തിരുവനന്തപുരം: മികച്ച നടനുള്ള പുരസ്കാരത്തിനായി ശക്തമായ വാദപ്രതിവാദങ്ങളാണ് അന്തിമഘട്ടത്തിൽ ഉണ്ടായത്. ബിജു മേനോൻ, ജോജു ജോർജ്, ഇന്ദ്രൻസ്, ഫഹദ് ഫാസിൽ തുടങ്ങിയവരായിരുന്നു അവസാന റൗണ്ടിൽ.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'ജോജി'യിൽ ഫഹദ് പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് ജൂറി ഐകകണ്ഠ്യേന വിലയിരുത്തി. വിജയ് ബാബു നിർമിച്ച 'ഹോം'ൽ ഇന്ദ്രൻസിന്‍റെ അഭിനയം പലപ്പോഴും അതിശയോക്തി കലർന്നതാണെന്നും അഭിപ്രായമുയർന്നു.
ഇതോടെ മത്സരം ബിജുമേനോനും ജോജുവും തമ്മിലായി. 'ആർക്കറിയാം' സിനിമയിലെ അഭിനയത്തിന് ബിജുമേനോന് പുരസ്കാരം നൽകുന്നതിൽ എട്ടംഗ ജൂറിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ലെങ്കിലും പകരം ജോജുവിനെ ഒഴിവാക്കുന്നതിൽ ജൂറി ചെയർമാൻ സയിദ് അഖ്തർ മിർസ അടക്കം എതിർപ്പുമായി രംഗത്തെത്തി. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ സിനിമകളായിരുന്നു ജോജുവിന്‍റെതായി ഉണ്ടായിരുന്നത്.
തർക്കങ്ങൾക്കൊടുവിൽ മികച്ച നടനുള്ള പുരസ്കാരം പങ്കുവെക്കാൻ ജൂറി തീരുമാനിക്കുകയായിരുന്നു. പല വിഭാഗങ്ങളിലും ജേതാക്കളെ തെരഞ്ഞെടുക്കുന്നതിൽ കടുത്ത വാദപ്രതിവാദങ്ങളാണ് അന്തിമ ജൂറിയിൽ ഉണ്ടായത്. വിട്ടുവീഴ്ചക്ക് അംഗങ്ങൾ തയാറാകാതെ വന്നതോടെ പല ഘട്ടങ്ങളിലും ജേതാക്കളെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് വേണ്ടിവന്നു.