ആരാധകരെ തൃപ്തിപ്പെടുത്തിയോ? ആദ്യദിനം 'ബസൂക്ക' നേടിയത്
text_fieldsമമ്മൂട്ടിയുടെ ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ചിത്രം ‘ബസൂക്ക’ക്ക് മികച്ച തുടക്കം. സാക്നിൽക് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ആദ്യ ദിവസം തന്നെ ചിത്രം ഇന്ത്യയിലുടനീളം 3.25 കോടി കളക്ഷൻ നേടി. 2025 ഏപ്രിൽ 10 വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.
മമ്മൂട്ടി വീണ്ടും ഒരു നവാഗത സംവിധായകനൊപ്പം എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നവാഗതനായ ഡീനോ ഡെന്നിസാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചത്. യു.എ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ട ചിത്രം തിയറ്റർ ഓഫ് ഡ്രീംസ് ഇൻ അസോസിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ആദ്യം റിലീസ് ചെയ്‌ത ടീസറിനും പിന്നീടെത്തിയ ട്രെയിലറിനും ഏതാനും ദിവസങ്ങൾക്കു മുൻപെത്തിയ ചിത്രത്തിലെ ആദ്യ ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
മമ്മൂട്ടിക്കൊപ്പം പ്രശസ്‌ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും നിർണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന പൊലീസ് ഓഫിസർ കഥാപാത്രമായാണ് ഗൗതം മേനോൻ എത്തുന്നത്. സിദ്ധാർഥ് ഭരതൻ, ബാബു ആന്‍റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്‌ഫടികം ജോർജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മിഥുൻ മുകുന്ദ് ആണ് സംഗീതം. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് നൗഫൽ അബ്ദുള്ള. നിർമാണ നിർവഹണം സഞ്ജു.ജെ. കൊച്ചി, പാലക്കാട് കോയമ്പത്തൂർ, ബാഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പി.ആർ.ഒ വാഴൂർ ജോസ്. ഫോട്ടോ ബിജിത്ത് ധർമടം.

