സിനിമയിലെ മാറ്റം പ്രേക്ഷകന് അവകാശപ്പെട്ടത് -മമ്മൂട്ടി
text_fieldsദുബൈയിൽ നടന്ന വാർത്തസമ്മേളനത്തിൽ മമ്മൂട്ടി സംസാരിക്കുന്നു
ദുബൈ: സിനിമയിൽ എല്ലാകാലത്തും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും മാറ്റങ്ങൾക്ക് അവകാശി പ്രേക്ഷകരാണെന്നും മമ്മൂട്ടി. റൊഷാക് സിനിമയുടെ വിജയാഘോഷത്തിന് ദുബൈയിലെത്തിയ മമ്മൂട്ടി വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. സിനിമയിൽ എത്ര മാറ്റം വരുത്തിയാലും അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതും പ്രേക്ഷകനാണ്. സിനിമ മാത്രമല്ല മാറുന്നത്, പ്രേക്ഷകരും മാറുന്നു. ശീലങ്ങളും ആസ്വാദന ശീലങ്ങളും മാറുന്നു. ഈ ചിത്രത്തിൽ അസാമാന്യ പ്രകടനമാണ് താരങ്ങൾ കാഴ്ചവെച്ചത്.
മുഖം കാണിക്കാതെ അഭിനയിച്ച ആസിഫലിക്കാണ് മറ്റുള്ളവരേക്കാൾ കൈയടി കൊടുക്കേണ്ടത്. നടനെ സംബന്ധിച്ചിടത്തോളം മുഖമാണ് ഏറ്റവും വലിയ ഘടകം. അത് മറച്ചുവെച്ച് അഭിനയിച്ച ആസിഫലിയോട് മനസ്സുനിറഞ്ഞ സ്നേഹമാണ്. ആസിഫലിയുടെ കണ്ണുകൾ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കിയാൽ മനസ്സിലാകും. ആ കണ്ണുകളിലൂടെയാണ് പ്രേക്ഷകർ ആസിഫലിയെ തിരിച്ചറിഞ്ഞത്. ഷറഫുദ്ദീൻ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള നടനാണ്.
കോട്ടയം നസീറിനെയോ ജഗദീഷിനെയോ ബിന്ദു പണിക്കറെയോ ഇങ്ങനൊരു സീനിൽ മുമ്പ് സങ്കൽപിച്ചിട്ടുണ്ടോ. എത്ര ഗംഭീരമായാണ് അവരെല്ലാം അഭിനയിച്ചിരിക്കുന്നത്. ഒരുതവണ കണ്ടവർക്ക് ചില കാര്യങ്ങൾ മനസ്സിലായില്ല എന്ന് പറഞ്ഞുകേട്ടു. ഒരിക്കൽകൂടി കാണണം എന്നാണ് അവരോട് അഭ്യർഥിക്കാനുള്ളത്. സിനിമ മനുഷ്യമനസ്സുകളെ സ്വാധീനിക്കാറുണ്ട്. ഈ സിനിമയിൽ തിന്മയുള്ളവർ മാത്രമല്ല, അവർക്കുള്ളിൽ നന്മയുമുണ്ട്. എല്ലാ മനുഷ്യരിലും നന്മയും തിന്മയുമുണ്ട്. നരബലി സംഭവത്തിൽ പ്രതിയായത് സർവസമ്മതനായ, എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാളാണ്. അയാൾ ഇങ്ങനൊരു ക്രൈം ചെയ്യുമെന്ന് ആരും കരുതിയിട്ടില്ല.
സിനിമ ഉണ്ടാകുന്നതിനുമുമ്പേ മനുഷ്യനും ക്രൈമുമുണ്ട്. ഈ സിനിമയിലും നന്മയും തിന്മയുമുണ്ട്. എല്ലാ കഥാപാത്രങ്ങളിലും എവിടെയൊക്കെയോ നന്മയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. മലയാള സിനിമയുടെ മാറ്റമാണ് ഇത്തരം ചിത്രങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് നടി ഗ്രേസ് ആൻറണി പറഞ്ഞു. വാർത്തസമ്മേളനത്തിൽ നടൻ ഷറഫുദ്ദീൻ, മേക്കപ്മാൻ ജോർജ്, ട്രൂപ് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൽ സമദ് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.