുണ്ടെന്ന് നാസി ജര്‍മനി തൊട്ടുള്ള പല ഉദാഹരണങ്ങളും നമ്മുടെ മുന്നിലുണ്ട്. സെന്‍സര്‍ ചെയ്യപ്പെട്ട പുസ്തകങ്ങളും സിനിമകളും അത് കൊണ്ട് മാത്രം കൂടുതല്‍ പേരിലേക്കെത്തി എന്ന യാഥാര്‍ത്ഥ്യം പോലെ എമ്പുരാനും അതിന്റെ രാഷ്ട്രീയ ദൗത്യം നിറവേറ്റി. ചരിത്രം ഉരുണ്ടുനീങ്ങുന്ന ഒരു കല്ല് പോലെയാണ് - അതിനെ തടയാന്‍ ശ്രമിച്ചവരായിരിക്കും ഒടുവില്‍ അതിന്റെ അടിയില്‍ ചതഞ്ഞുമരിക്കുക.

ജോര്‍ജ് ഓര്‍വെല്ലിന്റെ 1984-ലെ മെമ്മറി ഹോള്‍ പോലെ, നിക്ഷിപ്ത താല്പര്യങ്ങളെ തൃപ്തിപ്പെടുത്താത്ത ചരിത്ര രേഖകളും സത്യങ്ങളും കുഴിച്ചു മൂടാന്‍ പല വഴികളും താണ്ടി അവര്‍. എന്നിട്ടും അവസാന പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. നിരോധനങ്ങള്‍ അവസാനം നിരോധിക്കുന്നവര്‍ക്കു തന്നെ ശാപമാകാറുണ്ട് എന്ന ചരിത്രസത്യം ഇത് അടിവരയിടുന്നു

അതാണ് എമ്പുരാന്‍ ഓര്‍മ്മിപ്പിക്കുന്നത്.

അതാണ് ഗലീലിയോ പറഞ്ഞു പോയത്.

അതാണ് ഓര്‍മ്മയുടെ അഗ്‌നിസാക്ഷി.

''എന്നിട്ടും അത് ചലിക്കുന്നു.''

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:L2 Empuraan
News Summary - Between Empuran and Galileo
Next Story