പാകിസ്താനിൽ ധുരന്ധർ പകർപ്പിന് 16 രൂപ; ഔദ്യോഗിക നിരോധനത്തിനിടയിലും വ്യാജ പതിപ്പുകൾ വിൽപനക്ക്
text_fieldsരൺവീർ സിങ്ങിന്റെ ധുരന്ധർ ഇന്ത്യൻ സിനിമയിലെ നിരവധി റെക്കോർഡുകൾ മറികടന്ന ചിത്രമാണ്. 2025 ഡിസംബറിൽ തിയറ്ററിൽ എത്തിയ ചിത്രം ലോകമെമ്പാടും 1300 കോടിയിലധികം രൂപ കലക്ഷൻ നേടി ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഹിന്ദി ചിത്രങ്ങളിൽ ഒന്നായി മാറി.
ചിത്രത്തിന്റെ കഥപറച്ചിൽ, പ്രമേയം, ആക്ഷൻ എന്നിവ ഇന്ത്യയിലും വിദേശത്തുമുള്ള പ്രേക്ഷകരെ ആകർഷിച്ചു. തിയറ്റർ റിലീസ് ചെയ്യാത്ത പ്രദേശങ്ങളിൽ പോലും ചിത്രം ചർച്ചയായി. ഇപ്പോഴിതാ, ന്യൂസിലാൻഡ് യൂട്യൂബർ കാൾ റോക്കിന്റെ ഒരു വൈറൽ വിഡിയോ ചിത്രം വീണ്ടും ചർച്ചാവിഷയമാകാൻ കാരണായിരിക്കുകയാണ്. വ്യാജ ഉള്ളടക്കത്തിന് പേരുകേട്ട കറാച്ചിയിലെ റെയിൻബോ സെന്റർ സന്ദർശിക്കുമ്പോൾ, ധുരന്ധറിന്റെ പകർപ്പുകൾ പരസ്യമായി വിൽക്കുന്നത് അദ്ദേഹം കണ്ടു.
കടയുടമ വെറും 50 പാകിസ്താൻ രൂപ, അതായത് ഏകദേശം 16 രൂപക്കാണ് ചിത്രത്തിന്‍റെ പകർപ്പ് വിറ്റത്. കാൾ റോക്ക് പുറത്തുവിട്ട വിഡിയോ ഓൺലൈനിൽ വലിയ ചർച്ചക്ക് വഴിയൊരുക്കി. ഔദ്യോഗിക നിരോധനവും വ്യാജ പതിപ്പുകളുടെ എളുപ്പത്തിലുള്ള ലഭ്യതയും തമ്മിലുള്ള വൈരുദ്ധ്യത്തെ ചോദ്യം ചെയ്ത് പലരും രംഗത്തുവന്നു.
പാകിസ്താനിൽ ധുരന്ധറിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം നിർമാതാക്കൾക്ക് വരുമാന നഷ്ടം ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ പാകിസ്താനിൽ ഏറ്റവും കൂടുതൽ പൈറസി ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രമായി ധുരന്ധർ മാറി. ഷാരൂഖ് ഖാൻ ചിത്രം 'റയീസി'ന്റെ റെക്കോർഡ് തകർത്തുകൊണ്ട് ഏകദേശം 30 ലക്ഷത്തോളം നിയമവിരുദ്ധ ഡൗൺലോഡുകളാണ് പാകിസ്താനിൽ നടന്നത്.
ടെലിഗ്രാം, ടോറന്റ്, വി.പി.എൻ എന്നിവ വഴി സിനിമ കണ്ട പ്രേക്ഷകർ ഇതിലെ പ്രകടനങ്ങളെ പ്രശംസിക്കുകയും ക്ലിപ്പുകളും മീമുകളും ഓൺലൈനിൽ പങ്കുവെക്കുകയും ചെയ്തു. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തിൽ തന്നെ സിനിമയുടെ എച്ച്.ഡി പതിപ്പ് ചോർന്നിരുന്നെങ്കിലും അത് ഇന്ത്യയിലെ ബോക്സ് ഓഫിസ് കലക്ഷനെ ബാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

